നാട് കാത്തിരിക്കുന്ന എഴുകോൺ പൂരം നാളെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എഴുകോൺ ∙ ഒരു വർഷമായി നാട് കാത്തിരിക്കുന്ന എഴുകോൺ പൂരം നാളെ. ചീരങ്കാവ് ഭദ്രകാളി ക്ഷേത്രം, കോയിക്കൽ തിരുആര്യങ്കാവ് ധർമശാസ്താ ക്ഷേത്രം, എഴുകോൺ മാടൻകാവ് മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള ഉത്സവ ഘോഷയാത്രയും കെട്ടുകാഴ്ചകളും അണി നിരക്കുന്ന എഴുകോൺ പൂരം നാടിനെ അക്ഷരാർഥത്തിൽ ഉത്സവ ലഹരിയിലാഴ്ത്തും. ഇത്തവണ ആന എഴുന്നള്ളത്ത് ഇല്ലാതെയാണു പൂരം. പഞ്ചവാദ്യവും വാദ്യമേളങ്ങളും കെട്ടുകാഴ്ചകളും അലങ്കാരദൃശ്യങ്ങളും പൂരക്കാഴ്ചയുടെ പെരുമയൊരുക്കും. ചീരങ്കാവ് ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവഘോഷയാത്രയും കെട്ടുകാഴ്ചകളും നാളെ വൈകിട്ട് നാലരയോടെ ക്ഷേത്രത്തിൽ നിന്നു പുറപ്പെടും. പേഴൂക്കോണം ജംക്ഷൻ വഴി എഴുകോൺ ജംക്ഷനിലെത്തും. ഏതാണ്ട് ഇതേ സമയത്തു തന്നെ കോയിക്കൽ ക്ഷേത്രത്തിൽ നിന്നുള്ള ഘോഷയാത്രയും കെട്ടുകാഴ്ചകളും എഴുകോണിലെത്തും.
എഴുകോൺ മാടൻകാവ് മഹാദേവ ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രയും കെട്ടുകാഴ്ചകളും അമ്പലത്തുംകാല ജംക്ഷനിൽ നിന്ന് എഴുകോണിലെത്തുന്നതോടെ എഴുകോൺ ജംക്ഷൻ പൂരപ്പറമ്പാകും. പിന്നീട് 3 ക്ഷേത്രങ്ങളിലെയും ഉത്സവഘോഷയാത്രകളും കെട്ടുകാഴ്ചകളും ഒരുമിച്ചു ചീരങ്കാവിലേക്കു പുറപ്പെടും. ചീരങ്കാവിലെത്തി ഉപചാരം ചൊല്ലി പിരിയുന്നതോടെ അതതു ഉത്സവഘോഷയാത്രകൾ അതതു ക്ഷേത്രങ്ങളിലേക്കു മടങ്ങും.
മാടൻകാവ് മഹാദേവ ക്ഷേത്രത്തിൽ ഇന്നു രാവിലെ 9ന് കലശാഭിഷേകം, 10ന് പൂമൂടൽ, ഉച്ചയ്ക്കു 12ന് സമൂഹസദ്യ, വൈകിട്ട് 6ന് കൈകൊട്ടിക്കളി, 6.30ന് ചന്ദ്രപ്പൊങ്കൽ, സുഭദ്രാ വാസുദേവൻ ഭദ്രദീപം തെളിക്കും. 7ന് നാടകം, 8ന് മാടനൂട്ട്. നാളെ വൈകിട്ട് 3ന് കെട്ടുകാഴ്ചയും ഘോഷയാത്രയും, 5.15ന് ഓട്ടൻതുള്ളൽ, രാത്രി 7ന് ഗാനമേളയും. 8ന് ഗാനമേള, 12ന് ഭാരതക്കളി, കോൽക്കളി. നാളെ രാവിലെ 6.15ന് പൊങ്കാല, വൈകിട്ട് 4.30ന് ആറാട്ട് ഘോഷയാത്ര, 5ന് പ്രഭാഷണം, രാത്രി 8ന് നാടൻപാട്ട്.
കോയിക്കൽ തിരുആര്യങ്കാവ് ധർമശാസ്താ ക്ഷേത്രത്തിൽ ഇന്നു രാവിലെ 10.30ന് ഉച്ചപ്പാട്ട്, രാത്രി 7.30ന് കളമെഴുത്തും പാട്ടും. നാളെ രാവിലെ 7.30ന് കലശാഭിഷേകം, വൈകിട്ട് 5ന് ആറാട്ട് ഘോഷയാത്രയും കെട്ടുകാഴ്ചയും, 6ന് സോപാനസംഗീതം, രാത്രി 8.30ന് നൃത്തനാടകം.
ഗതാഗത നിയന്ത്രണം
എഴുകോൺ പൂരത്തോട് അനുബന്ധിച്ചു നാളെ വൈകിട്ട് 3 മുതൽ രാത്രി 9 വരെ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നു എഴുകോൺ ഇൻസ്പെക്ടർ എസ്എച്ച്ഒ എസ്.സുധീഷ്കുമാർ അറിയിച്ചു. കൊല്ലം ഭാഗത്തു നിന്നു കൊട്ടാരക്കര ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ ചീരങ്കാവിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞു പേഴൂക്കോണം, മണ്ണൂർക്കാവ്, കോട്ടായിക്കോണം വഴി പോകണം.
കൊട്ടാരക്കരയിൽ നിന്നു കൊല്ലം ഭാഗത്തേക്കു വരുന്ന ചരക്കുവാഹനങ്ങൾ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ നിന്ന് നീലേശ്വരം, അമ്പലത്തുംകാല, മുക്കണ്ടം, കരീപ്ര വഴി ആറുമുറിക്കടയിലെത്തി പോകണം. കൊല്ലം ഭാഗത്തേക്കുള്ള കെഎസ്ആർടിസി ഉൾപ്പെടെയുള്ള മറ്റു വാഹനങ്ങൾ അമ്പലത്തുംകാല പടിഞ്ഞാറ് ജംക്ഷനിൽ നിന്നു തിരിഞ്ഞ് മുക്കണ്ടം, ചൊവ്വള്ളൂർ, ആറുമുറിക്കട വഴി പോകണം.