
സഞ്ചാരികളെ ആകർഷിക്കുന്നത് വേനൽക്കാലത്ത് രൂപപ്പെടുന്ന മണൽത്തിട്ട; അപകടമൊളിപ്പിച്ച് പൊഴിമുഖം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പരവൂർ∙ ‘തൂവെള്ള മണൽ നിറഞ്ഞ വിശാലമായ മണൽതിട്ട, കാൽ നനയ്ക്കാനും നീന്താനും പൊഴിമുഖത്തേക്ക് സ്വാഗതം..’ അപകടക്കയമായ പൊഴിക്കര പൊഴിമുഖത്തേക്ക് സഞ്ചാരികളെ ക്ഷണിച്ചു കൊണ്ടുള്ള സമൂഹമാധ്യമങ്ങളിലെ അറിയിപ്പുകൾ ഇങ്ങനെ പോകുന്നു. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെക്കുറിച്ചുള്ള അജ്ഞത പക്ഷേ അപകടം ക്ഷണിച്ചു വരുത്തുകയാണ്. കഴിഞ്ഞ ദിവസം ബിരുദ വിദ്യാർഥി ഒഴുക്കിൽപെട്ടു മരിച്ചത് ഇവിടെയാണ്. ഈ വർഷം മാത്രം അഞ്ചിലേറെ സഞ്ചാരികൾ ഒഴുക്കിൽപെട്ടതും ഇതേ സ്ഥലത്താണ്. പരവൂർ കായൽ കടലിൽ ചേരുന്ന പൊഴിമുഖത്ത് വേനൽക്കാലത്ത് ജലനിരപ്പ് താഴുമ്പോൾ രൂപപ്പെടുന്ന താൽക്കാലിക മണൽത്തിട്ടയാണ് സഞ്ചാരികളെ ആകർഷിക്കുന്നത്.
പൊഴിക്കര ക്ഷേത്രത്തിനു പിൻഭാഗത്തെ കടൽഭിത്തികളിലൂടെ താഴേക്ക് എളുപ്പത്തിലിറങ്ങാൻ സാധിക്കുന്നതും കായലിലെ തെളിഞ്ഞ ജലവും വെള്ളത്തിലിറങ്ങാൻ സഞ്ചാരികളെ പ്രേരിപ്പിക്കും. എന്നാൽ വേലിയിറക്കം-വേലിയേറ്റം എന്നിവ നടക്കുമ്പോൾ ഉപരിതലത്തിൽ ദൃശ്യമായില്ലെങ്കിലും അടിഭാഗത്ത് ശക്തമായ ഒഴുക്കാണ്. കടൽ ജലം കായലിലേക്കു കയറുന്ന സമയത്താണ് അടിയൊഴുക്ക് ശക്തം. കാൽ നനയ്ക്കാൻ ഇറങ്ങുന്നതു പോലും മരണത്തിനു കാരണമായേക്കും. സാധാരണ പൊഴിമുഖങ്ങളിൽ നിന്ന് വിഭിന്നമായി പൊഴിക്കര ചീപ്പ് പാലം മുതൽ കടലിൽ ചേരുന്ന ഭാഗം വരെ കനാൽ മാത്യകയിൽ വീതി കുറഞ്ഞ പ്രദേശമാണ്.
ഇവിടേക്ക് കൂടുതൽ ജലമെത്തുമ്പോൾ അതിശക്തമായ ഒഴുക്കായിരിക്കും. പരവൂർ-താന്നി തീരദേശ റോഡിൽ നവീകരണം നടക്കുന്നതിനാൽ പൊഴിക്കര ക്ഷേത്രത്തിനു മുന്നിൽ റോഡ് അടച്ചിരിക്കുകയാണ്. ഇതിനാൽ താന്നിയിലേക്കു പോകുന്ന സഞ്ചാരികൾ ഭൂരിഭാഗവും പൊഴിമുഖത്തേക്കാണ് എത്തുന്നത്. ഇവിടെ കടലിൽ ഇറങ്ങുന്നത് അപകടമാണെന്ന് സൂചിപ്പിക്കുന്ന മുന്നറിയിപ്പ് സംവിധാനങ്ങളോ തിരയിലകപ്പെട്ടാൽ രക്ഷിക്കാൻ ലൈഫ് ഗാർഡുമാരുടെ സേവനമോ ലഭ്യമല്ല. സഞ്ചാരികൾ കടലിൽ ഇറങ്ങി അപകടത്തിൽപെടുന്നതു തടയാൻ മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളടക്കം ആവശ്യപ്പെടുന്നത്.