പുനലൂർ ∙ നഗരസഭയെയും കരവാളൂർ, അഞ്ചൽ, ഇടമുളയ്ക്കൽ പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന ചെമ്മന്തൂർ– നരിക്കൽ വരെയുള്ള ഭാഗത്തെ റോഡിന്റെ പുനർനിർമാണം വൈകുന്നതിൽ പ്രതിഷേധം വ്യാപകം. തടിക്കാട് -ചെമ്മന്തൂർ എന്ന പേരിലറിയപ്പെടുന്ന ഈ പാത 12.5 കോടി രൂപ മുടക്കിയാണ് പുനർനിർമിക്കുന്നത്. കഴിഞ്ഞ 6 വർഷമായി തകർന്നു കിടക്കുന്ന റോഡ് നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് നവീകരിക്കാൻ ആരംഭിച്ചെങ്കിലും പുനർനിർമാണം പാതിവഴിയിലാണ്.
രണ്ട് കലുങ്കുകളുടെ പുനർനിർമാണമാണ് ഇനി നടക്കേണ്ടത്.
ചെമ്മന്തൂരിൽ എംഎൽഎ റോഡും നരിക്കൽ റോഡും സന്ധിക്കുന്ന ഭാഗത്തെ കലുങ്കിന്റെ ഉയരം വർധിപ്പിച്ച് അനുബന്ധ റോഡ് കൂടി നിർമിക്കേണ്ടതുണ്ട്. കനത്ത മഴ പെയ്യുമ്പോൾ ഇവിടെ തോട് കരകവിഞ്ഞ് ഒഴുകി റോഡിൽ വെള്ളം കയറി ഗതാഗതം നിലയ്ക്കുന്നതു പതിവാണ്.
കുതിരച്ചിറ ഗവ.എൽപി സ്കൂളിന് കുറച്ച് അകലെയുള്ള കലുങ്കിന്റെ നിർമാണവും ഇതുവരെ ആരംഭിച്ചിട്ടില്ല. കല്ലട
ജംക്ഷനു സമീപവും റോഡ് തകർന്നു കിടക്കുകയാണ്.
മാർച്ച് 18നു മുൻപു തീർക്കേണ്ട നിർമാണ പ്രവർത്തനമാണിത്.
കരാറുകാർക്ക് അനുവദിച്ചിരുന്ന സമയത്തിന്റെ 80 ശതമാനത്തോളം സമയം കഴിഞ്ഞുവെന്നു ജനപ്രതിനിധികൾ പറയുന്നു. മേഖലയിലെ കോക്കാടിനും വാഴവിളയ്ക്കും മധ്യേ ഒരു കിലോമീറ്റർ ദൂരത്തിൽ മാത്രമാണ് ഇതുവരെ ഓട
നിർമാണം നടത്തിയിട്ടുള്ളത്. സംരക്ഷണഭിത്തി നിർമിക്കുന്നതിനും മറ്റുമായി റോഡിന്റെ പലഭാഗങ്ങൾ വെട്ടിപ്പൊളിച്ചിട്ട് 8 മാസം പിന്നിട്ടിട്ടും നിർമാണത്തിൽ മെല്ലെപ്പോക്ക് തുടരുകയാണ്.
മറിയ ഉമ്മൻ എസ്റ്റേറ്റ് ഭാഗത്തെ നിർമാണ പ്രവർത്തനങ്ങളും എങ്ങും എത്തിയില്ല.
നിരവധി വളവുകളും കുന്നിൻ ചരിവുകളും ഉള്ള ഭാഗത്ത് കൂടി കടന്നു പോകുന്ന റോഡായതിനാൽ ആദ്യഘട്ടത്തിൽ കൂടുതൽ സംരക്ഷണഭിത്തിയുടെ നിർമാണമാണ് നടന്നത്. ആദ്യം 9.5 കോടിയുടെ പദ്ധതിയായിരുന്നു.
പിന്നീട് പുതുക്കി നിശ്ചയിച്ച തുകയാണ് 12.5 കോടി. ശാസ്ത്രീയമായി ടാറിങ് അടക്കം പദ്ധതിയിൽ ഉണ്ട്.
മലയോര ഹൈവേയിലെ തിരക്കിൽ നിന്ന് മാറി പുനലൂരിൽ നിന്നു നരിക്കൽ വഴി അഞ്ചലിലേക്കും എംസി റോഡിൽ വാളകം ഭാഗത്തേക്കും വേഗത്തിൽ പോകാൻ സാധിക്കുന്ന പാതയാണിത്.
നിവേദനം നൽകി
പുനലൂർ നഗരസഭ കൗൺസിലർമാരായ ഗൗരി, ഷഫ്ന ഷാജഹാൻ, കരവാളൂർ പഞ്ചായത്തിലെ ജനപ്രതിനിധികളായ ബിൻസ് കുന്നുംപുറത്ത്, തോമസ് ഏബ്രഹാം, വി.എസ്.പ്രവീൺകുമാർ, പൊതു പ്രവർത്തകരായ കൈരളി എബി, ജെ. ഡേവിഡ് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറെ കണ്ട് നിവേദനം നൽകി.ഉടൻ നടപടി ഉണ്ടായില്ലെങ്കിൽ നാട്ടുകാരെ സംഘടിപ്പിച്ച് സമരം നടത്തുമെന്നും ജനപ്രതിനിധികൾ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

