ആയൂർ ∙ ലക്ഷങ്ങൾ മുടക്കി ആയൂർ ടൗണിലും പരിസര പ്രദേശങ്ങളിലുമായി നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചെങ്കിലും ഇതിലേക്കു സ്ഥിരമായി വൈദ്യുതി കണക്ഷൻ എത്തിക്കാൻ നടപടി ഇല്ലാത്തതിനാൽ മുഴുവൻ ക്യാമറകളും മിഴി അടച്ച നിലയിൽ. ക്യാമറകൾ സ്ഥാപിച്ച സമയത്തു താൽക്കാലികമായി സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നായിരുന്നു വൈദ്യുതി എടുത്തിരുന്നത്.
എന്നാൽ, വൈദ്യുതി ചാർജ് വർധിച്ചതോടെ വ്യാപാരികൾ കണക്ഷൻ വിച്ഛേദിച്ചു. വൈദ്യുതി ചാർജ് നൽകുന്നതിനോ ക്യാമറകളിലേക്കു വൈദ്യുതി എത്തിക്കാൻ പ്രത്യേക കണക്ഷൻ എടുക്കുന്നതിനോ ഇടമുളയ്ക്കൽ പഞ്ചായത്തും തയാറായില്ല.
ഇതോടെ ഇപ്പോൾ ടൗണിലും പരിസര പ്രദേശങ്ങളിലുമായി സ്ഥാപിച്ച 18 ക്യാമറകളും മിഴി അടച്ചു. ടൗണിൽ കുറ്റകൃത്യങ്ങൾ നടന്നാൽ പൊലീസിന് ഇപ്പോൾ വ്യാപാര സ്ഥാപനങ്ങളിലെ ക്യാമറകൾ പരിശോധിക്കേണ്ട
സ്ഥിതിയാണ്. മുൻപു 18 ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ തൽസമയം ചടയമംഗലം പൊലീസിൽ ലഭിക്കുന്ന തരത്തിൽ ആയിരുന്നു സംവിധാനം ഒരുക്കിയിരുന്നത്.
ടൗണിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോഴും അപകടങ്ങൾ സംഭവിക്കുമ്പോഴും ദൃശ്യങ്ങൾ കണ്ടു പൊലീസിനു വേഗത്തിൽ സംഭവസ്ഥലത്ത് എത്താനും കഴിഞ്ഞിരുന്നു.
എംസി റോഡിൽ നിന്നു കൊല്ലം റോഡിലേക്കു പ്രവേശിക്കുന്ന ശ്രീഭദ്ര ജംക്ഷൻ 3, കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ 4, ആയൂർ ടൗൺ 5, അഞ്ചൽ റോഡ് 1, തിരുവനന്തപുരം ഭാഗത്തേക്കുള്ള സ്വകാര്യ ബസ് സ്റ്റാൻഡ് 2, ആയൂർ പാലം 2 എന്നിവിടങ്ങളിലാണു ക്യാമറകൾ സ്ഥാപിച്ചിരുന്നത്. കിഴക്കൻ മേഖലയെ എംസി റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാന ടൗൺ ആയതിനാൽ ആയൂർ വഴിയാണ് പല കുറ്റവാളികളും രക്ഷപ്പെടുക.
ക്യാമറകൾ പ്രവർത്തനരഹിതം ആയതിനാൽ ഇത്തരക്കാരെ കണ്ടെത്താൻ പൊലീസിനു കഴിയാത്ത സ്ഥിതിയാണ്.
ദീർഘകാലം പ്രവർത്തിക്കാതിരുന്നാൽ ക്യാമറകൾക്കു മറ്റു സാങ്കേതിക തകരാറുകൾ സംഭവിക്കും. അങ്ങനെ ആയാൽ വൈദ്യുതി എത്തിച്ചാൽ കൂടി ഇവയിൽ പകുതിയും പ്രവർത്തിക്കില്ല.
ക്യാമറകൾ പ്രവർത്തനക്ഷമം ആക്കാൻ ഇടമുളയ്ക്കൽ പഞ്ചായത്തിലെ പുതിയ ഭരണസമിതിയുടെ ഭാഗത്തു നിന്നു നടപടി ഉണ്ടാകണമെന്നാണു പ്രദേശവാസികളുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

