പുത്തൂർ ∙ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്ഐആർ)ജോലികളിൽ ബൂത്ത് ലവൽ ഓഫിസർമാരെ(ബിഎൽഒ) രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്റുമാർ സഹായിക്കും എന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും നടപ്പായില്ലെന്നു പരാതി. ബിഎൽഎമാരെല്ലാം തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ തിരക്കിലാണ്.
ചിലർ സ്ഥാനാർഥികളുമാണ്. ജില്ലയ്ക്കു പുറത്തുള്ള ആറ്റിങ്ങൽ മണ്ഡലത്തിൽ ബിഎൽഒമാരെ സഹായിക്കാൻ അങ്കണവാടി, ആശ വർക്കമാരെ അഡീഷനൽ ബിഎൽഒമാരായി നിയമിച്ച് ഉത്തരവ് ഇറങ്ങിയിട്ടുണ്ട്.
ജില്ലയിൽ അത്തരത്തിൽ ഒരു നീക്കവും നടന്നിട്ടില്ലെന്നാണ് റിപ്പോർട്ട്. ഫോം ശേഖരണം തന്നെ മിക്കയിടത്തും പൂർത്തിയായിട്ടില്ല.
അതിനു പുറമേയാണു വിവരങ്ങൾ അപ്ലോഡ് ചെയ്യുന്ന കാര്യത്തിലും പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. സമയം നീട്ടി നൽകിയില്ലെങ്കിൽ വിവരങ്ങൾ പൂർണമായും അപ്ലോഡ് ചെയ്യുന്നത് പൂർത്തിയാകില്ലെന്നാണ് ബിഎൽഒമാർ പറയുന്നത്.
വിവരങ്ങൾ അപ്ലോഡ് ചെയ്യുന്ന മൊബൈൽ ആപ് ഇടയ്ക്കിടെ പണിമുടക്കുന്നതിനാൽ ബിഎൽഒമാർ വലയുകയാണ്.
വിവരങ്ങൾ അപ്ലോഡ് ചെയ്തു കൊണ്ടിരിക്കുമ്പോൾ ആപ് സ്വയം ലോഗ് ഔട്ട് ആകുന്നതും പ്രതികരിക്കാതിരിക്കുന്നതുമാണ് പ്രശ്നമാകുന്നത്. രാത്രിയിലാണു മിക്കവരും ഫോൺ വഴി വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നത്. ഇതിനിടയിലാണ് ആപ് സ്വയം ലോഗ് ഔട്ട് ആകുന്നത്.
വീണ്ടും ഒടിപി നൽകിയാൽ മാത്രമേ ലോഗ് ഇൻ ചെയ്യാൻ കഴിയൂ. ഒടിപി നൽകിയാലും ചിലപ്പോൾ ലോഗ് ഇൻ ചെയ്യാൻ കഴിയാത്തതാണു മറ്റൊരു ബുദ്ധിമുട്ട്.
ശനി രാത്രി 7 മണിക്ക് അപ്ലോഡിങ് തുടങ്ങി 10 മണിയോടെ ആപ് പൂർണമായും നിശ്ചലമായതായി ബിഎൽഒമാർ പറഞ്ഞു.
പിന്നീട് പല തവണ ശ്രമിച്ചിട്ടും നടക്കാതായതോടെ ശ്രമം ഉപേക്ഷിച്ചു. ബിഎൽഒമാരുടെ വാട്സാപ് ഗ്രൂപ്പിൽ പരാതികൾ പെരുകിയതോടെ അര മണിക്കൂർ കാത്തിരിക്കാനും പ്രശ്നം പരിഹരിക്കുമെന്നും ഔദ്യോഗിക അറിയിപ്പ് ഉണ്ടായെങ്കിലും പ്രശ്നം പൂർണമായും പരിഹരിച്ചില്ല.
ഇന്നലെ പകൽ സമയത്ത് വലിയ പ്രശ്നം ഉണ്ടായില്ല. രാത്രി സമയത്ത് എല്ലാവരും ഒരേ സമയം ആപ് ഉപയോഗിക്കുന്നതാകാം പ്രശ്നത്തിനു കാരണമെന്നാണ് നിരീക്ഷണം.
തിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥ പരിശീലനം നാളെ മുതൽ
കൊല്ലം∙ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിലെ പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം നാളെ രാവിലെ ആരംഭിക്കും.
രാവിലെയും ഉച്ചയ്ക്കും 2 സെഷനുകളിലായാണ് പരിശീലനം നടക്കും. 28 വരെയാണു പരിശീലനം.
പോളിങ് ഡ്യൂട്ടിക്ക് ഒന്നാംഘട്ട ക്രമീകരണണത്തിൽ ഉത്തരവ് ലഭിച്ചിട്ടുള്ള എല്ലാ ജീവനക്കാരും അതത് കേന്ദ്രങ്ങളിൽ പരിശീലന ക്ലാസിൽ പങ്കെടുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടർ എൻ.
ദേവിദാസ് അറിയിച്ചു. ഡ്യൂട്ടി ഒഴിവാക്കുന്നതിനായി അപേക്ഷ നൽകിയിട്ടുള്ളവരും ഇന്നു മുതൽ 28 വരെ രാവിലെയും ഉച്ചയ്ക്കുമായി 2 സെഷനുകളായി നടത്തുന്ന പരിശീലനത്തിൽ നിർബന്ധമായും പങ്കെടുക്കണം. അടിയന്തര സാഹചര്യത്താൽ പരിശീലനത്തിൽ പങ്കെടുക്കാൻ കഴിയാതെ വരുന്നവർ ബന്ധപ്പെട്ട
റിട്ടേണിങ് ഓഫിസറുടെ അനുമതിയോടെ പിന്നീടുള്ള ക്ലാസിൽ ഹാജരാകണം. ഓരോ ദിവസവും പരിശീലനത്തിൽ പങ്കെടുക്കുന്ന ജീവനക്കാരുടെ വിവരങ്ങൾ അതത് ദിവസം ബന്ധപ്പെട്ട
ബ്ലോക്ക്, മുനിസിപ്പൽ, കോർപറേഷൻ റിട്ടേണിങ് ഓഫിസർമാർ ഇ-ഡ്രോപ് സൈറ്റിൽ ഉൾപ്പെടുത്തണം. പരിശീലന ക്ലാസിൽ പങ്കെടുക്കാത്തവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു.
വൈകിട്ട് 3 വരെ പിൻവലിക്കാം
ഇന്നു മൂന്നു വരെ നാമനിർദേശ പത്രിക പിൻവലിക്കാൻ സമയമുണ്ട്.
ജില്ലയിലെ പലയിടങ്ങളിലും വിമതർ പത്രിക നൽകിയത് മുന്നണികൾക്കു തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ഇന്നു വൈകുന്നേരത്തോടെ തിരഞ്ഞെടുപ്പു ഗോദയുടെ ശരിയായ ചിത്രം തെളിയും.
ശക്തമായ പ്രചാരണത്തിലേക്കു സ്ഥാനാർഥികളും പ്രവർത്തകരും കടക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

