ഇടതുപക്ഷ സർക്കാരിന്റെ ഈ ഭരണകാലയളവിലെ അവസാന ബജറ്റ് ഇന്ന്. കഴിഞ്ഞ ഓരോ ബജറ്റിലും ജില്ലയ്ക്കു വേണ്ടി പ്രഖ്യാപിച്ച പദ്ധതികളിൽ മിക്കതും ചൂടാറാതെ കടലാസിൽ തന്നെ കഴിയുന്നു.
മറ്റു ചിലതാകട്ടെ പാതിവഴിയിൽ. ബജറ്റിലെ പദ്ധതികൾ നടപ്പാക്കാനല്ല, പ്രഖ്യാപിക്കാൻ മാത്രമുള്ളതാണെന്നു ആരെങ്കിലും തെറ്റിദ്ധരിച്ചാൽ അവരെ കുറ്റം പറയാനാവുമോ…? മന്ത്രി കെ.എൻ.ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുമ്പോൾ ഏറെ പ്രതീക്ഷയിലാണ് ജില്ല.
പഴയ പ്രഖ്യാപനങ്ങളുടെ സ്ഥിതിയെന്ത്, അന്വേഷണം.
ആംഫിബിയൻ വാഹനമെന്ന സ്വപ്നം
കെ.എൻ.ബാലഗോപാലിന്റെ ആദ്യ ബജറ്റിലാണ് ജലാശയങ്ങളിലും കരയിലും സഞ്ചരിക്കാൻ കഴിയുന്ന ആംഫിബിയൻ വാഹനം കൊല്ലത്തിന് പ്രഖ്യാപിക്കുന്നത്. ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് 3 കേന്ദ്രങ്ങളിൽ നടപ്പാക്കാൻ ഉദ്ദേശിച്ച പദ്ധതിയിലെ രണ്ടു കേന്ദ്രങ്ങൾ കൊല്ലവും തങ്കശ്ശേരിയുമായിരുന്നു.
5 കോടി രൂപയുടെ പദ്ധതി കരയിലും കണ്ടില്ല, ജലാശയത്തിലും കണ്ടില്ല.
എല്ലാ ബജറ്റിലുമുണ്ട് ബസ് ഡിപ്പോ
സംസ്ഥാന ബജറ്റിൽ മിക്ക വർഷങ്ങളിലും ഇടം പിടിക്കുന്ന, എന്നാൽ ബജറ്റിനപ്പുറത്തേക്ക് ഒന്നും നടക്കാത്ത ഒന്നാണ് കൊല്ലത്തെ കെഎസ്ആർടിസി ബസ് ഡിപ്പോ നവീകരണം. ജില്ലയിലെ പ്രധാന കെഎസ്ആർടിസി ഡിപ്പോ ആയ കൊല്ലത്ത് കിഫ്ബിയുമായി ചേർന്ന് ആധുനിക ബസ് സ്റ്റാൻഡ് നിർമിക്കുമെന്ന് 2021 ലെ ബജറ്റിൽ പറഞ്ഞിരുന്നു.
2026 ലെ ബജറ്റ് പ്രഖ്യാപിക്കാനിരിക്കുമ്പോഴും ഡിപ്പോയുടെ സ്ഥിതി കൂടുതൽ ദയനീയം മാത്രം.
കല്ലുമാല സ്ക്വയർ
1915ൽ ഡിസംബറിൽ പീരങ്കി മൈതാനത്ത് കല്ലുമാല ബഹിഷ്കരിക്കാൻ അയ്യങ്കാളി സ്ത്രീകളോട് നിർദേശിച്ചതിന്റെ സ്മാരകമായി 2024 ലെ ബജറ്റിൽ പ്രഖ്യാപിച്ച കല്ലുമാല സ്ക്വയർ സ്ഥാപിക്കുന്നതിന്റെ പ്രവർത്തനങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല. 5 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരുന്നത്.
പേരിനൊരു ഐടി പാർക്ക്
കഴിഞ്ഞ വർഷത്തെ ബജറ്റിലാണ് കൊല്ലത്തും കൊട്ടാരക്കരയിലും ഐടി പാർക്ക് പ്രഖ്യാപിക്കുന്നത്.
കൊല്ലത്ത് കോർപറേഷന്റെ ഉടമസ്ഥതയിലെ ഭൂമി പ്രയോജനപ്പെടുത്തി കിഫ്ബിയും കിൻഫ്രയും കോർപറേഷനും തമ്മിൽ ഏർപ്പെടുന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ഐടി പാർക്ക് സ്ഥാപിച്ചത്. ആണ്ടാമുക്കം കെഎംസി മാളിൽ ഒരുക്കിയ മിനി ഐടി പാർക്ക് കഴിഞ്ഞ നവംബറിൽ ഉദ്ഘാടനം ചെയ്തെങ്കിലും പ്രവർത്തനം ആരംഭിച്ചിട്ടില്ല.
