
കടുത്തുരുത്തി ∙ എറണാകുളം – കോട്ടയം റൂട്ടിൽ യാത്രാ ദുരിതം തുടരുന്നു. എറണാകുളത്ത് നിന്ന് രാവിലെ 7:20 ന് മുൻപ് പുറപ്പെട്ടിരുന്ന കോട്ടയം പാസഞ്ചറിന്റെ സമയമാറ്റമാണ് രാവിലത്തെ യാത്രാക്ലേശത്തിന് പ്രധാന കാരണം. നിലവിൽ രാവിലെ 6:05 ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന കൊല്ലം പാസഞ്ചർ കഴിഞ്ഞാൽ പിന്നീട് സമയമാറ്റം വരുത്തി 7:40 ലേക്ക് ആക്കിയ ട്രെയിൻ നമ്പർ 56005 കോട്ടയം പാസഞ്ചർ ആണ് ആശ്രയം.
ഇതാകട്ടെ 9:30നേ കോട്ടയം എത്തിച്ചേരൂ. കോട്ടയത്തെ പ്രൈവറ്റ് സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്തേണ്ട
ആയിരങ്ങൾ ആണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്.
അതിനാൽ എറണാകുളം കോട്ടയം പാസഞ്ചർ പഴയ സമയമായ 7:20 ന് തന്നെ പുറപ്പെട്ട് 9 മണിക്ക് കോട്ടയത്ത് എത്തിച്ചേരണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു. നിലവിൽ 7:40 ന് പുറപ്പെട്ടു 9:30 നു കോട്ടയത്തെത്തുന്ന പാസഞ്ചർ ട്രെയിനും 8 മണിക്ക് എറണാകുളം എത്തി 9:35 മണിക്ക് കോട്ടയത്തെത്തുന്ന 16328 നമ്പർ ഗുരുവായൂർ മധുര ട്രെയിനും തമ്മിൽ 5 മിനിറ്റ് വ്യത്യാസം മാത്രമേ ഉള്ളൂ. അതിനാൽതന്നെ കോട്ടയം പാസഞ്ചർ പഴയ സമയത്തിലേക്കു മാറ്റിയാലും യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാവാതെ തന്നെ യാത്രാക്ലേശം പരിഹരിക്കുവാൻ സാധിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു.
മടക്കയാത്രയും കഠിനം
വൈകുന്നേരം 5:20 ന് കോട്ടയത്ത് നിന്നുള്ള 56006 നമ്പർ എറണാകുളം പാസഞ്ചർ പോയാൽ പിന്നീട് 9:45 ന് 16327 നമ്പർ ഗുരുവായൂർ എക്സ്പ്രസ് വരണം ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം റോഡ്, മുളന്തുരുത്തി ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്ക് വീടെത്താൻ.
കോവിഡിന് മുൻപ് 6:15 ന് കോട്ടയം എത്തിയിരുന്ന കായംകുളം എറണാകുളം പാസഞ്ചർ (പഴയ നമ്പർ 56388) എക്സ്പ്രസ് (16309/10)ആക്കി സമയമാറ്റം വരുത്തിയതാണ് കാരണം.ചോറ്റാനിക്കര, കാഞ്ഞിരമറ്റം, കടുത്തുരുത്തി, കുമാരനല്ലൂർ സ്റ്റേഷനുകളിൽ നിന്നുള്ള യാത്രക്കാർക്കാകട്ടെ രാവിലെ നിർത്തുന്ന പാസഞ്ചർ മടക്കയാത്രയിൽ വൈകിട്ട് 5:20 ന് പുറപ്പെടുമ്പോൾ നിർത്തില്ല. അതിനാൽ തന്നെ 06:15 ന്റെ പാസഞ്ചർ പുനഃസ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം.
വെറുതേ ചില ട്രെയിനുകൾ
നിലവിൽ ഉച്ചയ്ക്ക് 1:03 ന് കോട്ടയം വഴി എറണാകുളം പോകുന്ന 66308 നമ്പർ കൊല്ലം എറണാകുളം മെമു, ഉച്ചയ്ക്ക് 2:50 ന് എറണാകുളം സൗത്തിൽ എത്തി രാത്രി 8:10 ന് 66309 നമ്പർ എറണാകുളം കൊല്ലം മെമുവായി തിരിച്ചു പോകുന്നതിനിടയ്ക്ക് 5 മണിക്കൂറിലേറെ സമയം പീക്ക് ടൈമിൽ സൗത്ത് സ്റ്റേഷനിൽ വെറുതേ കിടക്കുകയാണ്.
ഈ റേക്ക് ഉപയോഗിച്ച് 04 മണിക്ക് എറണാകുളത്ത് നിന്നും പുറപ്പെട്ട് 5:30 ന് കോട്ടയത്ത് എത്തി 06:15 ന് തിരിച്ച് എറണാകുളത്തിന് പുറപ്പെട്ട് 7:35 ന് എറണാകുളത്തെത്തുന്ന വിധത്തിൽ സർവീസ് നടത്തിയാൽ കോട്ടയം എറണാകുളം റൂട്ടിലെ യാത്രാ ക്ലേശം പരിഹരിക്കുവാൻ സാധിക്കും.
നിലവിൽ ഉച്ചയ്ക്ക് പരശുറാം എക്സ്പ്രസ് കഴിഞ്ഞാൽ എറണാകുളത്തു നിന്നും കോട്ടയം ഭാഗത്തേക്ക് 5 മണി വരെ ട്രെയിനുകൾ ഇല്ല എന്ന പ്രശ്നത്തിനും പരിഹാരമാകും. 5:40 നു കോട്ടയം കൊല്ലം മെമു നിലവിൽ ഉള്ളതിനാൽ എറണാകുളത്ത് നിന്ന് കൊല്ലം വരെയുള്ള യാത്രക്കാർക്ക് ഇതൊരു കണക്ഷൻ ട്രെയിനായി മാറും.
ഇങ്ങനെ ഒരു സർവീസ് ആരംഭിച്ചാൽ വൈകിട്ട് കേരള, വേണാട് സർവീസുകളിലുള്ള തിരക്കു കുറയ്ക്കാനും സാധിക്കും. എംപിമാർ അടക്കമുള്ള ജനപ്രതിനിധികളുടെ ഇടപെടലുകളാണ് യാത്രക്കാർ പ്രതീക്ഷിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]