കൊല്ലം ജില്ലയിലെ പോസ്റ്റ് ഓഫിസുകൾ കേന്ദ്രീകരിച്ച് കവർച്ചാ പരമ്പര പതിവാകുന്നു. ബ്രാഞ്ച്, സബ് പോസ്റ്റ് ഓഫിസുകൾക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ജില്ലയിൽ വെറും ഒരാഴ്ചയുടെ ഇടവേളയിലാണ് രണ്ട് വ്യത്യസ്ത പോസ്റ്റ് ഓഫിസുകളിൽ കവർച്ചയും മോഷണശ്രമവും അരങ്ങേറിയത്. കഴിഞ്ഞ മാസം 22-ാം തീയതി രാത്രിയുണ്ടായ കടയ്ക്കൽ പോസ്റ്റ് ഓഫിസ് കവർച്ചയിൽ 1,20,000 രൂപയാണ് നഷ്ടപ്പെട്ടത്.
ഇതിനുപുറമേ, കരീപ്രയിലെ വാക്കാനാട് ബ്രാഞ്ച് പോസ്റ്റ് ഓഫിസിലും മോഷണശ്രമം നടന്നു. ഇവിടെ പണം നഷ്ടപ്പെട്ടില്ലെങ്കിലും ഓഫീസിലെ സുപ്രധാന രേഖകളെല്ലാം അക്രമികൾ അടിച്ചുതകർത്ത് അലങ്കോലപ്പെടുത്തി.
പ്രധാന പോസ്റ്റ് ഓഫിസുകൾ ഒഴികെയുള്ള ഒട്ടുമിക്ക ഓഫീസുകളിലും സിസിടിവി ഉൾപ്പെടെയുള്ള നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടില്ലെന്നത് സുരക്ഷാ വീഴ്ച ഗൗരവമാക്കുന്നു. ഓഫീസുകളിൽ ദിവസേന ലഭിക്കുന്ന തുക അടുത്ത പ്രവൃത്തി ദിവസമാണ് സാധാരണയായി മെയിൻ പോസ്റ്റ് ഓഫിസിലോ ബാങ്കിലോ അടയ്ക്കുന്നത്.
ബ്രാഞ്ച് പോസ്റ്റ് ഓഫിസുകളിൽ പണം സൂക്ഷിക്കേണ്ട പൂർണ്ണ ഉത്തരവാദിത്തം പോസ്റ്റ് മാസ്റ്റർക്കാണ്.
ഇവിടെ പണം സൂക്ഷിക്കരുതെന്നാണ് കർശന നിർദേശമെങ്കിലും ചില സാഹചര്യങ്ങളിൽ ഇത് പാലിക്കാൻ കഴിയാതെ വരാറുണ്ട്. സബ് പോസ്റ്റ് ഓഫിസുകളിൽ തുക അധികമായി വന്നാൽ ഉടൻതന്നെ മെയിൻ പോസ്റ്റ് ഓഫിസിലോ ബാങ്കിലോ അടയ്ക്കണമെന്നാണ് ചട്ടം.
ബ്രാഞ്ച് പോസ്റ്റ് ഓഫിസുകളിൽ പണമിടപാടുകൾ താരതമ്യേന കുറവായതിനാൽ പോസ്റ്റ് മാസ്റ്ററുടെ പക്കൽ സൂക്ഷിക്കേണ്ട തുക മാത്രമേ സാധാരണയായി ഉണ്ടാകാറുള്ളൂ.
ഭൂരിഭാഗം ബ്രാഞ്ച്, സബ് പോസ്റ്റ് ഓഫിസുകളും പ്രവർത്തിക്കുന്നത് വാടകക്കെട്ടിടങ്ങളിലാണ്. ഇതിൽ പലതും വർഷങ്ങളുടെ പഴക്കമുള്ളതും സുരക്ഷിതമല്ലാത്തതുമായ കെട്ടിടങ്ങളാണ്.
ചില ഓഫീസുകളിൽ മാത്രമാണ് പണവും സ്റ്റാമ്പുകളും സൂക്ഷിക്കുന്നതിനായി സേഫുകൾ ഉള്ളത്. എന്നാൽ പോസ്റ്റ് ഓഫിസുകളിൽ കവർച്ച നടന്ന് പണം നഷ്ടപ്പെട്ടാലും ഇടപാടുകാരുടെ നിക്ഷേപങ്ങളെ അത് ബാധിക്കില്ലെന്നും എല്ലാ തുകയും തപാൽ വകുപ്പിന് കീഴിൽ തികസുരക്ഷിതമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
കടയ്ക്കൽ കവർച്ച: അന്വേഷണം പുരോഗമിക്കുന്നു കടയ്ക്കൽ പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള പോസ്റ്റ് ഓഫിസിൽ മോഷണം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും മോഷ്ടാക്കളെ പിടികൂടാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഊർജിതമായ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.
പൊലീസ് സ്റ്റേഷൻ, മിനി സിവിൽ സ്റ്റേഷൻ, മാടൻനട ക്ഷേത്രം, ബസ് സ്റ്റാൻഡ് എന്നിവയ്ക്ക് നടുവിലായുള്ള പോസ്റ്റ് ഓഫിസിലാണ് കഴിഞ്ഞ 22-ാം തീയതി രാത്രി കവർച്ച നടന്നത്.
പോസ്റ്റ് ഓഫിസിന്റെ പിൻഭാഗത്തെ ജനൽ കമ്പികൾ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. തുടർന്ന് ലോക്കർ സൂക്ഷിച്ചിരുന്ന മുറി കുത്തിത്തുറന്ന് ലോക്കർ മറ്റൊരു മുറിയിലേക്ക് മാറ്റിയ ശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചെടുത്തായിരുന്നു മോഷണം.
മോഷ്ടാക്കൾ ഏറെ സമയം ഓഫീസിനുള്ളിൽ ചെലവഴിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ ഒന്നിലധികം പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സിവിൽ സ്റ്റേഷന്റെയും മാടൻനടയുടെയും ഭാഗത്തുനിന്ന് പോസ്റ്റ് ഓഫിസ് കോമ്പൗണ്ടിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ സാധിക്കും. പഴയ കുറ്റവാളികളുടെ ചിത്രങ്ങളും വിരലടയാളങ്ങളും പൊലീസ് ഇതിനോടകം പരിശോധിച്ചിട്ടുണ്ട്.
സംഭവസ്ഥലത്ത് എത്തിച്ച പൊലീസ് നായ മണംപിടിച്ച് ഓടിച്ചെന്ന് നിന്നത് ബസ് സ്റ്റാൻഡിന് സമീപമുള്ള ടാക്സി സ്റ്റാൻഡിനടുത്താണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

