
ക്ഷമ പരീക്ഷിക്കരുത്; കൊട്ടാരക്കര താലൂക്ക് ആശുപത്രി വികസന പദ്ധതി ഒച്ചിഴയും വേഗത്തിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊട്ടാരക്കര∙ രണ്ട് വർഷത്തിനുള്ളിൽ 93 കോടി രൂപ ചെലവിൽ മൂന്ന് ബഹുനില കെട്ടിട സമുച്ചയങ്ങൾ നിർമിച്ച് രാജ്യാന്തര നിലവാരത്തിലേക്ക് കൊട്ടാരക്കര താലൂക്ക് ആശുപത്രിയെ ഉയർത്തുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. പക്ഷേ നാലര വർഷം കൊണ്ട് താലൂക്ക് ആശുപത്രി വളപ്പിൽ ഉയർന്നത് ഒരു കെട്ടിടം മാത്രം. മൂന്ന് നിലകളുള്ള ഓഫിസ് കെട്ടിടം പൂർത്തിയായി. 11 നില, 5 നില കെട്ടിടങ്ങൾ ഇനി പൂർത്തിയാക്കണം. പണി ഇഴഞ്ഞതോടെ കരാറുകാരൻ പുറത്താക്കി. പുതിയ കരാറുകാരനെ ഇനി കണ്ടെത്തണം. ആശുപത്രി വളപ്പിലെ മണ്ണ് നീക്കം ചെയ്യണം.നിലവിലെ നിർമാണ പുരോഗതിയനുസരിച്ച് കുറഞ്ഞത് 30 വർഷം വേണ്ടി വരും.
രണ്ടായിരത്തോളം ജനങ്ങൾ ദിവസവും ചികിത്സ തേടിയെത്തുന്ന കൊട്ടാരക്കര താലൂക്ക് ആശുപത്രിക്കാണ് ഈ ദുസ്ഥിതി. ഏതായാലും ജനങ്ങൾ ദുരിതാവസ്ഥയിലാണ്. പുതിയ കെട്ടിട സമുച്ചയ നിർമാണത്തിനായി പൊളിച്ചടുക്കിയ കെട്ടിടഭാഗങ്ങളിൽ നിന്നും പൊടിക്കാറ്റ് ഉയരുന്നു. പനിയുമായി വരുന്ന രോഗികൾക്ക് ശ്വാസം മുട്ട് ബോണസായി ലഭിക്കുമെന്ന അവസ്ഥ. 2020 ഡിസംബർ 17നാണ് നിർമാണങ്ങളുടെ തുടക്കം.വെറും മൂന്ന് നിലകളുള്ള ഓഫിസ് കെട്ടിടം നിർമാണം പൂർത്തിയാക്കാൻ മൂന്ന് വർഷത്തോളം വേണ്ടി വന്നു.കെട്ടിട നിർമാണം വേഗത്തിലാക്കാൻ നടപടി വേണമെന്നാണ് ആവശ്യം.
ആശുപത്രി വികസന സമിതി യോഗത്തിലും വിമർശനം
കൊട്ടാരക്കര∙ ആശുപത്രി വികസനം വൈകുന്നതിനെതിരെ കഴിഞ്ഞ ദിവസം നടന്ന വികസന സമിതി യോഗത്തിലും രൂക്ഷ വിമർശനം ഉയർന്നു. പുതിയ കരാറുകാരനെ തിരഞ്ഞെടുക്കാൻ മാസങ്ങൾ വേണ്ടി വരുമെന്നാണ് യോഗത്തിലെ ഔദ്യോഗിക വിശദീകരണം. കരാർ ഇതുവരെയും ക്ഷണിച്ചിട്ടില്ല. താലൂക്ക് ആശുപത്രിയിൽ ട്രോമാകെയർ യൂണിറ്റ് ബോർഡിൽ മാത്രം ഒതുങ്ങുന്നതായും അപകടങ്ങളിൽപ്പെടുന്നവർക്ക് മെച്ചപ്പെട്ട ചികിത്സ നൽകാൻ സജ്ജീകരണങ്ങളില്ലെന്നും പരാതി ഉയർന്നു.
താലൂക്ക് ആശുപത്രി മോർച്ചറിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് നടത്തിയവരെ തിരിച്ചെടുക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. ഇതിനെ ഭൂരിഭാഗം അംഗങ്ങളും എതിർത്തു. സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന സമിതി തീരുമാനവുമായി മുന്നോട്ട്പോകാൻ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു.
അന്വേഷണത്തിൽ വിജിലൻസിന് കത്ത് നൽകാത്ത കൊട്ടാരക്കര നഗരസഭക്ക് എതിരെയും വിമർശനം ഉണ്ടായി. കൊട്ടാരക്കര നഗരസഭ ചെയർപഴ്സൻ കെ.ഉണ്ണിക്കൃഷ്ണമേനോൻ അധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ ബിജി ഷാജി, സൂപ്രണ്ട് ഡോ.സിന്ധു ശ്രീധരൻ, സമിതി അംഗങ്ങളായ പി.കെ.ജോൺസൺ. ഡി.രാമകൃഷ്ണപിള്ള, എസ്.ആർ.രമേശ്, തൃക്കണ്ണമംഗൽ ജോയിക്കുട്ടി,പി.ചന്ദ്രഹാസൻ എന്നിവർ സംബന്ധിച്ചു.