കൊല്ലം ∙ ചുരുളിയിലെ പാട്ടിന് വല്ലാത്തൊരു ‘വൈബ്’ ആണ്. ഉയിരിൽ നിന്നുയരുന്ന ‘താതിനന്താരോ തകതക തെയ്യത്തിനന്താരോ..’യിൽ അവരുടെ തൊഴിലിന്റെ താളവും മുറുക്കവും മുഴങ്ങും.
ഓണക്കാലത്ത് അതിന് പൊന്നിന്റെ തിളക്കവും.കരുനാഗപ്പള്ളി തഴവ ചുരുളിയിലെ 18 കുടുംബങ്ങൾ കൂട്ടുകുടുംബം പോലെയാണ് കഴിയുന്നത്. ഒറ്റ മനസ്സും ഒരു താളവും.
ഒരുമിച്ചിരുന്നു പാട്ടുപാടിയാണ് അവർ പണിയെടുക്കുന്നത്. വെറും പാട്ടും പണിയുമല്ലത്.
തലമുറകളായി പകർന്നു കിട്ടിയതാണു രണ്ടും.
ഓണക്കാലമായതിനാൽ ഇന്നലെ അവരുടെ പാട്ടിനൊപ്പം ഓച്ചിറയിലെ ഗോപാലകൃഷ്ണന്റെ താളവും ചേർന്നു. കുരവയിട്ടും ആർപ്പു വിളിച്ചും അവർ ആമോദത്തിലായി. ഈറയും ചൂരലും ചീകിയെടുത്ത അടമ്പും നാരും കോർത്തെടുത്തു കുട്ട, വട്ടി നെയ്ത്തും ചൂരൽ കസേര നിർമാണവുമാണു പരമ്പരാഗത തൊഴിൽ.
ഒരു പറയുടെ അളവ് ഉൾക്കൊള്ളുന്ന പറക്കുട്ട, അതിന്റെ പകുതി അളവു ഉൾക്കൊള്ളുന്ന അരക്കുട്ട, വള്ളിക്കുട്ട, പൂക്കുട്ട, വട്ടി, മുറം, ഒറ്റാൽ തുടങ്ങിയവയൊക്കെ നിർമിക്കുകയാണ് സ്ത്രീകളുടെ തൊഴിൽ.
കുടുംബാംഗവും തഴവ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ ബി.ബിജുവിന്റെ വീടാണ് ‘തൊഴിൽശാല’. 70 വയസ്സ് പിന്നിട്ട
തങ്കമ്മയും ശാരദയും കമലമ്മയും ലക്ഷ്മിയും മുതൽ യുവതികൾ വരെ അവിടെ ഒരുമിക്കും. അടുക്കള ജോലി കഴിഞ്ഞ ശേഷമാണ് എല്ലാവരും എത്തുന്നത്.
ഓമന കൃഷ്ണനും കെ.ആർ.സവിതയുമൊക്കെ നല്ല പാട്ടുകാരാണ്.ജോലി തുടങ്ങുന്നതോടെ പണിശാല പാട്ടുശാലയായി മാറും. അവർ പാടിത്തുടങ്ങും.
‘തെയ്യത്തിനന്താരേ തിനന്തോം താനതിനന്താരേ…മഞ്ഞളുടുത്തവളേ വെളുത്തൊരു ചോറുവിളമ്പവളേ ദിവസം മുഴുവൻ പാടിയാലും തീരാത്തത്ര പാട്ടുകൾ.
എല്ലാവരും പാട്ടുകാരാണ്. വരികൾ മനഃപ്പാഠം.
തൊഴിൽ പൈതൃകമായി ലഭിച്ചതു പോലെ പാട്ടും പൈതൃകമായി കിട്ടിയ സിദ്ധി. ചൂരൽ കസേര നിർമാണമാണ് പുരുഷന്മാരുടെ പ്രധാന തൊഴിൽ.
പാട്ടിന് അവരും കൂടും. ഓണക്കാലത്ത് മാത്രമല്ല.
ഇവർ പാട്ടുപാടിയാണ് എന്നും ജോലി ചെയ്യുന്നത്.
പട്ടിണിയാണെങ്കിലും പാട്ടുപാടും. ഇവർക്ക് ഇന്നലെ ഓണക്കോടിയുമായി എത്തിയ സി.ആർ.മഹേഷ് എംഎൽഎയെ നാടൻ പാട്ടുപാടിയാണ് വരവേറ്റത്. കൈത്താളവുമായി എംഎൽഎയും ഒപ്പം കൂടി.
മംഗളനാദമായി വായ്ക്കുരവ ഉയർന്നു. ആർപ്പു വിളിച്ചു.
ചുരുളിയിൽ ആഹ്ലാദ നിലാവ് പരന്നു. നാടൻ പാട്ടുത്സവത്തിന്റെ ഓണക്കാലമായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]