
ഒഴുക്ക് തടസ്സപ്പെട്ടു; കിഴതടിയൂർ സഹകരണ ബാങ്കിനു സമീപം മലിനജലം ഒഴുകുന്നത് കെട്ടിടങ്ങളുടെ മുൻപിലൂടെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലാ ∙ കിഴതടിയൂർ സഹകരണ ബാങ്കിനു സമീപമുള്ള ഓടയിലെ ഒഴുക്ക് തടസ്സപ്പെട്ടതോടെ മലിനജലം സമീപത്തെ കെട്ടിടങ്ങളുടെ മുൻപിലൂടെ ഒഴുകുന്നു. ജല അതോറിറ്റിയുടെ ജലസംഭരണി കഴുകിയശേഷം ഒഴുക്കിക്കളയുന്ന മലിനജലമാണ് പുത്തൻപള്ളിക്കുന്ന് ഭാഗത്തുനിന്ന് ഓടയിലൂടെ ഒഴുകിയെത്തുന്നത്. ടൗണിലെ ഓടയിലേക്ക് ചേരുന്ന ഭാഗത്ത് ഒഴുക്ക് തടസ്സപ്പെട്ടതോടെ വെള്ളം നിരന്നൊഴുകുന്നതിനാൽ വിവിധ സ്ഥാപനങ്ങളിലുള്ളവർ ദുരിതത്തിലാണ്. ടൗണിലെ മാലിന്യങ്ങളടക്കം കെട്ടിടങ്ങളുടെ സമീപത്തേക്ക് ഒഴുകി എത്തുകയാണ്.
വിവിധ സ്ഥാപനങ്ങളിൽ ജോലിക്കെത്തുന്നവർക്ക് അകത്തേക്ക് കയറാനും പുറത്തിറങ്ങാനും കഴിയാത്ത സ്ഥിതിയാണ്. ജല അതോറിറ്റി വെള്ളം ഒഴുക്കിവിടുമ്പോഴൊക്കെ ഓടയിൽനിന്ന് വെള്ളം തിരിച്ചൊഴുകി കെട്ടിടങ്ങളുടെ മുറ്റത്തേക്ക് എത്തും. ചില ദിവസങ്ങളിൽ പല തവണയാണ് മലിനജലം എത്തുന്നത്. വിവിധ സ്ഥാപനങ്ങളിൽ എത്തിയശേഷം തിരികെ പോകുമ്പോൾ മുട്ടോളം മലിനജലം ഉയർന്നിരിക്കും. നഗരസഭയുടെ നേതൃത്വത്തിൽ അടുത്തയിടെ ഓടയുടെ മൂടി തുറന്ന് വൃത്തിയാക്കിയെങ്കിലും മലിന ജലത്തിന്റെ തിരിച്ചൊഴുക്കിനു കുറവില്ല.