ടൂറിസം പദ്ധതികൾ
ടൂറിസം മേഖലയിൽ വിവിധ പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടെങ്കിലും പലതും പ്രഖ്യാപനങ്ങളിൽ ഒതുങ്ങി.
കൊല്ലം ബീച്ച് കേന്ദ്രീകരിച്ചു പ്രഖ്യാപിച്ച പദ്ധതികളൊന്നും ഇതുവരെ നടപ്പായിട്ടില്ല. 2024 ലെ ബജറ്റിൽ പ്രഖ്യാപിച്ച കൊല്ലത്തെ ടൂറിസം ഡെസ്റ്റിനേഷൻ വികസനം (5 കോടി), കൊല്ലത്ത് ടൂറിസം മിനി മറീന വികസനത്തിനായി പദ്ധതി, അഷ്ടമുടി കായലിൽ ടൂറിസം പ്രവർത്തനത്തിനായി സോളർ ബോട്ടിനായി (2.5 കോടി) എന്നിവയൊന്നും എവിടെയുമെത്തിയില്ല.
ജില്ലയുടെ ചരിത്രവും സമുദ്ര പാരമ്പര്യവും പ്രദർശിപ്പിക്കുന്ന ഹിസ്റ്ററി ആൻഡ് മാരിടൈം മ്യൂസിയത്തിന് 5 കോടി രൂപ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. സമുദ്ര ഗവേഷണ കേന്ദ്രമായി സംസ്ഥാനത്തു ആദ്യമായി പ്രഖ്യാപിച്ച ഓഷ്യനേറിയം സ്ഥലം ഏറ്റെടുക്കൽ നടപടികളിലാണ്.
കൊട്ടാരക്കര മേൽപാലം
കൊട്ടാരക്കര എംസി റോഡിലെ ഗതാഗതക്കുരുക്കഴിക്കാൻ കൊട്ടാരക്കരയിൽ മേൽപാലം നിർമിക്കാൻ 2019ലെ ബജറ്റിൽ 58 കോടി രൂപ അനുവദിക്കുകയും ആദ്യ ഘട്ടത്തിനായി നാല് കോടി രൂപ വകയിരുത്തുകയും ചെയ്തു.
750 മീറ്റർ ദൂരത്തിൽ രവിനഗർ മുതൽ കുന്നക്കര വരെ മേൽപാലം നിർമിക്കാനായിരുന്നു പദ്ധതി. നിർമാണം കരാറിലേക്കു നീങ്ങുമ്പോഴേക്കും ആദ്യ പിണറായി സർക്കാരിന്റെ കാലാവധി കഴിഞ്ഞു.
രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോഴേക്കും മേൽപാലം പദ്ധതി മണ്ണടിഞ്ഞു. പകരം പുലമൺ തോടിന് സമാന്തരമായി നാല് വരി പാത എന്ന പദ്ധതി പുനർജനിച്ചു.
പഠനങ്ങളും ഭൂമിയേറ്റെടുക്കലിന് നടപടികളും ആരംഭിച്ചതല്ലാതെ കരാർ നടപടികളിലേക്ക് കടക്കാൻ രണ്ടാം പിണറായി സർക്കാരിനും കഴിഞ്ഞില്ല. ഫലത്തിൽ രണ്ട് പദ്ധതികളും എവിടെയുമെത്തിയില്ല.
300 കോടി രൂപയുടെ നാലുവരി പാത പദ്ധതിയും സ്വപ്നമായി അവശേഷിക്കുകയാണ്.
പരവൂർ കായലിലെ മണ്ണ് നീക്കൽ
പൊഴിക്കര റഗുലേറ്ററിന്റെ അടിയിലെ മണ്ണും ചെളിയും നീക്കം ചെയ്യാനും പരവൂർ കായലിലെ മണൽ കൂനകൾ നീക്കം ചെയ്യാനും 10 കോടി രൂപയാണ് അനുവദിച്ചത്. റഗുലേറ്ററിന്റെ അടിയിലെ മണലും ചെളിയും നീക്കം ചെയ്യുന്നത് നടന്നിട്ടില്ല, റഗുലേറ്ററിന്റെ ഷട്ടറുകൾ പുനഃസ്ഥാപിക്കുന്ന ജോലികൾ പോലും പൂർത്തിയാക്കാൻ സാധിക്കാത്ത അവസ്ഥയാണ്.
കായലിലെ മണൽ കൂനകൾ പഴയ അവസ്ഥയിൽ തന്നെ സ്ഥിതി ചെയ്യുകയാണ്. കായലിൽ ദേശീയപാത നിർമാണത്തിന് മണൽ ഡ്രജിങ് മാത്രമാണ് നടക്കുന്നത്.
