
മഴ സാൽവേജ് ഓപ്പറേഷനു തടസ്സം; മലേഷ്യൻ തേക്കുകൾ കൈക്കലാക്കാൻ മണ്ണിൽ കുഴിച്ചിട്ടു, പൊലീസ് കൂട്ടിയിട്ടു കാവലൊരുക്കി
കൊല്ലം∙ ജില്ലയുടെ തീരത്ത് അടിഞ്ഞ കണ്ടെയ്നറുകളിലൊന്നിലും അപകടകരമായ വസ്തുക്കളില്ലെന്ന് അധികൃതർ. പോർട്ടിൽ എത്തിച്ച കണ്ടെയ്നറുകളിലൊന്നിൽ നിന്ന് പ്ലാസ്റ്റിക് പെല്ലറ്റ് കണ്ടെത്തിയത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു.
കനത്ത മഴയും അതിശക്തമായ കാറ്റും മുങ്ങിയ ലൈബീരിയൻ കപ്പലിന്റെ സാൽവേജ് ഓപ്പറേഷനു (കപ്പലുകളുടെ അടിയന്തര സാഹചര്യം കണക്കിലെടുത്തുള്ള നടപടി) തടസ്സമാകുന്നതായാണു വിലയിരുത്തൽ. കണ്ടെയ്നറുകൾ പൂർണമായും മാറ്റാൻ കൂടുതൽ സമയം എടുത്തേക്കും.
കൊല്ലം പോർട്ടിലേക്ക് എത്തിച്ച കണ്ടെയ്നറുകളിലെ പ്ലാസ്റ്റിക്
പെല്ലറ്റുകൾ അടങ്ങിയ ചാക്കുകൾ.
ചിത്രം: മനോരമ
തെക്കുംഭാഗം മത്സ്യഭവനു പിൻഭാഗത്തെ കടൽഭിത്തിയോട് ചേർന്നാണ് ഒരു കണ്ടെയ്നർ തീരത്തടിഞ്ഞത്. തീരത്തെ മണൽപരപ്പിൽ ഉറച്ച നിലയിലാണ് കണ്ടെയ്നർ.
മറ്റൊരു കണ്ടെയ്നർ മലപ്പുറം പള്ളിക്കും ചില്ലയ്ക്കൽ പള്ളിക്കും ഇടയിലുള്ള കടൽത്തീരത്ത് പാറക്കെട്ടുകളിൽ ഇടിച്ചുകയറി തകർന്ന നിലയിലാണ് കാണപ്പെട്ടത്. കണ്ടെയ്നറിൽ തുണിത്തരങ്ങൾ, ന്യൂസ് പ്രിന്റ്, പഞ്ഞി അടക്കമുള്ള ചരക്കുകളായതിനാൽ ആശങ്കപ്പെടേണ്ട
സാഹചര്യമില്ലെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്ത് കസ്റ്റംസ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.
പരവൂർ പൊലീസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. പരവൂർ ചില്ലയ്ക്കൽ തീരത്തടിഞ്ഞ കണ്ടെയ്നറിന്റെ അവശിഷ്ടം.
41 കണ്ടെയ്നറുകൾ മാറ്റാൻ കൂടുതൽ സമയം വേണമെന്നാണ് വിദഗ്ധർ പറയുന്നത്.
സാങ്കേതിക ഉപകരണങ്ങൾ കൊണ്ടുവരാനും കണ്ടെയ്നറുകൾ പല ഭാഗങ്ങളാക്കി കരയിൽ എത്തിക്കാനും കൂടുതൽ സമയം ആവശ്യമാണെന്ന് കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ സാൽവേജ് ഓപ്പറേഷന്റെ ഭാഗമായി ടി ആൻഡ് ടി സാൽവേജ് കമ്പനി അധികൃതരും കണ്ടെയ്നർ മാറ്റാൻ ചുമതലപ്പെടുത്തിയ വാട്ടർലൈൻ ഷിപ്പിങ്ങിന്റെ ഉദ്യോഗസ്ഥരുമാണ് ഇക്കാര്യം പറഞ്ഞത്. കൃത്യമായ കാര്യ പദ്ധതി തയാറാക്കി ജനങ്ങൾക്കും തീര പരിസ്ഥിതിക്കും കോട്ടം തട്ടാതെ കണ്ടെയ്നറുകൾ മാറ്റണമെന്നും ആവശ്യമെങ്കിൽ കൂടുതൽ തൊഴിലാളികളെ നിയോഗിക്കണമെന്നും കലക്ടർ നിർദേശിച്ചിട്ടുണ്ട്. ചില്ലയ്ക്കൽ ഫിഷ് ലാൻഡിങ് സെന്ററിൽ രാവിലെയോടെയാണ് വലിയ ബോക്സുകളുടെ രൂപത്തിൽ കപ്പലിലെ ചരക്കുകളും കണ്ടെയ്നറിന്റെ അവശിഷ്ടങ്ങളും തീരത്തടിഞ്ഞത്.
