ചവറ∙ ദേശീയപാത നിർമാണം. നീണ്ടകരയിൽ ഈ മാസം പൊലിഞ്ഞത് നാലു ജീവനുകൾ.
വേട്ടുതറ, പുത്തൻതുറ, ജോയിന്റ് ജംക്ഷൻ, ഫൗണ്ടേഷൻ എന്നിവിടങ്ങളിലെ അപകടങ്ങളിലായിരുന്നു മരണങ്ങൾ. ദിവസവും ഉണ്ടാകുന്ന മറ്റ് അപകടങ്ങളിൽ പരുക്കേറ്റു ഒട്ടേറെപ്പേരാണ് ചികിത്സയിൽ കഴിയുന്നത്. നിർമാണം പൂർത്തിയായ റോഡിലെ അമിതവേഗം, റോഡുകളെ വേർതിരിക്കുന്ന സംരക്ഷണ ഭിത്തിയിലൂടെ ഇരുവശത്തേക്കും കടക്കുന്നത്, വീതി കുറഞ്ഞ് ഭാഗത്ത് നിന്ന് ഒരേ ദിശയിലേക്ക് വാഹനങ്ങൾ കടത്തിവിടുന്ന സ്ഥലത്തെ സംരക്ഷണ ഭിത്തികൾ എന്നിവ അപകടത്തിനു കാരണമാകുന്നു.
7ന് നീണ്ടകര വേട്ടുതറയിൽ റോഡ് വേർതിരിക്കുന്ന സംരക്ഷണ ഭിത്തിയിലിടിച്ചു നിർമാണ തൊഴിലാളി കുരീപ്പുഴ തൃക്കടവൂർ കല്ലുവിള പടിഞ്ഞാറ്റതിൽ സി.അർജുനൻ (37), 14ന് വേട്ടുതറ ജോയിന്റ് ജംക്ഷനിൽ കാർ സ്കൂട്ടറിലിടിച്ചു ചവറ അഗ്നിരക്ഷാനിലയത്തിലെ സിവിൽ ഡിഫൻസ് അംഗം നീണ്ടകര പരിമണം തെക്ക് വടക്കേ തുണ്ടിൽ കൃഷ്ണാലയത്തിൽ ബൈജു വിശ്വം പിള്ള (44), 19ന് നീണ്ടകര ഫൗണ്ടേഷൻ ജംക്ഷനു സമീപം ഗതാഗതം വഴി തിരിച്ചു വിടുന്ന ഭാഗത്ത് സംരക്ഷണ ഭിത്തി കണ്ട് കാർ ബ്രേക്ക് ചെയ്യുകയും അതിനു പിന്നിൽ സ്കൂട്ടറും ബൈക്കും ഇടിച്ചു മൊബൈൽ ഷോപ്പ് ഉടമ കാവനാട് ശ്രീദേവി മന്ദിരത്തിൽ ശ്രീജിത്ത് (30) എന്നിവർ മരിച്ചിരുന്നു. ഇന്നലെ പുലർച്ചെ പുത്തൻതുറയിൽ കോൺക്രീറ്റ് സംരക്ഷണ ഭിത്തിയിലേക്കു ബൈക്ക് ഇടിച്ചു സ്വകാര്യ ആശുപത്രി ജീവനക്കാരൻ ചവറ കുളങ്ങര ഭാഗം അയ്യപ്പഭവനിൽ പി.പ്രകാശ് (50) മരിച്ചതാണ് ഒടുവിലെത്തെ സംഭവം.
ഇന്നലെ രാവിലെ കുറ്റാമുക്കിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ചു ഒരാൾക്ക് പരുക്കേറ്റു. വൈകിട്ട് വേട്ടുതറയിൽ സ്കൂട്ടറപകടത്തിൽ പെട്ടെങ്കിലും കൈക്കുഞ്ഞ് ഉൾപ്പെടെയുള്ളവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
നീണ്ടകരയിൽ അടിക്കടി ഉണ്ടാകുന്ന അപകടങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ടു നേരത്തെ പൊലീസ് ഇന്റലിജൻസ് വിഭാഗം ഉന്നത അധികൃതർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. വേട്ടുതറ ജംക്ഷനിൽ അശാസ്ത്രീയമായ രീതിയിലാണ് തെക്കുംഭാഗം – പടപ്പാനാൽ റോഡിലേക്കുള്ള വാഹനങ്ങൾ കടത്തിവിടുന്നത്. വൺവേയിലൂടെ അൽപ ദൂരം മുന്നോട്ട് പോയശേഷം വാഹനങ്ങൾ വലത്തേക്കു തിരിഞ്ഞാണ് പോകേണ്ടത്.
