
വായ്പ കുടിശികയുടെ പേരിൽ വീട് ജപ്തി ചെയ്തു; വരാന്ത വീടാക്കി ഒരു കുടുംബം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ശാസ്താംകോട്ട ∙ വായ്പ കുടിശികയുടെ പേരിൽ വീട് ജപ്തി ചെയ്തതോടെ ദിവസങ്ങളായി വരാന്തയിൽ കഴിയുകയാണ് പ്രവാസിയും കുടുംബവും. ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് കോയിപ്പുറത്ത് പുത്തൻ വീട്ടിൽ സന്തോഷ് കുമാറിന്റെ വീടാണ് വായ്പ കുടിശികയുടെ പേരിൽ ബാങ്ക് അധികൃതർ ജപ്തി ചെയ്തത്. വീട്ടിലുള്ളവരെ പുറത്താക്കിയ ശേഷം ജപ്തി ബോർഡ് സ്ഥാപിച്ച് വീട് പൂട്ടി പോവുകയായിരുന്നെന്നും പരാതിയുയർന്നു. വയോധികരായ മാതാപിതാക്കളും പ്ലസ് വൺ വിദ്യാർഥിനിയായ മകളും ഭാര്യയും ഉൾപ്പെടുന്നതാണ് സന്തോഷിന്റെ കുടുംബം. മകളുടെ പരീക്ഷ നടക്കുകയാണെന്നും വായ്പ തിരിച്ചടവിനു സാവകാശം വേണമെന്നും പറഞ്ഞെങ്കിലും അധികൃതർ കനിഞ്ഞില്ലെന്നു കുടുംബം പറഞ്ഞു.
പതാരം ശാന്തിനികേതൻ സ്കൂളിലെ വിദ്യാർഥിയായ മകൾ രാത്രി മണ്ണെണ്ണ വിളക്കിന്റെ സഹായത്തോടെയാണ് ഇപ്പോൾ പഠിക്കുന്നത്. ജപ്തി നടപടിയുടെ ഭാഗമായി ബാങ്ക് ജീവനക്കാർ പുറത്തേക്കിട്ട വീട്ടിലെ മുഴുവൻ സാധനങ്ങളും വരാന്തയിലും മുറ്റത്തും അടുക്കി വച്ചിരിക്കുകയാണ്. മഴ പെയ്താൽ ഇതെല്ലാം നനയും. പ്രവാസിയായിരുന്ന സന്തോഷ് വീടു വയ്ക്കുന്നതിനായി 2016 ലാണ് 15 സെന്റ് ഭൂമി പണയപ്പെടുത്തി 15 ലക്ഷം രൂപ വായ്പ എടുക്കുന്നത്. കോവിഡിന് മുൻപു വരെ തിരിച്ചടവ് കൃത്യമായി നടത്തി. 15 വർഷമാണ് ലോൺ അടവ് പറഞ്ഞിരുന്നത്. സൗദിയിൽ അലുമിനിയം ഫാബ്രിക്കേറ്റർ, ഡ്രൈവർ ജോലികൾ ചെയ്തിരുന്ന സന്തോഷ് രോഗബാധിതനായതോടെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങി. ഇതോടെ വായ്പ തിരിച്ചടവ് മുടങ്ങി. മുതലും പലിശയുമായി ഇതുവരെ 11 ലക്ഷം രൂപ അടച്ചെന്നും ഇപ്പോൾ കുടിശിക 22 ലക്ഷം രൂപയാണെന്നും സന്തോഷ് പറഞ്ഞു.
ഭരണിക്കാവ് സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയായ ഭാര്യ സിന്ധുവിന്റെ വരുമാനമാണ് കുടുംബത്തിന്റെ ആകെ ആശ്രയം. വായ്പ തിരിച്ചടയ്ക്കുന്നതിനു സാവകാശം വേണമെന്ന് കുടുംബം പറഞ്ഞു. എന്നാൽ തിരിച്ചടവ് മുടങ്ങി നടപടികളിലേക്ക് നീങ്ങിയപ്പോൾ സന്തോഷ് കോടതിയെ സമീപിച്ചെങ്കിലും തവണകളായി അടയ്ക്കാനാണ് നിർദേശിച്ചതെന്നും എന്നാൽ ഇതു പാലിച്ചില്ലെന്നും 9 മാസത്തോളം സാവകാശം നൽകിയെന്നും നിയമാനുസൃതമായ നടപടികളാണ് സ്വീകരിച്ചതെന്നും എസ്ബിഐ അധികൃതർ പറഞ്ഞു.