ഇത് തീരത്തോട് ചേർന്ന പ്രദേശത്താണ് നടക്കുന്നത്.
വിഴിഞ്ഞം – കൊല്ലം -പുനലൂർ വികസന ട്രയാംഗിൾ
വിഴിഞ്ഞം – കൊല്ലം -പുനലൂർ വികസന ട്രയാംഗിൾ പദ്ധതിക്ക് കഴിഞ്ഞ ബജറ്റിൽ 1,000 കോടി അനുവദിച്ചെങ്കിലും തുടർനടപടി ഉണ്ടായില്ല. ലോകത്തെ പ്രധാന ട്രാൻസ്ഷിപ്മെന്റ് ഹബ് തുറമുഖങ്ങളായ സിംഗപ്പൂർ, റോട്ടർഡാം, ദുബായ് എന്നിവയുടെ മാതൃകയിൽ വിഴിഞ്ഞത്തെ 6600 ട്രാൻസ്ഷിപ്മെന്റ് കേന്ദ്രത്തിനപ്പുറം ബൃഹത്തായ കയറ്റുമതി ഇറക്കുമതി തുറമുഖമാക്കി മാറ്റുക എന്നതായിരുന്നു ലക്ഷ്യം.
15 വർഷമായിട്ടും കോടതിക്കു കെട്ടിടമില്ല
15 വർഷമായി ഓരോ വർഷവും സംസ്ഥാന ബജറ്റിൽ പരിഗണിക്കുന്ന കടയ്ക്കൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി കെട്ടിട
നിർമാണം ഇപ്പോഴും ഫയലിൽ മാത്രമാണ്. കടയ്ക്കൽ ഗവ.
ടൗൺ എൽപിഎസിന് സമീപത്ത് കോടതിക്ക് കെട്ടിടം നിർമിക്കുന്നതിനായി 65 സെന്റ് സ്ഥലം പഞ്ചായത്ത് വാങ്ങി നൽകിയിരുന്നു. സ്ഥലം ഇപ്പോഴും കാട് കയറി കിടക്കുകയാണ്.
കോടതിക്കു കെട്ടിടം നിർമിക്കുന്നതിന് വേണ്ടി പല തവണ സ്ഥല പരിശോധനയും മറ്റും നടന്നു. പക്ഷേ കെട്ടിടം വന്നില്ല.
ബജറ്റിൽ തുകയനുവദിച്ചു നിർമാണം തുടങ്ങിയ ചടയമംഗലം മിനി സിവിൽ സ്റ്റേഷൻ പണിയും ഇഴയുകയാണ്.
പണിതിട്ടും തീരാത്ത പെരുമൺ പാലം
417 മീറ്റർ നീളമുള്ള പെരുമൺ പാലം നിർമിക്കുന്നതിന് 42 കോടി രൂപയുടെ പദ്ധതിയായിരുന്നു ബജറ്റിൽ പ്രഖ്യാപിച്ചിരുന്നത്. പിന്നീട് 2016 ജൂലൈയിൽ 60 കോടി ബജറ്റിൽ അനുവദിച്ചു.
എന്നാൽ 2020 നവംബർ 3ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പെരുമൺ പാലത്തിന്റെ നിർമാണോദ്ഘാടനം നടത്തിയത്. വേഗത്തിൽ മുന്നേറിയ നിർമാണം മധ്യഭാഗം എത്തിയതോടെ നിലച്ചു.
മധ്യഭാഗത്തെ 150 മീറ്റർ ഇനി പൂർത്തിയാക്കാൻ ഉള്ളത്. രൂപകൽപനയിലെ സാങ്കേതിക പ്രശ്നങ്ങളും ചെലവിലെ വർധനയുമാണ് നിർമാണം നിലയ്ക്കാൻ കാരണം.
ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ശേഷം 2025 ഒക്ടോബറിൽ നിർമാണം പുനരാരംഭിച്ചു.
കൊട്ടാരക്കര താലൂക്ക് ആശുപത്രി
ആയിരക്കണക്കിന് രോഗികളുടെ ആശ്രയ കേന്ദ്രമാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രി. ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് നിർമാണോദ്ഘാടനം കഴിഞ്ഞ 67.67 കോടി രൂപയുടെ സമഗ്ര പദ്ധതി തൂണുകളിലൊതുങ്ങി.
താലൂക്ക് ആശുപത്രി രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി അത്യാധുനിക സജ്ജീകരണങ്ങളുള്ള മൂന്നു കെട്ടിടങ്ങൾ നിർമിക്കാനായിരുന്നു പദ്ധതി. അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് കെട്ടിടം മാത്രമാണ് ഏഴ് വർഷത്തിനുള്ളിൽ പൂർത്തിയായത്.
