
കൊല്ലം ∙ കുണ്ടറ പൊലീസ് സ്റ്റേഷൻ പരിധിയിൽ കേരളപുരം അഞ്ചുമുക്കിൽ ഒമർ കോട്ടേജിൽ ഷാജില (42) എന്ന വീട്ടമ്മയെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കോടതി. ഇളമ്പള്ളൂർ വില്ലേജിൽ കേരപുരം കരിമ്പിൻകര കുന്നുംപുറത്തു വീട്ടിൽ അനീഷ് കുട്ടിയെ ആണ് കൊല്ലം അഞ്ചാമത് അഡീഷനൽ ജില്ലാ കോടതി ജഡ്ജി ബിന്ദു സുധാകരൻ കുറ്റക്കാരനാണെന്ന് വിധിച്ചത്.
മരിച്ച ഷാജിലയുടെ മകനെയും 2 സർക്കിൾ ഇൻസ്പെക്ടർമാർ ഉൾപ്പെടെ 40 സാക്ഷികളെയും കേസിൽ വിസ്തരിച്ചു. 2019 ഡിസംബർ 11ന് ആണ് സംഭവം. അന്നു രാവിലെ 9ന് 7 വയസ്സുള്ള മകളെ സ്കൂൾ ബസിൽ കയറ്റി വിട്ട
ശേഷം തിരികെ വീട്ടിലേക്ക് നടന്നുവന്ന ഷാജിലയെ കത്തിയുമായി കാത്തു നിന്ന പ്രതി തടഞ്ഞു നിർത്തി കുത്തി മുറിവേൽപ്പിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഷാജിലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഷാജിലയുടെ മൃതദേഹത്തിൽ കുത്തേറ്റ 41 മുറിവുകളുണ്ടായിരുന്നു.
നാട്ടുകാർ തടഞ്ഞുവച്ചിരുന്ന പ്രതിയെ പൊലീസ് ഉടൻതന്നെ കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. 2 കുട്ടികളുടെ മാതാവും ട്യൂഷൻ അധ്യാപികയുമായിരുന്ന ഷാജിലയുടെ ഭർത്താവ് സംഭവ സമയത്ത് വിദേശത്തായിരുന്നു.
ഷാജിലയെയും കുടുംബത്തെയും പ്രതി നിരന്തരം ശല്യപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ കുണ്ടറ പൊലീസ് സ്റ്റേഷനിൽ പരാതികൾ നൽകുകയും ചെയ്തിരുന്നു.
പൊലീസ് ഇൻസ്പെക്ടർ രമേശ് കുമാറാണ് കേസ് ആദ്യം അന്വേഷിച്ചത്.
തുടർന്ന് സർക്കിൾ ഇൻസ്പെക്ടർ ജയകൃഷ്ണൻ അന്വേഷണം നടത്തി ചാർജ് ഷീറ്റ് കോടതിയിൽ ഹാജരാക്കി. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
ശിക്ഷയിൽ മേലുള്ള ഹിയറിങ് ഇന്ന് നടക്കും. പ്രോസിക്യൂഷന് വേണ്ടി അഭിഭാഷകരായ ആർ.സേതുനാഥ്, ജയ കമലാസനൻ, മിലൻ എം.മാത്യു, എസ്.പി.പാർത്ഥസാരഥി, ബി.അമിന, സിവിൽ പൊലീസ് ഓഫിസർ എസ്.അനിൽ കുമാർ എന്നിവർ ഹാജരായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]