
ദേശീയപാതയ്ക്ക് വീണ്ടും വസ്തു ഏറ്റെടുക്കുന്നു; തിരുമുക്കിൽ വാഹനങ്ങൾ വളവു തിരിയുന്നത് മുന്നോട്ടും പിന്നോട്ടും എടുത്ത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം∙ ദേശീയപാത –66 ആറു വരിയായി വികസിപ്പിക്കുന്നതിനുള്ള നിർമാണം 70 ശതമാനത്തോളം പൂർത്തിയായിരിക്കെ വീണ്ടും സ്ഥലം ഏറ്റെടുക്കുന്നു. ഓച്ചിറ മുതൽ ശക്തികുളങ്ങര വരെയുള്ള മേഖലയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. ഇതു സംബന്ധിച്ച വിജ്ഞാപനം റോഡ് ഗതാഗത– ദേശീയപാത വി ഭാഗം പുറപ്പെടുവിച്ചു. ഓച്ചിറ, ചവറ, നീണ്ടകര, വടക്കുംതല, ശക്തികുളങ്ങര വില്ലേജുകളിൽ ഉൾപ്പെട്ട 23 പേരിൽ നിന്ന് 20 സെന്റ് ഭൂമിയാണ് പാത വികസനവുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങൾക്ക് ഏറ്റെടുക്കുന്നത്. നീണ്ടകരയിൽ 16 പേരുടെ വസ്തു ആണ് ഏറ്റെടുക്കുന്നത്.
ശാസ്താംകോട്ടയിൽ നിന്നു കുടിവെള്ളം എത്തിക്കുന്നതിനുള്ള വ്യാസം കൂടിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വേണ്ടത്ര സ്ഥലമില്ലാത്ത മേഖലയിലാണ് ഭൂമി ഏറ്റെടുക്കുന്നത്. ഓച്ചിറയിൽ ഒരാളുടെ സ്ഥലം മാത്രമാണ് ഏറ്റെടുക്കുന്നത്. റോഡ് നിർമാണത്തിനു മതിയായ വീതി ലഭിക്കുന്നതിനാണ് ഇത്. ചവറ, ശക്തികുളങ്ങര എന്നിവിടങ്ങളിൽ രണ്ടു പേരുടെ വീതവും വടക്കുംതലയിൽ 3 പേരുടെ വസ്തുവും ഏറ്റെടുക്കും. ശക്തികുളങ്ങരയിൽ കെഎസ്ബിക്ക് വേണ്ടിയാണ് സ്ഥലം ഏറ്റെടുക്കുന്നത്.
അതേ സമയം ദേശീയപാത നിർമാണം പലയിടിത്തും ഇഴഞ്ഞു നീങ്ങുകയാണെന്ന പരാതി ഉയരുന്നു. കൊട്ടിയം, ജംക്ഷൻ, മേവറം എന്നിവിടങ്ങളിൽ പതിവായി ഗതാഗതക്കുരുക്കാണ്. മേവറത്തും സ്ഥിതി വ്യത്യസ്തമല്ല. ചാത്തന്നൂർ ജംക്ഷൻ മുതൽ തിരുമുക്ക് പ്രധാന റോഡ് തകർന്നു തരിപ്പണമായി കിടക്കുന്നു. വേനൽ മഴ പെയ്തതോടെ റോഡ് വെള്ളക്കെട്ടിലാണ്. ഇത്തിക്കര മുതൽ ചാത്തന്നൂർ വരെ സർവീസ് റോഡ് നിർമിക്കാത്തതിനാൽ പ്രധാന പാതയിലൂടെയാണു കൊല്ലത്തു നിന്നു തിരുവനന്തപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾ കടന്നു പോകുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി ചാത്തന്നൂർ തിരുമുക്കിലാണ് ജില്ലയിലെ ആദ്യ അടിപ്പാത നിർമിച്ചത്. ഇത് അശാസ്ത്രീയമായാണ് നിർമിച്ചതെന്നു ആരോപണം ഉണ്ട്.
പരവൂർ റോഡിൽ നിന്നുള്ള വലിയ വാഹനങ്ങൾ തിരുമുക്കിൽ ഇടത്തേക്ക് തിരിയാൻ ബുദ്ധിമുട്ടാണ്. വലിയ വാഹനങ്ങൾ പല തവണ മുന്നോട്ടും പിന്നോട്ടും എടുത്താണ് വളവു തിരിയുന്നത്. തിരുമുക്ക്– പരവൂർ റോഡിൽ നിന്നു മാറിയാണ് അടിപ്പാത നിർമിച്ചിട്ടുള്ളത്. ചാത്തന്നൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ അടിപ്പാത വഴി തിരിഞ്ഞു പോകുന്നതിന് ഇതു ബുദ്ധിമുട്ടുണ്ടാക്കും. തിരുമുക്കിലെ അടിപ്പാതയിലൂടെ കടന്നു പോകാനായില്ലെങ്കിൽ മൈലക്കാട് അടിപ്പാതയിലൂടെ മാത്രമേ ചാത്തന്നൂർ ഭാഗത്തേക്ക് പോകാൻ കഴിയുകയുള്ളു. പരവൂരിൽ നിന്നുള്ള സ്വകാര്യ ബസുകൾ ചത്തന്നൂർ ജംക്ഷനിൽ എത്താതെ തിരുമുക്ക് വഴി കൊട്ടിയം ഭാഗത്തേക്ക് പോകുന്നതിന് ഇതു കാരണമാകും.