വൈക്കം ∙ വൈക്കത്തഷ്ടമി ഉത്സവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളിസന്ധ്യവേല ഇന്നു സമാപിക്കും. ഇന്നു രാവിലെ 8ന് എതൃത്ത ശ്രീബലിക്കായി വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് പുറത്തേക്ക് എഴുന്നള്ളിക്കും.
വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിനു 3 പ്രദക്ഷിണം പൂർത്തിയാക്കി എഴുന്നള്ളിപ്പ് സമാപിക്കും.
വൈകിട്ട് 8നു വിളക്കെഴുന്നള്ളിപ്പ്. രാവിലെയും വൈകിട്ടും ആനപ്പുറത്ത് ശ്രീബലി, മണ്ഡപത്തിൽ വാരമിരിക്കൽ, പ്രാതൽ, വിളക്ക് എന്നിവയാണ് സന്ധ്യവേലയുടെ പ്രധാന ചടങ്ങുകൾ.
ദേവസ്വം ഭാരവാഹികളും ഭക്തരും ഉത്സവത്തിനു മുന്നോടിയായി വൈക്കത്തപ്പനെ വന്ദിച്ച് ആഘോഷപൂർവം നടത്തുന്ന ചടങ്ങാണ് പുള്ളിസന്ധ്യവേല.
മുഖസന്ധ്യവേലയുടെ കോപ്പു തൂക്കൽ നാളെ രാവിലെ 7.15നും 9.15നും മധ്യേ ക്ഷേത്ര കലവറയിൽ നടക്കും. മുഖസന്ധ്യവേല 4ന് ആരംഭിച്ച് 7നു സമാപിക്കും.
സമൂഹസന്ധ്യവേല 26ന് ആരംഭിക്കും. 26നു വൈക്കം സമൂഹത്തിന്റെ സന്ധ്യവേലയും ഒറ്റപ്പണം സമർപ്പണവും, 28നു തെലുങ്ക് സമൂഹത്തിന്റെ സന്ധ്യവേല, 29നു തമിഴ് വിശ്വബ്രഹ്മ സമാജത്തിന്റെ സന്ധ്യവേല, 30നു വടയാർ സമൂഹത്തിന്റെ സന്ധ്യവേലയും ഒറ്റപ്പണം സമർപ്പണവും.
വൈക്കത്തഷ്ടമിയുടെ കോപ്പുതൂക്കൽ, കുലവാഴ പുറപ്പാട്, കൊടിയേറ്ററിയിപ്പ് എന്നിവ 30നു രാവിലെ 10നും 11.30നും മധ്യേ ക്ഷേത്ര കലവറയിൽ നടക്കും.
അന്നു രാവിലെ 8നു ക്ഷേത്രത്തിലെ പന്തീരടി പൂജയ്ക്കു ശേഷം അവകാശികളായ കിഴക്കേടത്ത് മൂസത് ചമയങ്ങളില്ലാത്ത ആനപ്പുറത്ത് എഴുന്നള്ളി പെരുമ്പള്ളിയാഴത്ത് മനയെ പ്രതിനിധീകരിച്ച് അയ്യർകുളങ്ങര ദേവീ ക്ഷേത്രത്തിലും തെക്കേനട ഇണ്ടംതുരുത്തി മനയിലും ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലും എത്തി കൊടിയേറ്റ് അറിയിക്കും.
ഓർമയിൽ പെരുമ്പടപ്പ് സന്ധ്യവേല
പെരുമ്പടപ്പ് സ്വരൂപത്തിന്റെ അധിപരായ കൊച്ചി രാജാക്കന്മാർ വൈക്കം ക്ഷേത്രത്തിൽ നടത്തിയിരുന്ന സന്ധ്യവേലയാണു പെരുമ്പടപ്പ് സന്ധ്യവേല.
കൊച്ചി രാജാക്കന്മാർ ഭക്ഷണത്തിനു മുൻപായി ദിവസവും ഒരു നിറപറ അരി അളന്ന് വൈക്കത്തപ്പനു മാറ്റിവയ്ക്കുക പതിവായിരുന്നു. ഇതു വർഷത്തിലൊരിക്കൽ അഷ്ടമി ഉത്സവത്തിനു മുൻപായി വൈക്കത്തു കൊണ്ടുവന്ന് പ്രാതൽ നടത്തിയിരുന്നു.
സന്ധ്യവേല നാളിൽ പ്രാതലിനു വേണ്ട
വിഭവങ്ങൾ പെരുമ്പടപ്പ് സ്വരൂപത്തിൽ നിന്നാണ് കൊണ്ടുവന്നിരുന്നത്. തിരുവിതാംകൂർ രാജാവുമായി ഉണ്ടായ അഭിപ്രായഭിന്നതയെ തുടർന്ന് പെരുമ്പടപ്പ് സന്ധ്യവേല നടക്കുന്ന നാളിൽ പ്രാതലിന് ആവശ്യമായ വെള്ളം എടുക്കാൻ ഊട്ടുപുരയ്ക്കു സമീപമായി പെരുമ്പടപ്പ് സ്വരൂപം വക ഒരു പ്രത്യേക കിണറും കൊച്ചി രാജാക്കൻമാർ പണികഴിപ്പിച്ചിട്ടുണ്ട്.
നിലച്ചുപോയ ഈ സന്ധ്യവേലയുടെ സ്മരണ നിലനിർത്താൻ. ക്ഷേത്രത്തിന്റെ ഈശാനകോണിൽ ഊട്ടുപുരയ്ക്കു സമീപം ആ കിണർ ഇന്നും കാണാം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

