കൊല്ലം∙ ഒരു പവൻ സ്വർണത്തിനു ലക്ഷത്തിന് മേൽ വിലയുണ്ടായിട്ടും ആ കുട്ടികൾ അതു ഒളിപ്പിച്ചില്ല. കാത്തിരിപ്പു കേന്ദ്രത്തിൽ അനാഥമായിരുന്ന ബാഗുമായി അവർ അടുത്തുള്ള വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് പോയി.
അതിൽ മൂന്നേമുക്കാൽ പവൻ സ്വർണം, വെള്ളി ആഭരണങ്ങൾ, 5100 രൂപ, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, മൊബൈൽ ഫോൺ തുടങ്ങിയവ ഒക്കെയുണ്ടായിരുന്നു. പൊലീസ് ബാഗ് തുറന്നു അതു പരിശോധിക്കുമ്പോൾ വയോധിക ദമ്പതികൾ അന്തം വിട്ട് അതിനുവേണ്ടി പരതുകയായിരുന്നു.
തേവള്ളി കച്ചേരി പുത്തൻ മഠത്തിൽ പുരയിടത്തിൽ മകൻ അഖിലേഷ് (17), കൂട്ടുകാരൻ പുത്തൻ മഠത്തിൽ പുരയിടത്തിൽ സന്ദീപ്(17) എന്നിവരാണ് കലക്ടറേറ്റിനു സമീപത്തെ ടൗൺ യുപി സ്കൂളിനു മുൻവശത്തെ കാത്തിരിപ്പു കേന്ദ്രത്തിൽ ഇരുന്ന വിലപിടിപ്പുള്ള ബാഗ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.
കലക്ടറേറ്റിനു സമീപത്തെ ജോയിന്റ് കൗൺസിൽ ഹാളിൽ ‘ലിവിങ് വില്ലിനെ’ കുറിച്ചു നടന്ന ക്ലാസിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന പൊതുമരാമത്ത് വകുപ്പിൽ നിന്നു വിരമിച്ച പള്ളിക്കൽ ഷെറിൻ ഭവനത്തിൽ ജനാർദനൻ ആചാരി– രാജമ്മ ദമ്പതികളുടെ ബാഗ് ആണ് നഷ്ടമായത്. കൊട്ടാരക്കര ബസിൽ കയറിയ അവർ താലൂക്ക് ഓഫിസ് ജംക്ഷനിൽ എത്തിയപ്പോഴാണ് ബാഗ് കയ്യിൽ ഇല്ലെന്ന് അറിഞ്ഞത്.
അവിടെ ഇറങ്ങി ഓട്ടോയിൽ കലക്ടറേറ്റിന് സമീപത്തെ ബസ് സ്റ്റോപ്പിലേക്ക് പോയി. ഇതിനിടയിൽ ബാഗിൽ ഉണ്ടായിരുന്ന ഫോണിലേക്ക് ജനാർദനൻ ആചാരി വിളിച്ചെങ്കിലും കിട്ടിയില്ല.
കാത്തിരിപ്പു കേന്ദ്രത്തിൽ എത്തിയപ്പോൾ, രണ്ടു കുട്ടികൾ ബാഗുമായി സ്റ്റേഷനിലേക്ക് പോയതായി അവിടെയുണ്ടായിരുന്നവർ പറഞ്ഞു. വീണ്ടും വിളിച്ചപ്പോൾ ഫോൺ എടുത്തത് പൊലീസ് ആയിരുന്നു.
സ്റ്റേഷനിൽ എത്തിയപ്പോൾ കുട്ടികളും അവിടെയുണ്ടായിരുന്നു.
അഖിലേഷ് നീരാവിൽ എസ്എൻഡിപി യുപി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ്. സന്ദീപ് കൊട്ടാരക്കരയിൽ പത്താം ക്ലാസ് വിദ്യാർഥി..
ഇരുവരും ചേർന്നു ഷർട്ട് വാങ്ങാൻ പോകുമ്പോഴാണ് ബാഗ് ലഭിച്ചത്. കുട്ടികളുടെ സത്യസന്ധതയെ അഭിനന്ദിച്ച പൊലീസ് അവരെ കൊണ്ടുതന്നെ ഉടമകൾക്ക് ബാഗ് കൈമാറി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

