കൊല്ലം ∙ യുദ്ധത്തെത്തുടർന്നു ഹോർമുസ് കടലിടുക്ക് കടക്കാനാകാത്തതിനാൽ ഇന്ധനം തീർന്നു കടലിൽ കുടുങ്ങിയ മംഗോളിയൻ ചരക്കുകപ്പലിനു കൊല്ലം തുറമുഖത്ത് അഭയം. ചൈനയിൽ നിന്നു ഷാർജയിലേക്കു പോവുകയായിരുന്ന എൽപിജി ടാങ്കർ കപ്പലാണു തീരത്തടുത്തത്.
കൊച്ചി തുറമുഖത്ത് അടുക്കാനായി 11 ദിവസം കാത്തുകിടന്നെങ്കിലും ഷിപ്പിങ് ഡയറക്ടർ ജനറലിന്റെ ഇൻഷുറൻസ് ഇല്ലാതിരുന്നതിനാൽ അനുമതി ലഭിച്ചില്ല.
മംഗോളിയയുടെ പതാകയുള്ള കപ്പൽ ഫെബ്രുവരി 14ന് ആണു ചൈനയിൽ നിന്നു പുറപ്പെട്ടത്. പശ്ചിമേഷ്യയിലെ പ്രതിസന്ധി കാരണം വേഗം കുറച്ചും ഇടയ്ക്കിടെ നങ്കൂരമിട്ടുമാണു നീങ്ങിയിരുന്നത്.
യുദ്ധം തീരുന്നതിനനുസരിച്ച് എത്താമെന്നായിരുന്നു കണക്കുകൂട്ടൽ. ഇതോടെയാണ് ഇന്ധനം കുറഞ്ഞത്.
ഇന്ധനം നിറയ്ക്കാൻ ചില തുറമുഖങ്ങളെ സമീപിച്ചെങ്കിലും സാധ്യമായില്ല. ശുദ്ധജലം, പലചരക്ക് സാധനങ്ങൾ എന്നിവയും തീരാറായിരുന്നു.
10 ഇന്തൊനീഷ്യക്കാരും ഒരു ചൈനക്കാരനും ഉൾപ്പെടെ 11 ജീവനക്കാരാണു കപ്പലിലുള്ളത്.
മൂന്നു ദിവസം മുൻപു കൊല്ലം പുറങ്കടലിൽ എത്തിയ കപ്പലിന്റെ ഉടമകൾ സത്യൻസ് ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡിനെ ബന്ധപ്പെട്ടു. തുടർന്നാണു രേഖകൾ ലഭ്യമാക്കി തീരത്ത് അടുത്തത്.
കോസ്റ്റ് ഗാർഡിന്റെ നിരീക്ഷണവും ഉണ്ടായിരുന്നു. കൊല്ലം പോർട്ട് ഓഫിസർ എം.ജെ.രഞ്ജിത്ത്, പോർട്ട് പൾസർ എം.സുനിൽ, സിഇഒ ഷൈൻ ഹക്ക്, ഡപ്യൂട്ടി ഡയറക്ടർ അശ്വനി പ്രതാപ് എന്നിവർക്കു പുറമേ കസ്റ്റംസ് ഇമിഗ്രേഷൻ വിഭാഗങ്ങളും അടിയന്തര പ്രാധാന്യത്തോടെ ഇടപെട്ടു.
അല്ലെങ്കിൽ പുറങ്കടലിൽ വൈദ്യുതി വിതരണ സംവിധാനം ഉൾപ്പെടെ നിശ്ചലമായി കപ്പൽ ‘ബ്ലാക്ക് ഔട്ടി’ലേക്കു നീങ്ങുമായിരുന്നു. അങ്ങനെയുണ്ടായാൽ തിരികെക്കൊണ്ടുവരുന്നതിന് ഒട്ടേറെ നടപടിക്രമങ്ങൾ പൂർത്തിയാക്കണം.
ഇല്ലെങ്കിൽ കപ്പൽ ഉപേക്ഷിക്കേണ്ടിവരും.
ആദ്യഘട്ടമായി കൊച്ചിയിൽ നിന്നു ടാങ്കർ ലോറികളിൽ 10,000 ലീറ്റർ ഇന്ധനമാണു കൊല്ലത്തെത്തിക്കുന്നത്. ശുദ്ധജലം, പലവ്യഞ്ജനം എന്നിവയും ലഭ്യമാക്കും.
ഇന്ധനം ഇന്നു നിറയ്ക്കാനാണു ശ്രമം.പശ്ചിമേഷ്യയിലെ പ്രതിസന്ധിയെത്തുടർന്ന് ഈ മാസം ആദ്യം കൊല്ലത്ത് അടുപ്പിച്ച സൗദി കപ്പൽ സാക്കി വിഷൻ ഇപ്പോഴും തുറമുഖത്തു തുടരുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

