
സന്തോഷ് ട്രോഫിയിൽ കിരീടം ഉറപ്പിച്ച ‘ആ പാസ് ’ ഇനി ഓർമ…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം ∙ കേരളം സന്തോഷ് ട്രോഫിയിൽ ആദ്യമായി മുത്തമിടുമ്പോൾ മുന്നേറ്റ നിരയിൽ വലതുവിങ്ങിൽ പറന്നു കളിച്ച നജിമുദ്ദീന് 18 വയസ്സേ ഉണ്ടായിരുന്നുള്ളു. എറണാകുളം മഹാരാജാസ് മൈതാനത്തായിരുന്നു റെയിൽവേയുമായുള്ള ആ മത്സരം. മണി എന്ന ടി.കെ.സുബ്രഹ്മണ്യൻ ആയിരുന്നു ക്യാപ്റ്റൻ. കളിക്കളത്തിലെ ആ ഉശിരൻ പ്രകടനം ഇനി ഓർമ. ‘മീശ പോലും മുളച്ചിട്ടില്ലാത്ത ബേബി നജിമുദ്ദീൻ കൊടുത്ത പാസ് … ’ എന്നു കമന്ററി ബോക്സിൽ നിന്നുയർന്ന ദൃക്സാക്ഷി വിവരണം. മുള പാകിയ ഗാലറിയിൽ തിങ്ങിനിറഞ്ഞ കാണികളുടെ കയ്യടിയിലും ആർപ്പുവിളിയിലും ലയിച്ചു. ക്യാപ്റ്റൻ മണിയുടെ കാലിൽ നിന്നു പിറന്ന ഹാട്രിക്കിൽ രണ്ടു ഗോളുകൾക്കു വഴി തെളിച്ചത് നജിമുദ്ദീന്റെ പാസ്. ‘ബേബി ഓഫ് ദ് ടീം’ എന്നായിരുന്നു സഹകളിക്കാർ നജിമുദീനെ വിളിച്ചത്.
സന്തോഷ് ട്രോഫി കളിക്കാൻ വിളിക്കുമ്പോൾ നജിമുദ്ദീനു പേടിയായിരുന്നു. സഹകളിക്കാരൊക്കെ വളരെ സീനിയർ. ആദ്യകളി ഡൽഹിയുമായിട്ടായിരുന്നു. ഓരോ ഗോൾ അടിച്ചു സമനിലയിൽ പിരിഞ്ഞു. ഗോൾ കീപ്പർ വിക്ടർ മഞ്ഞില പരുക്കേറ്റു മടങ്ങി. അടുത്ത കളി മണിപ്പൂരിനെതിരെ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം. അതോടെ ആത്മവിശ്വാസം ഉയർന്നു. കലാശക്കളിയിൽ ജി.രവീന്ദ്രൻ നായർ ആയിരുന്നു ഗോളി. രണ്ടാം ഗോളി കെ.പി. സേതുമാധവൻ ഇതിനിടയിൽ പരുക്കേറ്റു പുറത്തായി . കൊല്ലത്തുകാരനായ ടൈറ്റസ് കുര്യനും അന്നു ടീമിൽ ഉണ്ടായിരുന്നു. സഹ പരിശീലകനായ കെ.കെ.ഗോപാലകൃഷ്ണൻ കൊല്ലം സ്വദേശി. ഒളിംപ്യൻ സൈമൺ സുന്ദർ രാജ് ആയിരുന്നു മുഖ്യപരിശീലകൻ.വീടിനു സമീപമുള്ള തേവള്ളി മോഡൽ ബോയ്സ് ഹൈസ്കൂൾ അങ്കണത്തിലാണ് നജിമുദ്ദീൻ സഹോദരങ്ങളോടൊപ്പം പന്തുതട്ടിക്കളിച്ചു തുടങ്ങിയത്. സഹോദരങ്ങളായ ഇക്ബാലും കമാലും സെയ്നുദ്ദീനും ഒക്കെ നല്ല കാൽപന്ത് കളിക്കാർ. സഹോദരങ്ങളും കൂട്ടുകാരും ചേർന്നു കളിച്ചു വളർന്നു.
സ്കൂൾ വിദ്യാർഥി ആയിരുന്നപ്പോൾ തന്നെ വിവിധ ജില്ലകളിലും സംസ്ഥാനത്തിനു പുറത്തും ഒട്ടേറെ മത്സരങ്ങളിൽ തങ്ങൾ സെവൻസ് കളിക്കാനായി പോകുമായിരുന്നെന്ന് ഒപ്പം കളിച്ചിരുന്ന കെ.രാമഭദ്രൻ പറഞ്ഞു. നല്ല സ്കോറർ ആയിരുന്നു നജിമുദ്ദീൻ. സഹോദരങ്ങൾ ജൂനിയർ, സീനിയർ ടീമുകളിൽ ഇടം പിടിച്ചിരുന്നു. മത്സരങ്ങളിൽ നിന്നു വിരമിച്ചെങ്കിലും അവസാന കാലം വരെ നജിമുദ്ദീൻ മൈതാനത്തു നിറഞ്ഞു നിന്നിരുന്നു. ജില്ലയുടെ പല ഭാഗങ്ങളിലും പരിശീലകനായി എത്തുമായിരുന്നു.കേരളത്തിന്റെ കാൽപ്പന്തുകളിയുടെ ചരിത്രത്തിൽ സന്തോഷ് ട്രോഫിയുടെ മുദ്രയോടൊപ്പം നജിമുദ്ദീനും മായാതെ നിൽക്കും.നജിമുദീന്റെ വസതിയിലെത്തി എൻ.കെ.പ്രേമചന്ദ്രൻ എംപി ആദരാഞ്ജലി അർപ്പിച്ചു.