പുനലൂർ ∙ പട്ടണത്തിൽ ഓണവിപണി സജീവമായതോടെ ഗതാഗതക്കുരുക്കും വർധിച്ചു. ഇന്നലെ പകൽ സമയം ഏറെ നേരം മഴ പെയ്തിട്ടു കൂടി പട്ടണത്തിലേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായില്ല.
ടിബി ജംക്ഷനിലും കെഎസ്ആർടിസി മൈതാനിയിലും ഏറെനേരം ഗതാഗത സ്തംഭനം ഉണ്ടായി. നിലവിലെ ഹോം ഗാർഡും പൊലീസ് സംവിധാനവും പരമാവധി പ്രയോജനപ്പെടുത്തി ഗതാഗതം നിയന്ത്രിച്ചെങ്കിലും ഗതാഗതം നിയന്ത്രിക്കാൻ കൂടുതൽ പൊലീസ് ഇല്ലാത്തത് പ്രശ്നമാണ്.
ഇവിടെ ട്രാഫിക് പൊലീസ് യൂണിറ്റ് അനുവദിക്കേണ്ട
സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നാണ് പൊലീസ് തന്നെ പറയുന്നത്. വരും ദിവസങ്ങളിൽ വഴിവാണിഭവും മറ്റും വർധിച്ചതോടെ കൂടുതൽ ഗതാഗത പ്രശ്നം ഉണ്ടാകാൻ ആണു സാധ്യത.പൊലീസും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പ്രത്യേക യോഗം ചേർന്ന് ഓണക്കാലത്ത് ഗതാഗതം സുഗമമാക്കുന്നതിനും പൂരാട
– ഉത്രാടപ്പാച്ചിൽ വേളകളിൽ കാൽനടയാത്രക്കാർക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.
സ്തംഭിച്ച് അതിർത്തിയും
ചെങ്കോട്ട ∙ ഒാണക്കാലമായതോടെ അതിർത്തി കടന്നു കേരളത്തിലേക്കു പോകാൻ ചരക്കുലോറികളുടെയും യാത്രാ വാഹനങ്ങളുടെയും തിരക്കോടു തിരക്ക്.
ഇന്നലെ പുലർച്ചെ 5 മുതൽ 9 വരെ ചെങ്കോട്ട ബസ് സ്റ്റാൻഡ് മുതൽ പുളിയറ എസ് വളവു വരെ നീണ്ട
ഗതാഗതക്കുരുക്ക് ഇതിനും അപ്പുറം കടന്നു കേരള അതിർത്തിയിലേക്കും നീണ്ടു. വലുതും ചെറുതുമായ ചരക്കുവാഹനങ്ങൾ, കെഎസ്ആർടിസി, തമിഴ്നാട് ആർടിസി അടക്കമുള്ള പൊതുഗതാഗത വാഹനങ്ങളും കുരുക്കിൽപ്പെട്ടു പെരുവഴിയിലായി.
നാട്ടിലേക്കു വരുന്ന മലയാളികളുടെ ഒട്ടേറെ വാഹനങ്ങളും കുരുക്കിൽപ്പെട്ടു വഴിയിലായി.
ഗതാഗതക്കുരുക്കഴിക്കാൻ ആവശ്യത്തിനു പൊലീസുകാർ ഇല്ലാതെ വന്നതോടെ ഗതാഗതം തീർത്തും അവതാളത്തിലായി. പുളിയറ എസ് വളവിൽ ശബരിമല സീസണിൽ പൊലീസ് കാവലിന് സഹായ കേന്ദ്രം സ്ഥാപിച്ചെങ്കിലും സീസൺ കഴിഞ്ഞതോടെ സേവനം രാത്രിയിൽ മാത്രമാക്കി ചുരുക്കിയിരുന്നു.
ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായ പുളിയറ എസ് വളവിൽ 24 മണിക്കൂറും പൊലീസ് സഹായം വേണമെന്നരിക്കെ ആണു പകലിലെ സേവനം നിർത്തലാക്കിയത്. രാത്രിയിൽ പൊലീസുകാർ ഡ്യൂട്ടിക്ക് ഉണ്ടെന്നു പറയുന്നു എങ്കിലും പലപ്പോഴും പൊലീസുകാരെ കാണാനേയില്ല എന്നാണു പരാതി.
പുളിയറ എസ് വളവിൽ വലിയ ചരക്കുലോറികൾ വളവു തിരിയാൻ പ്രയാസപ്പെടുമ്പോൾ ഗതാഗതം കുരുക്കിൽ ആകുക പതിവാണ്.
പുളിയറ എസ് വളവ് മുതൽ കേരള അതിർത്തിയായ കോട്ടവാസൽ വരെ തിരുമംഗലം ദേശീയപാത തകർന്നു കുഴി ആയതോടെ ഗതാഗത പ്രതിസന്ധി ഇരട്ടിയായി. ദേശീയപാതയിലെ വീതി കുറവായ പാതഭാഗങ്ങളിൽ ചരക്കുലോറികൾ തകരാറിലാകുന്നതോടെ ഗതാഗത സ്തംഭനവും അതിർത്തിയിലെ ഗതാഗതത്തെ പ്രതികൂലം ആക്കുന്നു. ഒാണക്കാലത്തെ തിരക്കു മുതലെടുത്ത് തമിഴ്നാട്ടിലൂടെ കേരളത്തിലേക്കുള്ള അനധികൃത കടത്തുകളും പെരുകാൻ സാധ്യത വർധിച്ചതായാണു വിവരം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]