
കൊല്ലം– തേനി ദേശീയപാതയിലെ വളവുകൾ നിവർത്തും; 3 കിലോമീറ്റർ കുറയും: ഏറ്റെടുക്കുന്നത് 46.62 ഹെക്ടർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം∙ കൊല്ലം–തേനി ദേശീയപാതയിലെ (എൻഎച്ച്183) ആദ്യ റീച്ചായ കടവൂർ–ആഞ്ഞിലിമൂട് (ചെങ്ങന്നൂർ) ഭാഗത്തിന്റെ വികസനത്തിന് ജില്ലയിൽ നിന്ന് ഏറ്റെടുക്കുന്നത് 46.62 ഹെക്ടർ സ്ഥലം. ജില്ലയിലെ 550ൽ അധികം സർവേ നമ്പറുകളിലെ ഭൂമി ദേശീയപാത വികസനത്തിനായി ഏറ്റെടുക്കാനായാണ് 3എ പ്രകാരമുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ പേരുടെ ഭൂമി ഏറ്റെടുക്കുന്നത് ശൂരനാട് വില്ലേജിനു കീഴിലാണ്. കടവൂരിൽ നിന്ന് ആഞ്ഞിലിമൂട് വരെ രണ്ടു ജില്ലകളിലായി ഏറ്റെടുക്കുന്നത് 74 ഹെക്ടർ സ്ഥലവും. കൊല്ലം, കുന്നത്തൂർ താലൂക്കുകളിലെ തൃക്കടവൂർ, പെരിനാട്, പേരയം, പനയം, മുളവന, ഈസ്റ്റ് കല്ലട, വെസ്റ്റ് കല്ലട, ശാസ്താംകോട്ട, പോരുവഴി, ശൂരനാട് നോർത്ത് എന്നീ 10 വില്ലേജുകളിലെ സ്ഥലമാണ് ഏറ്റെടുക്കുന്നത്.
സ്ഥലം ഏറ്റെടുപ്പ് ഒരു വർഷം കൊണ്ടു പൂർത്തിയാക്കി, അതു കഴിഞ്ഞുള്ള 2 വർഷം കൊണ്ടു നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ദേശീയപാത 183ൽ ഏറ്റവും കൂടുതൽ വളവുകളുള്ളത് ജില്ലയിലെ റോഡിലാണ്. അതുകൊണ്ടു തന്നെ വളവ് നിവർത്താനാണ് കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നത്. വളവ് നിവർത്തുമ്പോൾ ഏകദേശം 3 കിലോമീറ്റർ ദൂരം കുറയുമെന്നും വിലയിരുത്തുന്നു. ഇളമ്പല്ലൂർ (റെയിൽവേ ലവൽ ക്രോസ്), ചിറ്റുമല ജംക്ഷനുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ വളവുകൾ നിലവിൽ ഏറെ പ്രയാസം സൃഷ്ടിക്കാറുണ്ട്. ചിലയിടങ്ങളിൽ നിലവിലെ റോഡിലൂടെ ഒരേ സമയം രണ്ടു വാഹനങ്ങൾക്ക് കടന്നു പോകാനും പ്രയാസമുണ്ട്.
കയറ്റമുള്ള സ്ഥലങ്ങൾ മണ്ണിട്ട് നികത്തി ഉയർത്താനും പദ്ധതിയുണ്ട്. സുഗമമായ യാത്രയൊരുക്കുകയാണ് എൻഎച്ച്183 വികസനത്തിലൂടെ ലക്ഷ്യമിടുന്നത്. നിർമാണം പൂർത്തിയാകുമ്പോൾ കൊല്ലത്തു നിന്ന് ചെങ്ങന്നൂർ, കോട്ടയം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കു യാത്ര ചെയ്യുന്നവർ എൻഎച്ച്183 ഉപയോഗിക്കുമെന്നാണു വിലയിരുത്തൽ. ഭരണിക്കാവിൽ നിന്ന് തിരിഞ്ഞ് അടൂർ, പത്തനംതിട്ട വഴി ശബരിമല യാത്രക്കാർക്കും ഏറെ ഉപകാരപ്രദമാണ് ഈ റോഡ്. ദേശീയപാതയിലെ ഏകദേശം 40 കിലോമീറ്റർ ദൈർഘ്യമാണ് ജില്ലയിലൂടെ കടന്നുപോകുന്നത്.
വില്ലേജുകളിലെ സ്ഥലം ഏറ്റെടുപ്പ്
∙ ശൂരനാട് നോർത്ത് – 99 സർവേ നമ്പറുകളിലെ ഭൂമി ഏറ്റെടുക്കും
∙ പോരുവഴി – 24 സർവേ നമ്പറുകൾ
∙ ശാസ്താംകോട്ട – 75 സർവേ നമ്പറുകൾ
∙ വെസ്റ്റ് കല്ലട – 9 സർവേ നമ്പറുകൾ
∙ മുളവന – 41 സർവേ നമ്പറുകൾ
∙ പെരിനാട് – 67 സർവേ നമ്പറുകൾ
∙ പേരയം – 44 സർവേ നമ്പറുകൾ
∙ തൃക്കടവൂർ – 56 സർവേ നമ്പറുകൾ
∙ ഈസ്റ്റ് കല്ലട – 78 സർവേ നമ്പറുകൾ
∙ പനയം – 62 സർവേ നമ്പറുകൾ