പരവൂർ∙ കഴിഞ്ഞ ബജറ്റിൽ പരവൂരിനും പൂതക്കുളം പഞ്ചായത്തിനും പ്രഖ്യാപിച്ച ഭൂരിഭാഗം പദ്ധതികളും പ്രാഥമിക ഘട്ടം പോലും പൂർത്തിയാക്കാനാകാത്ത അവസ്ഥയിൽ. പരവൂർ–തെക്കുംഭാഗം റോഡ്, പൊഴിക്കര ചീപ്പ് പാലം നവീകരണം, കായലിലെ മണൽ തുരുത്തുകൾ നീക്കം ചെയ്യൽ, പരവൂർ–മയ്യനാട് കായൽ പാലം, നെല്ലേറ്റിൽ–കാപ്പിൽ പാലം എന്നിവയെല്ലാം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയിരിക്കുകയാണ്.
പരവൂർ–മയ്യനാട്, നെല്ലേറ്റിൽ–കാപ്പിൽ പാലങ്ങൾ പതിറ്റാണ്ടുകളായി ബജറ്റിൽ ഇടം നേടുന്നതല്ലാതെ ഒരു ശതമാനം പോലും നടപ്പാക്കാൻ സാധിച്ചിട്ടില്ല. പരവൂർ നഗരസഭയുടെയും സമീപ പഞ്ചായത്തുകളുടെയും പ്രധാന വരുമാന മാർഗമായ വിനോദ സഞ്ചാര മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനു കഴിഞ്ഞ ബജറ്റിൽ 10 കോടി രൂപയാണ് അനുവദിച്ചിരുന്നത്.
സ്വകാര്യ മേഖലയിൽ ടൂറിസം സാധ്യത സജീവമായെങ്കിലും സർക്കാർ തലത്തിൽ അടിസ്ഥാന സൗകര്യ വികസനം നടന്നിട്ടില്ല.
പരവൂർ വി.കേശവനാശാൻ, മഹാകവി കെ.സി.കേശവപിള്ള, പരവൂർ ദേവരാജൻ മാസ്റ്റർ, ഇളംകുളം കുഞ്ഞൻപിള്ള, കഥകളി ആചാര്യൻ ചിറക്കര മാധവൻകുട്ടി, ഫയൽവാൻ പോളച്ചിറ രാമചന്ദ്രൻപിള്ള എന്നിവരുടെ സ്മരണയ്ക്ക് സാംസ്കാരിക സമുച്ചയം നിർമാണത്തിനായി 10 കോടി രൂപ വകയിരുത്തിയിരുന്നു. പ്രാഥമിക ചർച്ചകൾ പോലും സമുച്ചയ നിർമാണത്തിൽ നടന്നിട്ടില്ല.
പരവൂർ ഫയർ സ്റ്റേഷനു സ്വന്തം കെട്ടിടം, നെടുങ്ങോലം താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം വിപുലപ്പെടുത്തുക, പൂതക്കുളം കളിപ്പൊഴ്ക ടൂറിസം കേന്ദ്രം, ചില്ലയ്ക്കൽ ഫിഷ് ലാൻഡിങ് സെന്റർ തുടങ്ങിയ മുൻ ബജറ്റിലെ പ്രഖ്യാപനങ്ങളും നടപ്പിലായിട്ടില്ല.
വീണ്ടും ചർച്ചയായി കുമ്മല്ലൂർ പാലം
ചാത്തന്നൂർ ∙ സംസ്ഥാന ബജറ്റ് ഇന്ന് പ്രഖ്യാപിക്കാനിരിക്കെ വീണ്ടും ചർച്ചയായി കുമ്മല്ലൂർ പാലം.
നിയോജക മണ്ഡലത്തിലെ പ്രധാന റോഡുകളിൽ ഒന്നായ ചാത്തന്നൂർ-കൊട്ടാരക്കര റോഡിൽ ചാത്തന്നൂർ- ആദിച്ചനല്ലൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാലമായ കുമ്മല്ലൂർ പാലത്തിന്റെ പുനർനിർമാണത്തിനു 5 വർഷം മുൻപു ബജറ്റിൽ തുക വകയിരുത്തിയെങ്കിലും നിർമാണം ജലരേഖയായി മാറുകയായിരുന്നു. 2020ലെ ബജറ്റിൽ കുമ്മല്ലൂർ പാലത്തിനു കിഫ്ബി ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്.
എന്നാൽ പാലം ഇപ്പോഴും അപകടാവസ്ഥയിൽ നിലനിൽക്കുകയാണ്.
5 പതിറ്റാണ്ടിലേറെ പഴക്കമുള്ള പാലത്തിന്റെ കൈവരികൾ തകർന്നത് അറ്റകുറ്റപ്പണി നടത്തിയിരുന്നു. 1973ൽ ടി.കെ.ദിവാകരൻ മന്ത്രിയായിരുന്നപ്പോഴാണ് കുമ്മല്ലൂർ പാലം കമ്മിഷൻ ചെയ്തത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