കരാറുകാർ നിർമാണം ഉപേക്ഷിച്ചു പോയതും ഫലപ്രദമായ തുടർ നടപടികൾ ഇല്ലാത്തതുമാണ് പദ്ധതി പൊളിയാൻ കാരണം. നിലവിലെ ആശുപത്രി കെട്ടിടങ്ങളും തകർന്ന നിലയിലാണ്.
പുനലൂർ സമ്പൂർണ ശുദ്ധജല പദ്ധതി
പുനലൂർ സമ്പൂർണ ശുദ്ധജല പദ്ധതിക്ക് 260 കോടി ബജറ്റിൽ തുക വകയിരുത്തിയിട്ട് സർവേ പോലും നടത്തിയിട്ടില്ല.
ഇപ്പോഴും പുനലൂരിൽ രൂക്ഷമായ ശുദ്ധജലക്ഷാമമാണ് അനുഭവപ്പെടുന്നത്.
ബജറ്റിൽ മാത്രമുള്ള പാലങ്ങൾ കാട്ടിൽകടവ് പാലം
കുലശേഖരപുരം ഗ്രാമപ്പഞ്ചായത്തിനെയും ആലപ്പാട് ഗ്രാമപ്പഞ്ചായത്തിനെയും ബന്ധിപ്പിച്ചു കൊണ്ട് ടിഎസ് കനാലിനു കുറുകെ നിർമിക്കുന്ന കാട്ടിൽകടവ് പാലത്തിനു 2017 ലെ ബജറ്റിലാണു 20 കോടി വകയിരുത്തിയത്. പദ്ധതി റീടെൻഡർ ഘട്ടത്തിലാണ് ഇപ്പോഴും.
കണ്ണങ്കാട്ട് പാലം
2016ൽ പ്രഖ്യാപിച്ച കണ്ണങ്കാട്ട് പാലത്തിന് 2019ൽ സർക്കാർ ഭരണാനുമതി നൽകിയെങ്കിലും 2024 ജനുവരിയിലാണ് ഭൂമി ഏറ്റെടുക്കുന്നതിന് 4.33 കോടി സർക്കാർ കൈമാറുന്നത്.
തുക ഭൂ ഉടമകൾക്ക് കൈമാറിയെങ്കിലും മറ്റു നടപടികൾ ഒന്നുമായിട്ടില്ല. അതേ വർഷം തന്നെ പുനർപ്രഖ്യാപിച്ച കൊന്നയിൽ കടവ് പാലവും കടലാസിൽ തന്നെയാണ്.
കിടപ്രം – അരിനല്ലൂർ പാലവും പ്രഖ്യാപനമായി നിലനിൽക്കുകയാണ്.
കുതിരമുനമ്പ് – മൺറോത്തുരുത്ത് പാലം
2017-18 ബജറ്റിലാണ് പേരയം പഞ്ചായത്തിലെ കുതിരമുനമ്പിനെയും മൺറോത്തുരുത്തിനെയും ബന്ധിപ്പിച്ച് അഷ്ടമുടി കായലിനു കുറുക പാലം നിർമിക്കുന്നതിന് 15 കോടി രൂപ അനുവദിച്ചെങ്കിലും മുന്നോട്ടു പോയിട്ടില്ല. കുതിരമുനമ്പ്- മണകടവ് എന്നത് മാറ്റി ശിങ്കാരപ്പള്ളിയുമായി ബന്ധിപ്പിക്കുന്നതിന് സാങ്കേതിക അനുമതിക്ക് സമർപ്പിച്ചിരിക്കുകയാണ് ഇപ്പോൾ.
അരിനല്ലൂർ – പെരുങ്ങാലം പാലം
2017–18 ബജറ്റിൽ ചവറ നിയോജകമണ്ഡലത്തിൽ ബജറ്റിൽ പ്രഖ്യാപിച്ച അരിനല്ലൂർ – പെരുങ്ങാലം പാലം നിർമാണം ഉപേക്ഷിച്ച മട്ടാണ്.
20 കോടി രൂപ വകയിരുത്തിയ പാലത്തിന്റെ നേരത്തെ നിശ്ചയിച്ച ഡിസൈനിൽ പാലം നിർമിക്കാൻ കഴിയില്ലെന്ന റിപ്പോർട്ടിനെ തുടർന്ന് തുടർനടപടികൾ നിർത്തിവയ്ക്കുകയായിരുന്നു. പുതിയ ഡിസൈനിൽ പാലം നിർമിക്കണമെങ്കിൽ ഫണ്ട് കൂടുതൽ വേണ്ടിവരുമെന്നതിനാൽ നിർമാണം ഉപേക്ഷിച്ച മട്ടാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

