കൊല്ലം∙ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ ജില്ലയിൽ 2722 പോളിങ് ബൂത്തുകള്‍. ഇവയിലേക്ക് 10888 ഉദ്യോഗസ്ഥരെ നിയോഗിക്കാനുള്ള നടപടികൾ തുടങ്ങി.
ഇ–ഡ്രോപ് എന്ന സോഫ്റ്റ്വെയറാണ് ഓരോ ഉദ്യോഗസ്ഥന്റെയും പോളിങ് ബൂത്തുകൾ തിരഞ്ഞെടുക്കുന്നത്. ഇ–ഡ്രോപ് സംവിധാനം ഉപയോഗിക്കാനുള്ള പരിശീലനം കഴിഞ്ഞ ദിവസം പൂർത്തിയായി.
പോളിങ് നിരീക്ഷിക്കാനുള്ള സെക്ടറൽ ഓഫിസർമാരുടെ നിയമനം ഏകദേശം പൂർത്തിയായെന്ന് അധികൃതർ പറഞ്ഞു. ജില്ലയിലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർ എൻ.
ദേവിദാസിന്റെ മേൽനോട്ടത്തിലാണ് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നത്.
ജില്ലയിൽ 155 സെക്ടറൽ ഓഫിസർമാരാകും ഉണ്ടാകുക. പരമാവധി പത്ത് ബൂത്തുകളുടെ ചുമതലയാണ് ഒരാൾക്ക്.
68 പഞ്ചായത്തുകളിലായി 134 സെക്ടറൽ ഓഫിസർമാരും 4 മുനിസിപ്പാലിറ്റികളിൽ 8 സെക്ടറൽ ഓഫിസർമാരും കോർപറേഷനിൽ 13 സെക്ടറൽ ഓഫിസര്മാരെയുമാണു നിയോഗിക്കുന്നത്. ഇവർക്ക് ആവശ്യമായ പരിശീലനം അടുത്ത ദിവസങ്ങളിൽ നടക്കും.
ജില്ലയിലെ 68 പഞ്ചായത്തുകളിലായി 2348 ബൂത്തുകളാണുള്ളത്.
4 മുനിസിപ്പാലിറ്റികളിൽ 135 ബൂത്തുകളും കോർപറേഷനിൽ 239 ബൂത്തുകളുമാണ് ക്രമീകരിക്കുന്നത്. ഓരോ ബൂത്തിലൂം പ്രിസൈഡിങ് ഓഫിസർ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരെ നിയോഗിക്കും.
മറ്റ് മൂന്നു പേർ പോളിങ് ഓഫിസർമാരാണ്. ബൂത്തുകളിൽ നിയോഗിക്കുന്ന ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പ് ദിവസം ബുദ്ധിമുട്ട് നേരിട്ടാൽ പകരക്കാരായി നിയമിക്കാൻ 20 ശതമാനം ഉദ്യോഗസ്ഥരുടെ വിവരങ്ങൾ കൂടി ഇ–ഡ്രോപ് സംവിധാനത്തിൽ ചേർക്കുമെന്ന് അധികൃതർ പറഞ്ഞു.
ഭാഷാ ന്യൂനപക്ഷ വാർഡുകള്‍
തിരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്തയാഴ്ച ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു തിരഞ്ഞെടുപ്പു മുന്നൊരുക്കങ്ങളുമായി അധികൃതർ മുന്നോട്ടു പോകുന്നത്.
വിജ്ഞാപനം എത്തുന്ന മുറയ്ക്ക് ബൂത്ത് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥർക്കായി പരിശീലനം ആരംഭിക്കും. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന വാർഡുകളിലെ ബൂത്തുകളിൽ മലയാളവും തമിഴും അറിയുന്ന ഉദ്യോഗസ്ഥരെയാകും നിയമിക്കുന്നത്.
ഇത്തരം വാർഡുകളെ ഭാഷാ ന്യൂനപക്ഷ വാർഡുകൾ എന്നാണു വിളിക്കുന്നത്. നിലവിൽ ആര്യങ്കാവ്, കുളത്തൂപ്പുഴ എന്നീ പഞ്ചായത്തുകളിലാണ് ഭാഷാ ന്യൂനപക്ഷ വാർഡുകളുള്ളത്.
പ്രശ്നബാധിത ബൂത്തുകൾ
ജില്ലയിലെ പ്രശ്നബാധിത ബൂത്തുകൾ കണ്ടെത്താനുള്ള നടപടികൾ 2 ദിവസത്തിനുള്ളിൽ പൂർത്തിയാകും.
മുൻപ് സംഘർഷം നടന്നിട്ടുള്ള ബൂത്തുകളെയാണ് ആദ്യഘട്ടത്തിൽ പട്ടികയിൽ ചേർക്കുന്നത്. സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ബൂത്തുകൾ ഈ പട്ടികയിൽ ഉൾപ്പെടുത്തും.
2020ൽ 465 ബൂത്തുകളിൽ പ്രത്യേക സുരക്ഷ ഒരുക്കിയിരുന്നു. കൊല്ലം സിറ്റിയിൽ 249 ബൂത്തുകളും റൂറലിൽ 216 ബൂത്തുകളുമായിരുന്നു പട്ടികയിൽ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

