
പറാൽ–കുമരങ്കരി റോഡ് ; 8 കോടി ചെലവഴിച്ച് നിർമാണം ഉടൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചങ്ങനാശേരി ∙ പറാൽ – കുമരങ്കരി റോഡ് വാഗ്ദാനങ്ങൾ കൊണ്ട് കോടീശ്വരൻ. പക്ഷേ റോഡ് ഇപ്പോഴും ‘ഓട്ട’ക്കാലണയെന്ന് നാട്ടുകാർ. പാടശേഖരങ്ങൾക്ക് നടുവിലൂടെയുള്ള പടിഞ്ഞാറൻ മേഖലയിലെ പ്രധാന റോഡായ പറാൽ – കുമരങ്കരി റോഡ് കുഴികളുടെ കാര്യത്തിൽ കോടീശ്വരനാണ്. തകർന്ന് തരിപ്പണമായ റോഡ് 8 കോടി രൂപ ചെലവഴിച്ച് പുനർനിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം. ചങ്ങനാശേരിയിൽ മുഖ്യമന്ത്രി പങ്കെടുത്ത നവകേരള സദസ്സിലും റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. റോഡിന്റെ അവസ്ഥയ്ക്ക് മാറ്റമില്ലാതെ വന്നതോടെ ജനകീയ സമരങ്ങളുമായി പറാലുകാർ രംഗത്തെത്തി. ജനകീയ മാർച്ചുകളും പ്രതിഷേധങ്ങളും നടന്നു.
റോഡ് നിർമാണം എന്ന് ? എംഎൽഎ പറയുന്നു
ആധുനിക നിലവാരത്തിൽ 8 കോടി രൂപ ചെലവഴിച്ചുള്ള പറാൽ – കുമരങ്കരി റോഡ് നിർമാണം ഉടനെ ആരംഭിക്കുമെന്ന് ജോബ് മൈക്കിൾ എംഎൽഎ പറയുന്നു. പിഡബ്ല്യുഡി ഡിസൈൻ വിഭാഗം ഇതിനായി രൂപരേഖ തയാറാക്കി. ഇതിനു മുന്നോടിയായി ആദ്യഘട്ടമെന്ന നിലയിൽ 20 ലക്ഷം രൂപ ചെലവഴിച്ച് റോഡിൽ താൽക്കാലിക അറ്റകുറ്റപ്പണി നടത്തുമെന്നും എംഎൽഎ പറഞ്ഞു. അടുത്ത ആഴ്ചകളിലായി അറ്റകുറ്റപ്പണികൾ ആരംഭിക്കും. കൊയ്ത്ത് സമയമായതിനാലാണ് അറ്റകുറ്റപ്പണി നീക്കിവച്ചതെന്നും എംഎൽഎ പറഞ്ഞു.
സംരക്ഷണഭിത്തി, കൊയ്ത്ത് യന്ത്രം ഇറങ്ങാൻ സൗകര്യം
8 കോടി രൂപ ചെലവഴിച്ചുള്ള നിർമാണത്തിൽ റോഡിന്റെ ഇരുവശത്തും സംരക്ഷണഭിത്തിയും വേലിയും ഉൾപ്പെടുത്തിയാണ് റോഡിന്റെ രൂപരേഖ തയാറാക്കിയിരിക്കുന്നതെന്നു എംഎൽഎ പറഞ്ഞു. പാടശേഖരങ്ങളിലേക്ക് റോഡിൽ നിന്നും കൊയ്ത്ത് യന്ത്രം ഇറങ്ങാനുള്ള സൗകര്യവും ഒരുക്കും. കർഷകരുടെ നിർദേശങ്ങളും സ്വീകരിക്കും. നെല്ല് സംഭരണത്തിനെത്തുന്ന ലോറികൾ പ്രത്യേകം പാർക്ക് ചെയ്യുന്നതിനുള്ള ക്രമീകരണവും റോഡ് നിർമാണത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാൻ റോഡ് ഉയർത്തിയാണ് നിർമിക്കുന്നത്.
മാതൃകയാക്കണം മലരിക്കൽ
ആമ്പൽ വസന്തം കൊണ്ട് ശ്രദ്ധയാകർഷിച്ച മലരിക്കൽ മോഡൽ ടൂറിസം പറാൽ – കുമരങ്കരി ഭാഗങ്ങളിൽ വിജയകരമായി നടപ്പിലാക്കാം. മലരിക്കലിനു സമാനമായി പാടശേഖരങ്ങൾക്ക് നടുവിലൂടെയാണ് പറാൽ – കുമരങ്കരി റോഡ്. കഴിഞ്ഞ വർഷം വ്യാപകമായി ഇവിടെ ആമ്പൽ വിരിയുകയും ചെയ്തു. എന്നാൽ തകർന്ന റോഡും അടിസ്ഥാന സൗകര്യമില്ലാത്തതും കാരണം പലരും പറാലിലേക്ക് ശ്രദ്ധ കൊടുത്തില്ല. ഇപ്പോൾ നബാർഡിന്റെ സഹായത്തോടെ മലരിക്കലിൽ റോഡ് ഉയർത്തി വീതി കൂട്ടി നിർമിച്ചു.
പറാൽ – കുമരങ്കരി റോഡ് നിർമാണം വേഗത്തിൽ പൂർത്തിയാക്കിയാൽ മികച്ച ആമ്പൽ ടൂറിസം സ്പോട്ടായി മാറും. ആമ്പൽ കാഴ്ചകൾ കാണാൻ ജനം എത്തും. പ്രാദേശിക ജനങ്ങൾക്ക് ആമ്പൽ ടൂറിസത്തിലൂടെ മികച്ച വരുമാനവും നേടാം. നാടിന്റെ മുഖഛായ തന്നെ മാറും. എംഎൽഎ, ജില്ലാ ഭരണകൂടം, തദ്ദേശസ്ഥാപനം എന്നിവരുടെ ഭാഗത്ത് നിന്നും പദ്ധതിക്കായി ക്രിയാത്മക നടപടിയും ഉണ്ടാകണം.