
നാലംഗ ഗുണ്ടാ സംഘം വീട്ടിൽ കയറി അമ്മയുടെ മുന്നിൽ വച്ച് മകനെ വെട്ടിക്കൊലപ്പെടുത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കരുനാഗപ്പള്ളി ∙ വീട്ടിൽ അതിക്രമിച്ചു കടന്ന നാലംഗ ഗുണ്ടാ സംഘം സ്ഫോടക വസ്തു എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം അമ്മയുടെ മുന്നിൽ വച്ച് മകനെ വെട്ടിക്കൊലപ്പെടുത്തി. പടനായർകുളങ്ങര വടക്ക് കെട്ടിശ്ശേരിൽ കിഴക്കതിൽ വീട്ടിൽ എ.സന്തോഷ്കുമാർ (ജിം സന്തോഷ് 45) ആണു ഇന്നലെ പുലർച്ചെ 2.30 ഓടെ കൊല്ലപ്പെട്ടത്.വവ്വാക്കാവ് ജംക്ഷനു കിഴക്ക് മണപ്പള്ളി റോഡിലുള്ള ഒരു ഹോട്ടലിൽ നിന്നു പുലർച്ചെ ആഹാരം വാങ്ങി ഇറങ്ങിയ കടത്തൂർ കണ്ണംമ്പള്ളി തെക്കതിൽ അനീറിനെയും (31) കാറിൽ വന്ന സംഘം ഈ സംഭവത്തിനു ശേഷം വെട്ടി പരുക്കേൽപിച്ചു. ഗുരുതരമായി പരുക്കേറ്റ അനീറിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്തോഷ്കുമാറിനെ കൊലപ്പെടുത്തിയ സംഘം തന്നെയാണ് അനീറിനെയും ആക്രമിച്ചതെന്നു കരുതുന്നു. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് അക്രമങ്ങൾക്കു കാരണമെന്നു പൊലീസ് പറയുന്നു. പ്രതികൾ സഞ്ചരിച്ചതെന്നു കരുതുന്ന കാർ വയനകത്ത് വച്ച് പൊലീസ് പിടികൂടിയെങ്കിലും കാറിൽ ഉണ്ടായിരുന്നവർ കടന്നു . വധശ്രമക്കേസിൽ പ്രതിയായ സന്തോഷ്കുമാർ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. നേരത്തെ 2 തവണ സന്തോഷ്കുമാറിനു നേരെ വധശ്രമം ഉണ്ടായിട്ടുണ്ട്.
പൊലീസ് പറഞ്ഞത്:
ഇന്നലെ പുലർച്ചെ വടിവാളും കമ്പിപ്പാരയും ഉൾപ്പെടെയുള്ള ആയുധങ്ങളുമായി കാറിൽ എത്തിയ സംഘം ആദ്യം സന്തോഷിന്റെ മാതാവ് ഓമന കിടന്ന മുറിയുടെ കതക് വെട്ടിപ്പൊളിച്ച് ഉള്ളിൽ കടന്നു. ആ മുറിയിൽ സന്തോഷ് ഇല്ലെന്നറിഞ്ഞതോടെ സംഘം തൊട്ടടുത്ത മുറിയുടെ കതക് തകർത്ത് അകത്തു കയറി സന്തോഷിനെ ആക്രമിക്കുകയായിരുന്നു. അക്രമികൾ സ്ഫോടക വസ്തുക്കൾ മുറിയിൽ പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. മാതാവിന്റെ മുന്നിൽ വച്ചായിരുന്നു അക്രമങ്ങളെല്ലാം.ശരീരത്തിന്റെ പലഭാഗത്തും വെട്ടേറ്റ സന്തോഷ്കുമാർ മരിച്ചെന്നു കരുതി സംഘം മടങ്ങി. ഇതിനു ശേഷം സന്തോഷ്കുമാർ തന്നെയാണ് ആംബുലൻസ് വിളിച്ചത്.
ആംബുലൻസ് എത്തി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. സന്തോഷിന്റെ ഭാര്യ രമ്യയും മക്കളായ ഭഗതും വൈഗയും ഈ സമയം തഴവയിലെ വീട്ടിലായിരുന്നു.സന്തോഷ് കുമാറിന്റെ മൃതദേഹം താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് തയാറാക്കി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് അയച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും ഫൊറൻസിക് സംഘവും സന്തോഷ്കുമാറിന്റെ വീട്ടിൽ എത്തി പരിശോധന നടത്തി. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റിലാകുമെന്നും പൊലീസ് പറഞ്ഞു.
കൊല്ലപ്പെട്ടത് 2 വധശ്രമങ്ങളിൽ നിന്നു രക്ഷപ്പെട്ട ആൾ
കരുനാഗപ്പള്ളി ∙ 2 വധശ്രമങ്ങളിൽ നിന്നു രക്ഷപ്പെട്ട ആളാണ് കൊല ചെയ്യപ്പെട്ട സന്തോഷ് കുമാർ. ഏറെ നാളുകളായി സന്തോഷ് കുമാറിന്റെ സംഘവും വയനകം കേന്ദ്രീകരിച്ചുള്ള ഒരു സംഘവും തമ്മിൽ ഏറ്റുമുട്ടി വരികയായിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ വയനകം സംഘത്തിലെ പങ്കജിനെ കുത്തി പരുക്കേൽപിച്ച കേസിൽ റിമാൻഡ് കാലാവധി കഴിഞ്ഞ് ജാമ്യത്തിലിറങ്ങി നിൽക്കുകയായിരുന്നു സന്തോഷ്കുമാർ.
തനിക്കു നേരെ ഇനിയും ആക്രമണം ഉണ്ടാകുമെന്ന് അറിയാമായിരുന്നതിനാൽ ഏറെ തയാറെടുപ്പിലും ആയിരുന്നു .
വീട്ടിലും പരിസരത്തും സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും ദൃശ്യങ്ങൾ മൊബൈലിലും കിട്ടത്തക്ക വിധം സജ്ജീകരിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ പുലർച്ചെ സംഘം കാറിൽ എത്തുന്ന ദൃശ്യങ്ങളൊക്കെ മൊബൈലിലൂടെ കണ്ടിരുന്നത്രെ. സംഘം തന്നെ ആക്രമിക്കാൻ എത്തിയെന്നും പൊലീസിൽ അറിയിക്കാൻ സുഹൃത്തിനോട് സന്തോഷ്കുമാർ ഫോണിൽ പറഞ്ഞതായും പറയുന്നു.
ആക്രമണത്തിൽ പരുക്കേറ്റ സന്തോഷ് കുമാർ ആശുപത്രിയിൽ പോകാൻ ആംബുലൻസ് വിളിച്ചപ്പോഴേക്കും പൊലീസും എത്തിയിരുന്നു.മകനെ ആക്രമിക്കുന്നതു നേരിൽ കണ്ട നടുക്കത്തിലാണ് ഓമന.