
കൊല്ലം–തേനി ദേശീയപാത: പൊളിക്കേണ്ടത് 1800ലേറെ കെട്ടിടങ്ങൾ; ഒരു വർഷത്തിനുള്ളിൽ റോഡുപണി ആരംഭിക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചാരുംമൂട്∙ കൊല്ലം– തേനി ദേശീയപാത (എൻഎച്ച് 183) നാലുവരിയായി വികസിപ്പിക്കുന്നതിനുള്ള സ്ഥലമേറ്റെടുക്കൽ വിജ്ഞാപനം പുറത്തിറങ്ങി. രണ്ടു ഗസറ്റ് വിജ്ഞാപനങ്ങളിലായി കൊല്ലം കടവൂർ മുതൽ വയ്യാങ്കര വരെയുള്ള ഭാഗത്തും വയ്യാങ്കര മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെയുമുള്ള ആലപ്പുഴ ജില്ലയുടെ ഭാഗത്തുമാണു സ്ഥലമേറ്റെടുക്കാൻ ഉത്തരവെത്തിയത്.
പാതയ്ക്കായി 1800ലേറെ കെട്ടിടങ്ങൾ പൊളിക്കേണ്ടി വരുമെന്നാണു കണക്കുകൂട്ടൽ. ഇവയിൽ 70 ശതമാനവും വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങളും താൽക്കാലിക നിർമിതികളുമാണ്. ഒരു വർഷത്തിനുള്ളിൽ തന്നെ നടപടികൾ പൂർത്തിയാക്കി മുഴുവൻ സ്ഥലവും ഏറ്റെടുത്തു റോഡുപണി ആരംഭിക്കാനാണു നിർദേശം. മൂന്നു വർഷം കൊണ്ട് ദേശീയപാത വികസനം പൂർത്തിയാക്കാനാണു മന്ത്രാലയം ലക്ഷ്യമിടുന്നത്.
സ്ഥലമേറ്റെടുക്കൽ വിജ്ഞാപനമെത്തിയതോടെ ഏറ്റെടുക്കാനുള്ള സ്ഥലങ്ങളിൽ കല്ലിട്ട് അടയാളപ്പെടുത്തൽ ആരംഭിക്കും. 24 മീറ്ററിൽ റോഡ് വികസിപ്പിക്കുമ്പോൾ പരമാവധി വളവുകൾ ഒഴിവാക്കുന്ന വിധമാണു രൂപരേഖ. ചിറ്റുമല, ഭരണിക്കാവ്, താമരക്കുളം, ഗുരുനാഥൻകുളങ്ങര, ചുനക്കര തെരുവിൽമുക്ക്, ആല എന്നിവിടങ്ങളിൽ വളവുകൾ നിവർത്തി റോഡ് നേരെയാക്കും. കൊല്ലം ജില്ലയിലെ ചക്കുവള്ളിയിൽ അടിപ്പാതയും ഉണ്ടാവും. പെരുനാട് റെയിൽവേ മേൽപാലം, കടപുഴ, കൊല്ലകടവ് എന്നിവിടങ്ങളിൽ വലിയ പാലങ്ങൾ എന്നിവയും പാതയ്ക്കായി നിർമിക്കും. ചാരുംമൂട് ജംക്ഷൻ നവീകരണവും ഉണ്ടാകും.
വളവുകൾ നിവർത്തി പുനർനിർമിക്കുന്നതോടെ പാതയുടെ ആകെ ദൂരത്തിൽ മൂന്നു കിലോമീറ്റർ നീളം കുറയും.24 മീറ്റർ വീതിയിലുള്ള റോഡിൽ ഇരുവശങ്ങളിലും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും യൂട്ടിലിറ്റി ഡക്ടും ഉണ്ടാകും. റോഡിന്റെ മധ്യഭാഗത്ത് ഡിവൈഡർ, ചാരുംമൂട് ഉൾപ്പെടെ പ്രധാന ജംക്ഷനുകളിൽ ബസ് ബേ തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകുമെന്നു കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.