
കൊല്ലം ∙ ട്രോളിങ് നിരോധനം ഇന്നു അർധരാത്രി അവസാനിക്കാനിരിക്കെ ശക്തികുളങ്ങര ഹാർബറിലേക്കുള്ള, തകർന്നു കിടക്കുന്ന റോഡിന്റെ അറ്റകുറ്റപ്പണികൾക്ക് ഇന്നലെ തുടക്കം! ട്രോളിങ് ആരംഭിച്ചിട്ട് 2 മാസത്തോളമാകുമ്പോൾ ഇതുവരെ അധികൃതർ എവിടെയായിരുന്നു എന്ന ചോദ്യം ബാക്കി.
ട്രോളിങ് നിരോധനം അവസാനിക്കുന്നതിനു തൊട്ടുമുൻപ് ‘നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനായി’ നടത്തുന്ന ഇത്തരം നടപടികളിൽ പ്രതിഷേധം ശക്തമാണ്. ശക്തികുളങ്ങര ഹാർബറിലേക്കുള്ള എല്ലാ വാഹനങ്ങളും കടന്നുപോകുന്ന ഈ റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി.
ട്രോളിങ് നിരോധനം അവസാനിക്കുന്നതിനു മുൻപ് അറ്റക്കുറ്റപ്പണി തീർക്കുമെന്ന് ഹാർബർ എൻജിനീയറിങ് വകുപ്പ് ഉദ്യോഗസ്ഥർ അടക്കം പങ്കെടുത്ത യോഗത്തിലെ വാഗ്ദാനം വീണ്ടും പാഴ്വാക്കായി മാറുകയാണെന്നാണ് ആരോപണം.
ഇന്നലെയാണ് ഹാർബറിലേക്കുള്ള റോഡിൽ മെറ്റലും മറ്റും ഇറക്കിയത്. ഇപ്പോൾ തന്നെ പൊടിയിൽ മുങ്ങിയിരിക്കുന്ന ഈ പൊട്ടിപ്പൊളിഞ്ഞ റോഡിൽ ഇന്നു മുതൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട
വലിയ വാഹനങ്ങൾ വന്നുതുടങ്ങും. റോഡിൽ മെറ്റൽ ഇറക്കി നിരപ്പാക്കുക മാത്രമാണ് ചെയ്തത്.
ഒരു മഴയിൽ ഇവയെല്ലാം വീണ്ടും ചെളിയായി കൂടുതൽ മോശമായ സാഹചര്യമായി മാറുമെന്നാണു പരാതി ഉയർന്നിരിക്കുന്നത്. ടാറിങ് അടക്കമുള്ള പ്രവൃത്തികൾ നടത്താനുള്ള മുന്നൊരുക്കങ്ങളും മറ്റും ഇതുവരെ സ്വീകരിച്ചിട്ടുമില്ല. 2 പ്രധാന സ്കൂളുകളും ആരാധനാലയവും മറ്റുമടങ്ങുന്ന എപ്പോഴും തിരക്കുള്ള റോഡാണിത്.
കാര്യക്ഷമമായ നടപടികളാണ് വേണ്ടതെന്നും റോഡ് എത്രയും പെട്ടെന്നു ഗതാഗത യോഗ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]