
കൊല്ലം ∙ സായാഹ്ന മനോഹാരിതയിലും രാത്രിയുടെ ഭംഗിയിലും അഷ്ടമുടിക്കായലിന്റെ സൗന്ദര്യം നുകരാൻ ഓണസമ്മാനമായി വൈകുന്നേരങ്ങളിലും ഇനിമുതൽ സീ അഷ്ടമുടി ടൂറിസ്റ്റ് ബോട്ട് യാത്ര. രാവിലെ മുതൽ വൈകുന്നേരം വരെയുണ്ടായിരുന്ന ട്രിപ്പിന് പുറമേയാണ് ഇന്നുമുതൽ വൈകിട്ടും യാത്ര നടത്തുന്നത്.
വൈകിട്ട് 4.30ന് ആരംഭിക്കുന്ന യാത്ര അഷ്ടമുടിക്കായലിലൂടെ സാമ്പ്രാണിക്കോടി ചുറ്റി രാത്രി 7.30ന് തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
സാധാരണ എല്ലാ ദിവസവും പകൽസമയം നടത്തുന്ന യാത്ര രാവിലെ 10.30ന് ആരംഭിച്ച് സാമ്പ്രാണിക്കോടി, മൺറോതുരുത്ത് എന്നീ മേഖലകളിലൂടെ കായലിലെ എല്ലാ മുടികളും കണ്ട ശേഷം വൈകിട്ട് 3.30ന് തിരിച്ചെത്തുന്ന നിലയിലാണ് നടക്കുന്നത്.
സംസ്ഥാന ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തിലുള്ള സീ അഷ്ടമുടി ബോട്ട് ഈവനിങ് യാത്രയുടെ ഉദ്ഘാടനം എം.മുകേഷ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു നിർവഹിച്ചു.
അഷ്ടമുടിക്കായലിനെ കേന്ദ്രീകരിച്ചു കൂടുതൽ വികസനങ്ങൾ ഒരുക്കുമെന്ന് എം.മുകേഷ് എംഎൽഎ പറഞ്ഞു. കൊല്ലം സ്റ്റേഷൻ മാസ്റ്റർ ജോസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
സ്റ്റാഫ് കൗൺസിൽ പ്രസിഡന്റ് ഡി.ജയേഷ് കുമാർ, സെക്രട്ടറി മാഹിൻ അഷ്ടമുടി, ജൂനിയർ സൂപ്രണ്ട് എസ്.അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.
2023 മാർച്ചിലാണ് സീ അഷ്ടമുടി ബോട്ട് സർവീസ് ആരംഭിച്ചത്. ഇതിനോടകം അൻപതിനായിരത്തിലേറെ യാത്രക്കാർ ബോട്ടിലൂടെ അഷ്ടമുടിയുടെ ദൃശ്യഭംഗി ആസ്വദിച്ചിട്ടുണ്ട്.
2.35 കോടി രൂപയിലേറെ വരുമാനമാണ് സീ അഷ്ടമുടിയിലൂടെ ലഭിച്ചിട്ടുള്ളത്. രണ്ടു നിലകളിലായുള്ള ബോട്ടിന്റെ താഴത്തെ നിലയിൽ 60 സീറ്റും മുകളിൽ 30 സീറ്റുകളുമാണുള്ളത്. താഴത്തെ നിലയിൽ 400 രൂപയും മുകളിലത്തെ നിലയിൽ 500 രൂപയുമാണ് നിരക്ക്. കുടുംബശ്രീയുടെ ഫുഡ് കൗണ്ടറും ബോട്ടിൽ ക്രമീകരിച്ചിട്ടുണ്ട്. ബുക്കിങ്ങിന്: 9400050390 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]