
കല്ലട പരപ്പാർ അണക്കെട്ടിൽ വെള്ളം കുറയുന്നു; ആശങ്ക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തെന്മല ∙ കല്ലട പരപ്പാർ അണക്കെട്ടിൽ സംഭരണശേഷിയുടെ 57% വെള്ളം. വേനൽ ശക്തമായതോടെ പോഷക നദികളിൽ നിന്നുള്ള നീരൊഴുക്ക് കുറഞ്ഞതാണു കാരണം. കല്ലട, കഴുതുരുട്ടി ആറുകളിൽ ഒരു മാസമായി ഒഴുക്ക് നിലച്ചതുപോലെ ആണ്. പരിസരങ്ങളിൽ ശുദ്ധജല ക്ഷാമവും രൂക്ഷമായി. 115.82 മീറ്റർ സംഭരണ ശേഷിയുള്ള അണക്കെട്ടിൽ ഇന്നലെ 105.62 മീറ്റർ ആണു ജലനിരപ്പ്. കഴിഞ്ഞവർഷം 105.39 മീറ്റർ ആയിരുന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി കെഎസ്ഇബിയുടെ കല്ലട പവർ ഹൗസിൽ വൈദ്യുത ഉൽപ്പാദനം പീക്ക് ടൈമിൽ പരിമിതപ്പെടുത്തി. 15 മെഗാവാട്ട് ശേഷിയുള്ള പവർ ഹൗസിൽ ഇപ്പോൾ 7.5 മെഗാവാട്ട് വൈദ്യുതിയാണ് ഉൽപാദിപ്പിക്കുന്നത്.
കെഐപിയുടെ ഒറ്റക്കൽ തടയണയിൽ നിന്നുള്ള ഇടതു, വലതുകര കനാലുകളിലൂടെ വേനൽക്കാല ജലസേചനം തുടരുന്നുണ്ട്. ഇടതുകര കനാലിൽ 2.30 മീറ്ററും വലതുകര കനാലിൽ 2 മീറ്ററും ആണ് വെള്ളം ഒഴുകുന്നതിന്റെ താഴ്ച. തെന്മല ഇക്കോ ടൂറിസം, ശെന്തുരുണി ഇക്കോ ടൂറിസം പദ്ധതികളിലെ പരപ്പാർ അണക്കെട്ടിന്റെ പള്ളംവെട്ടിയിലെ ബോട്ട് സവാരിയും കുട്ട വഞ്ചി സവാരിയും സഞ്ചാരികളുടെ തിരക്ക് ഇല്ലാത്തതിനാൽ കരയിൽ കയറ്റി. പള്ളംവെട്ടി ഭാഗത്ത് ജലനിരപ്പു ക്രമാതീതമായി താഴ്ന്നു.
വേനലിൽ തടാകത്തിലെ വെള്ളം കുടിക്കാൻ എത്തുന്ന വന്യജീവികൾ സഞ്ചാരികളുടെ മനം മയക്കുന്ന കാഴ്ചയാണ്. കാട്ടാനക്കൂട്ടവും കാട്ടുപോത്തുകളും തീരങ്ങളിലെ വനത്തിൽ തമ്പടിച്ചിട്ടുണ്ട്. ഉൾവനത്തിൽ ജലസ്രോതസ്സുകളിൽ ജലക്ഷാമം ശക്തമായതോടെയാണു വന്യജീവികളുടെ കാടിറക്കം. തെന്മല ഇക്കോ ടൂറിസത്തിൽ 23 പേർക്കു വീതം കയറാവുന്ന പാലരുവി, ഉമയാർ എന്നീ ബോട്ടുകളാണുള്ളത്. ശെന്തുരുണിയിലെ ബോട്ടിൽ 8 പേർക്കും കയറാം. ശെന്തുരുണി ഇക്കോ ടൂറിസത്തിന്റെ 10 പേരെ കയറ്റുന്ന ചെങ്കുറുഞ്ഞി ബോട്ട് അറ്റകുറ്റപ്പണികൾക്കായി കരയിൽ കയറ്റിയിരിക്കുകയാണ്. പകരം സുരക്ഷയെന്ന ചെറു ബോട്ടാണുള്ളത്. വേനഴഅ ആയതിനാൽ ശനി, ഞായർ, മറ്റ് അവധി ദിവസങ്ങളിൽ പോലും തിരക്കില്ല.