സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 3 (ശനി) ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, ട്യൂഷൻ സെൻററുകൾ, സ്പെഷൽ ക്ലാസുകൾ എന്നിവയ്ക്കും ഈ അവധി ബാധകമായിരിക്കും.
എന്നാൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ വ്യക്തമാക്കി. ജില്ലാ കലക്ടർ ചേതൻ കുമാർ മീണയാണ് അവധി സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
കനത്ത മഴയും വെള്ളപ്പൊക്കവും നാശനഷ്ടങ്ങൾ വിതച്ച ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വെള്ളം ഇറങ്ങിയ മേഖലകളിൽ ജനജീവിതം പഴയനിലയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനായി വിവിധ വകുപ്പുകളുടെ ഏകോപനം ശക്തമാക്കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടർ ചേതൻകുമാർ മീണ അറിയിച്ചു.
കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം നിലവിലെ സ്ഥിതിഗതികൾ വിശദമായി വിലയിരുത്തി. വിവിധ വകുപ്പ് മേധാവികൾ പ്രവർത്തനങ്ങളുടെ പുരോഗതി യോഗത്തിൽ റിപ്പോർട്ട് ചെയ്തു.
ജില്ലയിലെ മുഴുവൻ ദുരിതാശ്വാസ ക്യാംപുകളിലും ആവശ്യമായ ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യ സാമഗ്രികളും ഉറപ്പാക്കിയിട്ടുണ്ടെന്ന് തഹസിൽദാർമാർ അറിയിച്ചു. ഈരാറ്റുപേട്ട, പാലാ, കാഞ്ഞിരപ്പള്ളി എന്നീ മേഖലകളിലാണ് മഴയും ദുരന്തവും കൂടുതൽ ബാധിച്ചിട്ടുള്ളത്.
ഈരാറ്റുപേട്ട-വാഗമൺ പാതയിൽ മണ്ണിടിച്ചിലുണ്ടായി റോഡിലേക്ക് വീണ മണ്ണും പാറയും താൽക്കാലികമായി വശത്തേക്ക് മാറ്റിയിട്ടുണ്ട്. എങ്കിലും അവ പൂർണ്ണമായി നീക്കം ചെയ്യുന്നതിന് സമയബന്ധിതമായ നടപടികൾ സ്വീകരിക്കാൻ കലക്ടർ നിർദ്ദേശം നൽകി.
തകർന്ന റോഡുകൾ, പാലങ്ങൾ, സംരക്ഷണഭിത്തകൾ, കലുങ്കുകൾ എന്നിവയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങളും വേഗത്തിലാക്കും. ജലനിരപ്പ് വീണ്ടും ഉയരാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

