
വട, പഴംപൊരി ഉണ്ടാക്കാൻ പ്ലാസ്റ്റിക് ഉരുക്കിയ എണ്ണ; പൊരിച്ചെടുത്ത ‘പ്ലാസ്റ്റിക് പലഹാര’ങ്ങൾ നാട്ടുകാർ കയ്യോടെ പിടികൂടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം ∙ ഉഴുന്നുവടയും പഴംപൊരിയും പൊരിക്കാൻ പ്ലാസ്റ്റിക് ഉരുക്കിച്ചേർത്ത എണ്ണ. കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തുന്ന നൂറുകണക്കിനു യാത്രക്കാർക്കും മറ്റുള്ളവർക്കും വേണ്ടി വൻതോതിൽ പൊരിച്ചെടുത്ത ‘പ്ലാസ്റ്റിക് പലഹാര’ ങ്ങൾ നാട്ടുകാർ കയ്യോടെ പിടികൂടിയതോടെ അധികൃതരെത്തി കട പൂട്ടിച്ചു. അതുവരെ അധികൃതരാരും കണ്ട മട്ടു കാണിച്ചില്ല. കാൻസർ ഉൾപ്പെടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത്തരം എണ്ണപ്പലഹാരങ്ങൾ കാരണമാകുമെന്നു വിദഗ്ധർ പറയുന്നു. കൊല്ലം റെയിൽവേ സ്റ്റേഷനു സമീപം പുതിയകാവ് ക്ഷേത്രത്തിനു മുന്നിൽ നിന്ന് എസ്എംപി പാലസ് റോഡിലേക്കു പോകുന്നിടത്തെ പേരില്ലാത്ത കടയാണു കോർപറേഷൻ അധികൃതർ പൂട്ടി സീൽ ചെയ്തത്. വിവരമറിഞ്ഞെത്തിയ ആരോഗ്യ വകുപ്പ് അധികൃതർ സാംപിളുകൾ ശേഖരിച്ചു മടങ്ങി.
കണ്ണൂർ മുഴുപ്പിലങ്ങാട് സ്വദേശി ടി.കെ നൗഷിർ ആണു കട നടത്തിയിരുന്നത്. ഇയാൾക്കു നഗരത്തിൽ പള്ളിമുക്കിലും കടയുണ്ടെങ്കിലും അത് അടച്ചിട്ടിരിക്കുകയാണ്. കൊല്ലം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകളിൽ ചായയും പലഹാരവും വിൽപന നടത്താൻ കരാറെടുത്തയാളാണ് നൗഷിർ എന്നു പറയുന്നു. ഉഴുന്നുവട, പഴംപൊരി എന്നിവയാണു പ്രധാനമായും ഇവിടെ തയാറാക്കി വിൽപന നടത്തിയിരുന്നത്. റെയിൽവേ സ്റ്റേഷൻ കെട്ടിടം നവീകരണത്തിനു വേണ്ടി പൊളിച്ചതിനാൽ പ്ലാറ്റ്ഫോമുകളിൽ ഹോട്ടലുകളും ഇപ്പോഴില്ല. ഇതുമൂലം സ്റ്റേഷനിലെത്തുന്ന യാത്രക്കാർ പ്രധാനമായും ആശ്രയിച്ചിരുന്നത് ഇതിനെയായിരുന്നു. ചായയും പലഹാരവും കടയിൽ വച്ചു തന്നെ കഴിക്കാൻ ചെറിയ സൗകര്യമുണ്ടെങ്കിലും റെയിൽവേ സ്റ്റേഷനിലായിരുന്നു പ്രധാന വിൽപന.
അസം സ്വദേശികളായ 2 തൊഴിലാളികളാണ് കടയിൽ ജോലി ചെയ്തിരുന്നത്. പാമൊലിൻ എണ്ണയുടെയും മറ്റു ബേക്കറി പലഹാരങ്ങളുടെയും പ്ലാസ്റ്റിക്– പോളിത്തീൻ കവറുകൾ, പൊരിക്കാൻ ഉപയോഗിക്കുന്ന എണ്ണയോടൊപ്പം ഇട്ടു തിളപ്പിക്കുകയാണു പതിവ്. പ്ലാസ്റ്റിക് ഉരുകി എണ്ണയിൽ ലയിക്കും.പലഹാരങ്ങൾ നന്നായി മൊരിയാനും മിനുസം കിട്ടാനുമാണത്രെ ഇതു ചേർക്കുന്നത്. പെട്ടെന്നു ചീത്തയാകുകയുമില്ല. ചിപ്സ് തയാറാക്കുന്നതിനും ഇത് ചിലർ ഉപയോഗിക്കുന്നതായി ആരോഗ്യവകുപ്പ് നേരത്തേ കണ്ടെത്തിയിരുന്നു.
ഇന്നലെ രാവിലെ കടയ്ക്കു മുന്നിലൂടെ പോയവരിൽ ചിലരാണു തിളയ്ക്കുന്ന എണ്ണയിൽ പ്ലാസ്റ്റിക് കവറുകൾ ചേർക്കുന്നതു കണ്ടത്. ചോദ്യം ചെയ്തതോടെ ഇരു തൊഴിലാളികളും ചേർന്നു എണ്ണയും ഉരുകിത്തീരാറായ പ്ലാസ്റ്റിക് കവറുകളും കടയ്ക്കു പുറത്ത് ഒഴിച്ചു കളഞ്ഞു. കോർപറേഷൻ ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലത്തെത്തി ഇതുവരെ പാചകം ചെയ്തിരുന്ന ഭക്ഷ്യസാധനങ്ങളും പ്ലാസ്റ്റിക് കവറുകളും എണ്ണയും മറ്റും പിടിച്ചെടുത്തു. കടയ്ക്ക് മതിയായ രേഖകളോ തൊഴിലാളികൾക്ക് ആരോഗ്യ കാർഡോ മറ്റോ ഇല്ലെന്നും കണ്ടെത്തി.
