
വെട്ടിലിൽ കുളം നവീകരണത്തിൽ; നാടിന്റെ ജലസ്രോതസ്സിനു ജീവൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെരിനാട് ∙ ചിറക്കോണം ഏഴാം വാർഡ് വെട്ടിലിൽ വയൽ ഏലായിലെ 150 വർഷത്തോളം പഴക്കമുള്ള കുളത്തിന്റെ പുനരുദ്ധാരണം അന്തിമ ഘട്ടത്തിൽ. ശുദ്ധജലക്ഷാമം രൂക്ഷമാകുന്ന പഞ്ചായത്തിലെ കുടിവെള്ള പദ്ധതികൾ വഴിയുള്ള ജലവിതരണം തികയാതെ വന്നതോടെ അധികൃതർ മറ്റുവഴികൾ തേടുന്നതിന്റെ ഭാഗമായാണ് കുളം നവീകരണം. പ്രധാന പദ്ധതിയായ നാന്തിരിക്കൽ ജലസംഭരണിയിൽ നിന്ന് ആഴ്ചയിൽ ഒരു ദിവസമാണ് ജലവിതരണം നടത്തുന്നത്.
ബാക്കി ദിവസങ്ങളിൽ നാട്ടുകാർ വെള്ളം പണം കൊടുത്ത് വാങ്ങുകയാണ്. പഞ്ചായത്തംഗം മുഹമ്മദ് ജാഫിയുടെ നേതൃത്വത്തിലാണ് കുളം നവീകരിക്കുന്നതിനുള്ള ശ്രമം തുടങ്ങിയത്. ജില്ലാ പഞ്ചായത്തിന്റെ കൈവശമായിരുന്ന കുളം പഞ്ചായത്ത് ഏറ്റെടുക്കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം പി. ജയന്തി അനുവദിച്ച 38 ലക്ഷം രൂപ ഉപയോഗിച്ച് മണ്ണ് സംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിലാണ് നിർമാണം. മാലിന്യം നീക്കിയപ്പോൾ ലഭിച്ച് പ്ലാസ്റ്റിക് കുപ്പികൾ മാത്രം 10 ലോഡിലധികം ഉണ്ടായിരുന്നു.
ആഴവും വീതിയും കൂട്ടി ചുറ്റും കരിങ്കൽ കെട്ടി. ആഴം കൂട്ടിയതോടെ കുളത്തിൽ വെള്ളം നിറഞ്ഞു. 6 മീറ്റർ ആഴമുള്ള കുളത്തിൽ ഇപ്പോൾ 2 മീറ്റർ ആഴത്തിൽ വെള്ളമുണ്ട്. ഇതോടെ സമീപത്തെ കിണറുകളിലും വെള്ളം നിറഞ്ഞു. കുളത്തിൽ 5 മീറ്റർ വരെ വെള്ളം നിറയ്ക്കാം. അധികം വരുന്ന വെള്ളം ഇടവട്ടം ഏലാ തോട് വഴി കണ്ടച്ചിറ ചീപ്പ് ഭാഗത്തേക്ക് ഒഴുക്കും. ഇളമ്പള്ളൂർ ചിറയിൽ കുളം കവിഞ്ഞൊഴുകുന്ന വെള്ളവും ഇളമ്പള്ളൂർ, നാന്തിരിക്കൽ ഭാഗത്ത് നിന്നുള്ള മഴവെള്ളവും ഒഴുകി വെട്ടിലിൽ കുളത്തിലാണ് പതിക്കുന്നത്.
നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായാൽ ചുറ്റും വേലികെട്ടി സുരക്ഷിതമാക്കും. കുളത്തിൽ നിന്ന് നേരിട്ട് വെള്ളം പമ്പ് ചെയ്യാൻ കഴിയില്ല. പ്രധാനമായും ജലസ്രോതസ്സ് എന്ന നിലയിലാണ് കുളം നവീകരിക്കുന്നത്. നേരിട്ട് കൃഷി ആവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കാം. സമീപത്ത് കുഴൽക്കിണർ നിർമിച്ചാൽ ജലജീവൻ മിഷന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള പൈപ്പുകൾ വഴി ചിറക്കോണം, നാന്തിരിക്കൽ, കേരളപുരം വാർഡുകളിൽ വള്ളം എത്തിക്കാൻ കഴിയും. ഗ്രൗണ്ട് വാട്ടർ അതോറിറ്റി, വാട്ടർ അതോറിറ്റി എന്നിവയുമായി ചേർന്ന് ശുദ്ധജല വിതരണത്തിൽ തീരുമാനം എടുക്കും. തുടർന്ന് പദ്ധതി ആവിഷ്കരിച്ച് ഫണ്ട് അനുവദിപ്പിക്കുന്നതിനു നടപടി സ്വീകരിക്കുമെന്ന് മുഹമ്മദ് ജാഫി പറഞ്ഞു.