റീഫർ കണ്ടെയ്നറുകളുടെ (റെഫ്രിജറേറ്റഡ് കണ്ടെയ്നർ) ശീതീകരണ സംവിധാനത്തിന്റെ പുറംപാളികൾ പോലുള്ള ഭാഗങ്ങളാണ് തീരത്തെത്തിയത്. കൂടാതെ തീരത്ത് വെളുത്ത തരികളും പ്രത്യക്ഷപ്പെട്ടിരുന്നു.
പ്ലാസ്റ്റിക് നിർമാണത്തിനുള്ള അസംസ്കൃത വസ്തുവായ പ്ലാസ്റ്റിക് ഗ്രാന്യൂൾസാണ് ഇവയെന്ന് സംശയിക്കുന്നു. കോങ്ങാൽ, മലപ്പുറം പള്ളി ഭാഗങ്ങളിലും കപ്പലിൽ നിന്നുള്ള ചരക്കുകൾ തീരത്തടിഞ്ഞിരുന്നു.
പൊഴിക്കര പൊഴിമുഖത്തിനോട് ചേർന്നു താന്നിയിലും വലിയ ബോക്സുകളുടെ രൂപത്തിലാണ് ചരക്കുകൾ തീരത്തടിഞ്ഞത്.
കണ്ടെയ്നറുകൾ എന്തു ചെയ്തു?
കഴിഞ്ഞ ദിവസം തീരത്ത് അടിഞ്ഞ കണ്ടെയ്നറുകൾ നീക്കാനുള്ള ശ്രമം കനത്ത മഴയിലും തടസ്സപ്പെട്ടു. ബീച്ചിലും പരിസരത്തുമായി കണ്ടെത്തിയ രണ്ട് കണ്ടെയ്നറുകൾ കൊല്ലം പോർട്ടില് എത്തിച്ചിട്ടുണ്ട്.
ശക്തികുളങ്ങര പള്ളിക്ക് സമീപം കണ്ടെത്തിയവയിൽ രണ്ടെണ്ണം ക്രെയിൻ ഉപയോഗിച്ച് ഉയർത്തി എടുത്തു മാറ്റി. നീണ്ടകര ഹാർബർ, ചെറിയഴീക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ കണ്ടെത്തിയ കണ്ടെയ്നറുകൾ അടുത്ത ദിവസം നീക്കുമെന്നാണ് അധികൃതർ പറയുന്നത്.
നീണ്ടകരയിലെ കണ്ടെയ്നർ കടലിന്റെ സുരക്ഷാ ഭിത്തിയിലാണ് ഉറച്ചത്. ആ ഭാഗത്തേക്ക് ക്രെയിൻ കൊണ്ടുവരാൻ പ്രയാസമാണ്.
ഇവയുടെ നീക്കം സംബന്ധിച്ച തീരുമാനം ഇന്ന് എടുത്തേക്കും. 41 കണ്ടെയ്നറുകളാണ് ഇതുവരെ കൊല്ലം തീരത്ത് അടിഞ്ഞത്.
ഉടൻ മാറ്റും: കലക്ടർ
തീരത്തടിഞ്ഞ കണ്ടെയ്നറുകൾ വേഗത്തിൽ മാറ്റുമെന്ന് കലക്ടർ എൻ ദേവിദാസ്.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, എൻഡിആർഎഫ്, കസ്റ്റംസ് സംഘങ്ങളാണ് മാറ്റുന്നതിനുള്ള ജോലി നിർവഹിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. ആലപ്പാട് പഞ്ചായത്തിൽ ചെറിയഴീക്കലിൽ കണ്ടെയ്നർ കണ്ടതോടെ അഞ്ചു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
കസ്റ്റംസ്, ഷിപ്പിങ് കമ്പനി പ്രതിനിധികൾ തുടർനടപടികളും സ്വീകരിച്ചു. കണ്ടെയ്നറുകൾ ജില്ലയിലെ വിവിധ തീരപ്രദേശങ്ങളിൽ എത്തിയെങ്കിലും അപകടകരമായ വസ്തുക്കൾ കണ്ടെത്താനായില്ല.
ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും വ്യക്തമാക്കി. ക്രെയിനുകൾ ഉപയോഗിച്ച് കണ്ടെയ്നറുകൾ മാറ്റുന്ന പ്രവൃത്തി ഒരു ദിവസത്തിനുള്ളിൽ പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തേക്ക് തടികൾ കൈക്കലാക്കാൻ ശ്രമം
കണ്ടെയ്നറിൽ നിന്നു പുറത്തു വന്ന വസ്തുക്കൾ തൊടാൻ പാടില്ലെന്ന നിർദേശം നിലനിൽക്കെ ബീച്ചിൽ അടിഞ്ഞ മലേഷ്യൻ തേക്കുകൾ കൈക്കലാക്കാനുള്ള ചിലരുടെ ശ്രമം പൊലീസ് ഇടപെട്ട് തടഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിലും രാവിലെയുമായാണ് തേക്ക് കട്ടകൾ ബീച്ചിൽ തിര എത്തിച്ചത്.
രാവിലെ കണ്ടപ്പോൾ തന്നെ ആളുകൾ എടുത്തു മണ്ണിൽ കുഴിച്ചിട്ടു. പിന്നീട് പൊലീസ് എത്തി മണ്ണിൽ കുഴിച്ചിട്ടവയും ബീച്ചിൽ അവേശേഷിച്ചവയും കണ്ടെത്തി അവിടെ തന്നെ കൂട്ടിയിട്ടു കാവലൊരുക്കി.
ചിലരെ കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. സംഭവത്തിൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
എന്താണ് സാൽവേജ് ഓപ്പറേഷൻ?
ചരക്ക് കപ്പലുകൾ മുങ്ങുന്നത് ഉൾപ്പെടെയുള്ള അടിയന്തര സാഹചര്യത്തിൽ കണ്ടെയ്നറുകളും കപ്പലിന്റെ അവശിഷ്ടങ്ങളും മാറ്റുന്ന പ്രക്രിയയാണ് സാൽവേജ് ഓപ്പറേഷൻ എന്നു പറയുന്നത്. സാൽവേജ് ഓപ്പറേഷനിൽ ഏറെ വൈദഗ്ധ്യമുള്ള കമ്പനിയാണ് ഇവിടെ ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.
കണ്ടെയ്നറുകൾ മാറ്റുന്നതിനു പുറമേ, കപ്പലിൽ നിന്ന് ഒഴുകാൻ സാധ്യതയുള്ള എണ്ണ തിരിച്ചെടുക്കാനുള്ള സംവിധാനവും ഇവർക്കുണ്ടെന്ന് കമ്പനി അധികൃതർ പറഞ്ഞു. രാസപദാർഥങ്ങൾ ഒഴുകിയാൽ അവയെ പ്രതിരോധിക്കാനുള്ള സംവിധാനവുമുണ്ട്.
തീരദേശം വറുതിയിലേക്ക്
കൊല്ലം ∙ അതിതീവ്ര മഴയും കാറ്റും മൂലം ഇളകി മറിയുന്ന കടലിൽ മീൻ പിടിത്തം അസാധ്യമായി, മൺസൂൺ ശക്തമായപ്പോഴേക്കും കടലിൽ ചരക്കുകപ്പൽ മുങ്ങി ആ മേഖലയിലും മീൻ പിടിത്തം കഴിയാതെയായി, അടുത്തയാഴ്ച പിന്നിടുമ്പോൾ മൺസൂൺകാല ട്രോളിങ് നിരോധനത്തിന്റെ 52 നാളുകൾ… തീരമേഖലയിൽ ഇക്കുറി വല്ലാതെ പിടിമുറുക്കും എന്നർഥം. ജൂൺ 9 മുതൽ 52 ദിവസത്തേക്കാകും ഇക്കുറിയും ട്രോളിങ് നിരോധനം. പരമ്പരാഗത യാനങ്ങൾ ഒഴികെ മറ്റൊന്നിനും ഈ കാലയളവിൽ കടലിൽ പോകാനാവില്ല.
ട്രോളിങ് നിരോധന കാലയളവിൽ കേരളത്തിന്റെ തീരദേശം കടുത്ത വറുതിയിൽ അമരുന്നതാണ് അനുഭവം. യന്ത്രവൽകൃത ബോട്ടുകൾ കരയ്ക്ക് ഇരിക്കുന്നതോടെ ഇവയിൽ കടലിൽ പോയിരുന്ന അനേകായിരം മത്സ്യത്തൊഴിലാളികൾക്ക് ജോലിയില്ലാതാകും.
ഇതോടെ വീടുകളിൽ ദാരിദ്ര്യം പിടിമുറുക്കും.അനുബന്ധ സ്ഥാപനങ്ങളും അവയിലെ തൊഴിലാളികളും പ്രതിസന്ധിയിലാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]