സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും പരീക്ഷണാടിസ്ഥാനത്തിൽ 24 മണിക്കൂറും കാഷ്വൽറ്റി–സ്പെഷ്യൽറ്റി സേവനങ്ങൾ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി. ഇതിന്റെ ആദ്യഘട്ട
പരീക്ഷണം പുനലൂർ താലൂക്ക് ആശുപത്രിയിലായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ശബരിമല തീർഥാടകരുടെ സൗകര്യം മുൻനിർത്തിയാണ് പുനലൂരിനെ ഇതിനായി തിരഞ്ഞെടുത്തതെന്ന് മന്ത്രി വ്യക്തമാക്കി.
ശബരിമല ഭക്തർക്ക് നെഞ്ചുവേദന പോലെയുള്ള അത്യാഹിതങ്ങൾ ഉണ്ടായാൽ നിലവിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലോ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലോ എത്തിക്കേണ്ട സ്ഥിതിയാണുള്ളത്.
എന്നാൽ, അവിടെയെത്തുമ്പോഴേക്കും ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. CSR ഫണ്ട് ഉപയോഗിച്ച് പുനലൂർ താലൂക്ക് ആശുപത്രിയിൽ എംആർഐ മെഷീൻ സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.
ആരോഗ്യ മേഖലയിലെ വികസനത്തിൽ യാതൊരുവിധ രാഷ്ട്രീയ പക്ഷപാതിത്വവും സർക്കാർ കാണിക്കുന്നില്ലെന്നും ‘എല്ലാവർക്കും ആരോഗ്യം’ എന്നതാണ് സർക്കാരിന്റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി. പുനലൂർ മണ്ഡലം ഭരണപക്ഷത്തിന് അനുകൂലമായ ഒന്നല്ലെങ്കിലും, അവിടെ കെട്ടിടങ്ങൾ മാത്രമുണ്ടായിരുന്നതുകൊണ്ടും ആവശ്യമായ സൗകര്യങ്ങൾ ഇല്ലാതിരുന്നതുകൊണ്ടുമാണ് സർക്കാർ പ്രത്യേക ഇടപെടൽ നടത്തിയത്.
അതേസമയം, സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ചില ഡോക്ടർമാർ പ്രസ്താവന നൽകിയിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആർക്കെങ്കിലും പരാതികളുണ്ടെങ്കിൽ തന്നോട് നേരിട്ട് സംസാരിക്കാമെന്നും, അത്തരം കാര്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമേഖലയിലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂലമായ നിലപാടാണുള്ളത്.
1960-കളിൽ കരിവണ്ടി ഓടുന്ന കാലത്തെ സ്റ്റാഫ് പാറ്റേൺ ആണ് വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്ന ഇക്കാലത്തും തുടരുന്നതെന്നും അദ്ദേഹം വിമർശിച്ചു. സ്വകാര്യ ആശുപത്രികൾ വിദേശ കമ്പനികൾ ഏറ്റെടുത്തതു മുതൽ സർക്കാർ ആശുപത്രികളിലെ ചെറിയ വീഴ്ചകളെപ്പോലും ചില കോണുകളിൽ നിന്ന് ഊതിക്കത്തിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും, എങ്കിലും സർക്കാർ ഗൗരവമായി ശ്രദ്ധിക്കേണ്ട
വിഷയങ്ങൾ ചൂണ്ടിക്കാണിച്ചാൽ കർശനമായ ഇടപെടൽ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ശൂരനാട് വടക്ക് പഞ്ചായത്ത് ഹോമിയോ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