ഇത് മാറ്റണമെന്നും സമീപത്തെ മത്സ്യക്കച്ചവടം ഒഴിവാക്കണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ ഇപ്പോഴും നടപടിയായില്ല.
റോഡിനെ വേർതിരിക്കുന്ന കോൺക്രീറ്റ് സംരക്ഷണ ഭിത്തികളിലെ വിടവുകളിലൂടെ ഇരുചക്രവാഹനങ്ങൾ ഇരുവശത്തേക്കും കടക്കുന്നത് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്, ഇവിടെ സംരക്ഷണ ഭിത്തി വച്ച് അടച്ചു.
ഇന്നലെ അപകടം നടന്ന ഭാഗത്ത് കൂടി ഇരുവശത്തേക്കും വാഹനങ്ങൾ കടക്കുന്നത് ഇടുങ്ങിയ പാതയിലൂടെയാണ്. പല വാഹനങ്ങളും അടുത്ത് എത്തുമ്പോഴാണ് റോഡ് വേർതിരിച്ചിരിക്കുന്നത് മനസ്സിലാക്കുന്നത്. മണ്ണും കല്ലും നിറഞ്ഞ ഭാഗത്ത് ബ്രേക്ക് ചെയ്ത് നിയന്ത്രണം വിട്ട
ബൈക്ക് സംരക്ഷണ ഭിത്തിയിൽ ഇടിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. അപകടങ്ങൾ വർധിക്കുന്നതിനു പരിഹാരം ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
അപകടത്തിൽപെട്ടവർ ഒരു മണിക്കൂർ റോഡിൽ കിടന്നതായി പരാതി
ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് അപകടത്തിൽപെട്ട
യുവാക്കൾ ഒരു മണിക്കൂറോളം റോഡിൽ കിടന്നതായി പരാതി. ഇന്നലെ വൈകിട്ട് 6.30നു ചിന്നക്കട
– ആശ്രാമം റോഡിൽ ദേശിംഗനാട് സ്കാനിങ് സെന്ററിനു സമീപമാണ് അപകടം. മയ്യനാട്, കരുനാഗപ്പള്ളി സ്വദേശികളായ യുവാക്കൾക്കാണു സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചതിനെ തുടർന്നു സാരമായി പരുക്കേറ്റത്.
ഈ സമയം സ്ഥലത്ത് എത്തിയ ജീവകാരുണ്യ പ്രവർത്തകൻ ടീം വാസുജി പള്ളിത്തോട്ടം, പൊലീസിന്റെ അടിയന്തര സഹായ നമ്പറുകളായ 100, 112 എന്നിവയിൽ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ലെന്ന് ആരോപണമുണ്ട്. പിന്നീട്, പൊലീസ് സംഘം സ്ഥലത്ത് എത്തി.
തുടർന്ന് ആംബുലൻസിനായി ശ്രമം നടത്തിയെങ്കിലും വാഹനം ലഭിച്ചില്ല.
ജില്ലാ ആശുപത്രിയിലെ ആംബുലൻസിനായി വിളിച്ചപ്പോൾ, വാഹനം പുറത്തു നിന്നുള്ള രോഗികളെ എടുക്കാൻ വരില്ലെന്നും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്കായി മാത്രമാണു സർവീസ് നടത്തുന്നതെന്നും മറുപടി ലഭിച്ചതായി വാസുജി പള്ളിത്തോട്ടം പറഞ്ഞു. പിന്നീട്, ഏറെ നേരത്തെ ശ്രമത്തിനു ശേഷം കണ്ണനല്ലൂരിൽ നിന്നു സ്വകാര്യ ആംബുലൻസ് വരുത്തിയാണു യുവാക്കളെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ഇവരെ പിന്നീട്, കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

