
കൊല്ലം∙ വിമാനത്താവളത്തിനു തുല്യമായി രാജ്യാന്തര നിലവാരത്തിലേക്ക് കൊല്ലം റെയിൽവേ സ്റ്റേഷന്റെ നിർമാണം പൂർത്തിയാകുമ്പോൾ ഇവിടെയും നിയന്ത്രണങ്ങൾ ഉണ്ടായേക്കും. പരീക്ഷണാടിസ്ഥാനത്തിൽ യുപിയിലെ കാൻപുർ, പ്രയാഗ്രാജ് റെയിൽവേ സ്റ്റേഷനുകളിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്താൻ റെയിൽവേ ഉദ്ദേശിക്കുന്നുണ്ട്.
സമാനമായ വികസനമാണ് കൊല്ലത്തും എന്നതിനാലാണ് യാത്രക്കാരുടെ ആശങ്ക. നിശ്ചിത വലുപ്പമുള്ള (പരമാവധി ഒരു മീറ്റർ നീളം, 60 സെന്റി മീറ്റർ വീതി, 25 സെന്റി മീറ്റർ ഉയരം) ബാഗുകളും പെട്ടികളും മാത്രമേ പ്ലാറ്റ്ഫോമിലേക്കു കൊണ്ടുവരാൻ കഴിയൂ.
ഫസ്റ്റ് എസി ടിക്കറ്റൊന്നിന് 70 കിലോഗ്രാമും സെക്കൻഡ് എസിക്ക് 50 കിലോഗ്രാമും തേഡ് എസി, സ്ലീപ്പർ യാത്രക്കാർക്ക് 40 കിലോഗ്രാം ബാഗേജാണ് അനുവദിക്കുന്നത്. നിലവിൽ ട്രെയിനിൽ കയറിയതിനു ശേഷം പരിശോധകർ എത്തിയാൽ മാത്രമാണ് ബാഗുകളുടെ തൂക്കം പരിശോധിക്കാറുള്ളൂ.
എന്നാൽ, പുതിയ നിർദേശം അനുസരിച്ച് സ്റ്റേഷനിലേക്കു പ്രവേശിക്കും മുൻപ് തന്നെ തൂക്കവും വലുപ്പവും പരിശോധിച്ചായിരിക്കും ബാഗേജ് സുരക്ഷാ സ്കാനറിലൂടെ കടത്തി വിടുക. കൊല്ലം സ്റ്റേഷനിൽ സ്കാനർ നിലവിലുണ്ടെങ്കിലും ബാഗേജുകൾ പരിശോധിക്കാതെയാണ് കടത്തിവിടുന്നത്.
സ്റ്റേഷൻ വികസനം അടുത്ത വർഷം പൂർത്തിയാകുമ്പോൾ ഈ നിയന്ത്രണങ്ങളും വരുമെന്ന ആശങ്കയും യാത്രക്കാർ പങ്കുവയ്ക്കുന്നു. ട്രെയിൻ ടിക്കറ്റോ, പ്ലാറ്റ്ഫോം ടിക്കറ്റോ കൂടാതെ സ്റ്റേഷനുകളിലേക്കുള്ള പ്രവേശനവും നിയന്ത്രിച്ചേക്കും.
പുതിയ നിർദേശം അനുസരിച്ച് കാൻപൂർ, പ്രയാഗ്രാജ് സ്റ്റേഷനുകളിൽ ടിക്കറ്റില്ലാതെയുള്ള പ്രവേശനം അസാധ്യമാകും. കൊല്ലം സ്റ്റേഷനിൽ ഒന്നാം നിലയിൽ കോൺകോഴ്സിന്റെ ഭാഗമായി ഒരുക്കുന്ന ട്രാവലേഴ്സ് ലോഞ്ച് ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്കും കൂടുതൽ നിരക്ക് ഈടാക്കിയേക്കും.
മൾട്ടി ലവൽ പാർക്കിങ്ങിലും കൂടുതൽ തുക നൽകേണ്ടിവരും.
ട്രെയിനിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷയും സൗകര്യം കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ നടപ്പാക്കാൻ റെയിൽവേ ഉദ്ദേശിക്കുന്നത്. എന്നാൽ, ചില സ്റ്റേഷനിൽ മാത്രമായി നിയന്ത്രണം നടപ്പാക്കിയാൽ മതിയോ എന്നാണ് യാത്രക്കാർ ചോദിക്കുന്നത്.
ട്രെയിൻ നിർത്തുന്ന മറ്റു സ്റ്റേഷനുകളിലും സമാന നിയന്ത്രണ സംവിധാനങ്ങളില്ലെങ്കിൽ റെയിൽവേ നിശ്ചയിക്കുന്നത് അനുസരിച്ച് യാത്ര ചെയ്യുന്നവരുടെ സുരക്ഷയും സൗകര്യങ്ങളും ഏതളവിൽ ലഭിക്കുമെന്നാണ് അവർ ചോദിക്കുന്നത്.
യൂസർ ഫീ ഉണ്ടാകുമോ?
നിലവിൽ ഇന്ത്യൻ റെയിൽവേയ്ക്കു കീഴിലുള്ള സ്റ്റേഷനുകളിലൊന്നും വിമാനത്താവളത്തിനു സമാനമായ യൂസർ ഫീ ഇടാക്കിയിട്ടില്ല. രാജ്യാന്തര നിലവാരത്തിൽ വികസിപ്പിക്കുന്ന സ്റ്റേഷനുകളിൽ എന്നാൽ 10 മുതൽ 50 രൂപ വരെ യൂസർ ഫീയായി ഈടാക്കാമെന്ന് റെയിൽവേ ബോർഡ് ശുപാർശ ചെയ്തിരുന്നു.
ശുപാർശ നടപ്പാക്കുന്നതിന്റെ ഭാഗമായി 2022ൽ സ്റ്റേഷൻ വികസന ഫീസായി (എസ്ഡിഎഫ്) വിവിധ വിഭാഗം ടിക്കറ്റുകൾക്ക് 10 മുതൽ 50 രൂപ നിശ്ചയിച്ചു, കൂടാതെ, പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 10 രൂപയായും വർധിപ്പിച്ചു.
ടിക്കറ്റ് നിരക്കിലെ വർധന യാത്രക്കാർക്ക് അധിക ബാധ്യതയെന്നു വിലയിരുത്തി അതേ വർഷം സെപ്റ്റംബറിൽ എസ്ഡിഎഫ് നിരക്ക് പിൻവലിച്ചെങ്കിലും വർധിപ്പിച്ച പ്ലാറ്റ്ഫോം നിരക്ക് പിൻവലിച്ചില്ല. സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കുമ്പോൾ മാത്രമാണ് യൂസർ ഫീ (എസ്ഡിഎഫ്) സാധാരണയായി ഈടാക്കുന്നത്.
നിലവിൽ പബ്ലിക് ഫണ്ട് ഉപയോഗിച്ചാണ് റെയിൽവേ സ്റ്റേഷനുകളുടെ വികസനമെന്നു വിലയിരുത്തിയാണ് എസ്ഡിഎഫ് പിൻവലിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]