വെള്ളം പരിശോധിച്ചതിന്റെ രേഖകൾ മാത്രമാണ് ഉടമ ഹാജരാക്കിയതെന്നും ലൈസൻസോ മറ്റോ ഇല്ലായിരുന്നെന്നും കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ ടി.എസ്.രാജീവ് പറഞ്ഞു. കട അടപ്പിച്ചതിനു പുറമേ കോർപറേഷൻ പിഴ ഈടാക്കും. ഭക്ഷ്യസാധനങ്ങളുടെ സാംപിൾ കോർപറേഷൻ അധികൃതർ ശേഖരിച്ചു ഭക്ഷ്യസുരക്ഷാ വകുപ്പിന് അയച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികളും മറ്റും സ്വീകരിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിനാണ് അധികാരമുള്ളത്. അവരുടെ റിപ്പോർട്ടിന് അനുസരിച്ചായിരിക്കും തുടർ നടപടി. അതേസമയം, കേസ് ഒതുക്കിത്തീർക്കാനും ചിലർ രംഗത്തിറങ്ങിയിട്ടുണ്ട്.
പരിശോധന കുറഞ്ഞു; നടപടി പേരിന്
കൊല്ലം ∙ ഭക്ഷ്യസുരക്ഷയിൽ വീഴ്ച വരുത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നു പറയുന്ന ആരോഗ്യ– ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിൽ നോക്കുകുത്തിയാകുന്നു. നഗരമധ്യത്തിൽ പ്ലാസ്റ്റിക് ഉരുക്കിച്ചേർത്ത എണ്ണ ഉപയോഗിച്ചു പലഹാരം ഉണ്ടാക്കിയിട്ടും അധികൃതരാരും അറിഞ്ഞില്ല. തട്ടുകടകളിലും മലിനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഭക്ഷണ ശാലകളിലും പേരിനു പോലും ഇവരുടെ പരിശോധന ഇല്ല.ഹോട്ടലുകളിൽ നിന്നും തട്ടുകടകളിൽ നിന്നും ഭക്ഷണം കഴിക്കുന്നത് ഏറെ സാധാരണയായി മാറിയ കാലത്തു പൊതുജനങ്ങൾ കഴിക്കുന്ന ഭക്ഷണം സുരക്ഷിതമാണോ എന്ന് ഉറപ്പു വരുത്തണമെന്നാണ് ആവശ്യം.
പ്ലാസ്റ്റിക് പാത്രങ്ങളിൽ നിന്നു ഭക്ഷണം കഴിക്കുന്നത് പോലും ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകും എന്നുള്ള റിപ്പോർട്ടുകൾ വരുമ്പോഴാണ് കൊല്ലത്ത് പ്ലാസ്റ്റിക് കവറുകൾ ഉരുക്കി എണ്ണയിൽ ചേർക്കുന്നത്. ഭക്ഷണം കഴിക്കുന്ന ഉടൻ ഇതിന്റെ പ്രത്യാഘാതം അനുഭവപ്പെടില്ലെങ്കിലും ഏറെ വൈകാതെ അതിഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് ഇത് നയിക്കുകയെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. ചൂടാക്കുമ്പോൾ പ്ലാസ്റ്റിക്കിൽ നിന്നുള്ള രാസവസ്തുക്കൾ പുറന്തള്ളപ്പെടുകയും ഭക്ഷണത്തിൽ കലരുകയും ചെയ്യും എന്നതിനാൽ പ്ലാസ്റ്റിക് പാത്രങ്ങൾ ചൂടാക്കുകയോ പാത്രത്തിൽ ചൂടുവെള്ളം ഒഴിക്കുകയോ ചെയ്യാൻ പാടില്ലെന്ന് ആരോഗ്യ മേഖലയിലുള്ളവർ പറയുമ്പോഴാണ് പ്ലാസ്റ്റിക് ഉരുക്കി ഭക്ഷണത്തിൽ ചേർക്കുന്നത്.
എവിടെ നിർമിച്ചുവെന്ന് വ്യക്തമാകാത്ത ഇടങ്ങളിൽ നിന്ന് ഭക്ഷണ പദാർഥങ്ങൾ വാങ്ങുമ്പോൾ കൂടുതൽ ശ്രദ്ധ അനിവാര്യമാണ്. നാട്ടിൽ വൃത്തിഹീനമായ സാഹചര്യങ്ങളിലും മറ്റുമുള്ള ഭക്ഷണ വിൽപന സജീവമാകുമ്പോഴും അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് മുൻപും പരാതികളുയർന്നിരുന്നു. അതേ സമയം ഭക്ഷ്യ സ്ഥാപനങ്ങൾ നാൾക്കുനാൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ എല്ലായിടത്തും പരിശോധന നടത്താനുള്ള അംഗബലം ഭക്ഷ്യസുരക്ഷാ വകുപ്പിന് ഇല്ലെന്ന് അധികൃതർ പറയുന്നു. ജീവനക്കാരുടെ കുറവ് സുരക്ഷാ പരിശോധനകളെയും നടപടികളെയും ബാധിക്കുമ്പോൾ തുലാസിലാവുന്നത് ജനങ്ങളുടെ ഭക്ഷ്യസുരക്ഷയാണ്.