
ലോറിയുണ്ടോ സാറേ, കുറച്ച് തോക്ക് കയറ്റാൻ? കരസേന സൗജന്യമായി അനുവദിച്ചത് 5000 തോക്കുകൾ; പക്ഷേ..
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
കോട്ടയം ∙ കേരള പൊലീസിന് കരസേന സൗജന്യമായി 5000 എസ്എൽആർ (സെൽഫ് ലോഡിങ് റൈഫിൾസ്) തോക്കുകൾ അനുവദിച്ചെങ്കിലും അതു നാട്ടിലെത്തിക്കാൻ കഴിയാതെ പൊലീസ്. പട്ടാളം ഉപയോഗിച്ച ഈ തോക്കുകൾ ജബൽപൂരിലെ കേന്ദ്ര ഓർഡിനൻസ് ഡിപ്പോയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരാൻ പോയ സംഘത്തിന് വേണ്ടത്ര വാഹനമില്ലാത്തതാണ് പ്രശ്നം. 12ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 19ന് ജബൽപൂരിലെത്തിയ 42 അംഗസംഘം അവിടെ തങ്ങുകയാണ്. കൂടുതൽ വാഹനം ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തേക്കും ആംഡ് പൊലീസ് ബറ്റാലിയൻ കേന്ദ്രത്തിലേക്കും സന്ദേശം അയച്ചെങ്കിലും നടപടിയില്ല. രണ്ടിടത്തെയും ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കമാണ് പ്രശ്നം.
ആർമർ വിഭാഗം ഇൻസ്പെക്ടർ, 3 സബ് ഇൻസ്പെക്ടർമാർ, 4 ഹെഡ് കോൺസ്റ്റബിൾമാർ, 7 പൊലീസുകാർ എന്നിവരെക്കൂടാതെ ഇവർക്ക് സംരക്ഷണമൊരുക്കാനുള്ള പൊലീസുമാണ് സംഘത്തിലുള്ളത്. 3 ലോറിയും ഒരു കണ്ടെയ്നറുമാണ് ഒപ്പമുള്ളത്. മൂന്നരയടി നീളവും രണ്ടടി വീതിയും രണ്ടടി ഉയരവുമുള്ള തടിപ്പെട്ടിയിൽ 20 തോക്കു വീതമാണ് പാക്ക് ചെയ്യുന്നത്.
വാഹനം തികയില്ലെന്നു കണ്ട് തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്ക് സന്ദേശം അയച്ചു. പുണെയിൽ വെടിയുണ്ട എടുക്കാൻ പോയ സംഘം കൂടി ജബൽപൂരിലെത്തി തോക്കുമായി മടങ്ങാനാണ് ആദ്യം ലഭിച്ച നിർദേശം. ഇവർ ചെന്നിട്ടും 25 പെട്ടികളെങ്കിലും അധികം വരും. വീണ്ടും പൊലീസ് ആസ്ഥാനത്തേക്ക് ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. ഡിജിപിയുടെ ഇടപെടൽ കാത്തിരിക്കുകയാണു സംഘം.