കൊല്ലം ∙ ബോട്ടിൽ പാചകം ചെയ്യുന്നതിനിടെ തീ പടർന്നു പിടിച്ചു 2 ബോട്ടുകൾ കത്തിനശിച്ചു. കാവനാട് മുക്കാട് പള്ളിക്ക് സമീപം മീനത്തുംചേരി സെന്റ് ജോർജ് തുരുത്തിനോട് ചേർന്ന് അഷ്ടമുടിക്കായലിൽ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
യഹോവ നിസിയ, ഹലേലൂയ എന്നീ ബോട്ടുകളാണ് പൂർണമായും കത്തിനശിച്ചത്.
ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തുന്നത്. ശക്തികുളങ്ങര സ്വദേശികളായ സെബാസ്റ്റ്യൻ ആൻഡ്രൂസ്, രാജു വലേറിയാൻ, കുളച്ചിൽ സ്വദേശിയായ കുമാർ എന്നിവരുടെ ഉടമസ്ഥതകളിലുള്ളതാണ് ബോട്ടുകൾ. 4 മത്സ്യബന്ധന ബോട്ടുകളാണ് ഇവിടെ നിർത്തിയിട്ടിരുന്നത്.
ബോട്ടിലെ ജീവനക്കാരായ അതിഥിത്തൊഴിലാളികൾ ഉച്ചയ്ക്ക് ഭക്ഷണം പാകം ചെയ്യാനായി ഗ്യാസ് പ്രവർത്തിപ്പിച്ചപ്പോഴാണ് അപകടം ഉണ്ടായത്.
നിയന്ത്രിക്കാൻ കഴിയാതായതോടെ തൊട്ടടുത്തു കിടന്ന അടുത്ത ബോട്ടിലേക്കും തീ പടർന്നു. ഇതോടെ പരിഭ്രാന്തിയിലായ ജീവനക്കാർ ഉടൻ തന്നെ പരസ്പരം ബന്ധിച്ചു നിന്നിരുന്ന ബോട്ടുകൾ വേർപെടുത്തുകയും തീ പടർന്ന 2 ബോട്ടുകളുടെയും കെട്ടഴിച്ചു വിടുകയും ചെയ്തു.
ഇതോടെ 2 ബോട്ടുകളും അഷ്ടമുടിക്കായലിൽ ഒഴുക്കിനനുസരിച്ച് എതിർഭാഗത്തേക്കു സഞ്ചരിച്ചു. തുടർന്ന് സെന്റ് ജോർജ് തുരുത്തിലെ ഐസ് ഫാക്ടറിക്ക് സമീപത്തെ മണൽത്തിട്ടയിൽ ഇടിച്ചു 2 ബോട്ടും നിന്നു.
അപകടാവസ്ഥ ഒഴിവായെങ്കിലും മണിക്കൂറുകൾ എടുത്താണ് ബോട്ടുകളിലെ തീ അണയ്ക്കാൻ സാധിച്ചത്.
അപകടത്തിൽ ബോട്ടിലെ ജീവനക്കാരും ആന്ധ്ര പ്രദേശ് സ്വദേശികളുമായ രാജു, അശോക് എന്നിവർക്ക് നിസ്സാര പരുക്കേറ്റു. തീ പടർന്നതോടെ ജീവനക്കാർ മുഴുവൻ പുറത്തേക്കെത്തുകയും കായലിൽ ചാടി രക്ഷപ്പെടുകയും ചെയ്തതിനാൽ വലിയ അപകടം ഒഴിവായി.
ബോട്ടുകളെ വേർപെടുത്താൻ സാധിച്ചില്ലായായിരുന്നെങ്കിൽ മറ്റു 2 ബോട്ടുകളിലേക്കും സമീപത്തെ വീടുകളിലേക്കുമെല്ലാം തീ പടരാൻ സാധ്യതയുണ്ടായിരുന്നു.
തുരുത്ത് പ്രദേശമായതിനാൽ പൊലീസും അഗ്നിരക്ഷാ സേനയും എത്താൻ ബുദ്ധിമുട്ടി. ബോട്ട് കായലിൽ കത്തിക്കിടക്കുകയിരുന്നതിനാൽ ആദ്യ ഘട്ടത്തിൽ തീ അണയ്ക്കാനും പ്രയാസം നേരിട്ടു.
ആദ്യം ചെറുബോട്ടുകളിൽ പോയി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
പിന്നീട് വലിയ ബോട്ടിൽ പൈപ്പ് ഇട്ടു കൊണ്ടുപോയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ ആരംഭിച്ച പ്രവർത്തനം വൈകിട്ട് 6 വരെ നീണ്ടുനിന്നു.
കടപ്പാക്കട, ചാമക്കട, ചവറ, പരവൂർ, ശാസ്താംകോട്ട എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ യൂണിറ്റുകൾ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.
തീ പടർന്നതോടെ എല്ലാവരും പരിഭ്രാന്തിയിലായി.
എന്ത് ചെയ്യണം എന്നറിയാത്ത സാഹചര്യം. മറ്റുള്ള ബോട്ടുകളിലേക്കും തീ പടരാൻ സാധ്യതയുണ്ടെന്ന് മനസ്സിലായപ്പോൾ ഞാൻ ഞങ്ങളുടെ ബോട്ടുകളെ കൂട്ടി കെട്ടിയിട്ടിരുന്ന കയർ അഴിച്ചു വിടുകയായിരുന്നു.
ഉടൻ തന്നെ ഞങ്ങൾ കായലിൽ ചാടി രക്ഷപ്പെട്ടു. അപ്പോഴേക്കും തീ പിടിച്ച കപ്പലുകൾ ഒഴുകിത്തുടങ്ങിയിരുന്നു.
വലിയ നഷ്ടമാണ് അപകടത്തിലൂടെ ഉണ്ടായത്. ഇനി എന്ത് ചെയ്യുമെന്ന് അറിയില്ല.
ജോൺ അപകടം നടന്ന ബോട്ടിലെ ജീവനക്കാരൻ
ഇനിയെങ്കിലും വർഷങ്ങളായി ഞങ്ങൾ ഉയർത്തുന്ന ആവശ്യം സർക്കാർ കണ്ടില്ലെന്ന് നടിക്കരുത്. യന്ത്രവൽകൃത ബോട്ടുകൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകണമെന്ന ആവശ്യം നാളിതു വരെയും പരിഗണിക്കപ്പെട്ടിട്ടില്ല.
ജീവിക്കാൻ വേണ്ടി നിർമിച്ച ഇതുപോലുള്ള ബോട്ടുകൾ ഒട്ടേറെ പേർക്ക് കടലിലും കരയിലും വച്ച് നഷ്ടപ്പെടുകയും ഉപജീവനത്തിനുള്ള മാർഗം അടയുകയും ചെയ്തിട്ടുണ്ട്. എന്നാൽ സർക്കാർ ഒരു രൂപയുടെ സഹായം പോലും മേഖലയ്ക്ക് നൽകിയിട്ടില്ല. മത്സ്യ കയറ്റുമതിയുടെ 60 ശതമാനത്തിനും മുകളിൽ സംഭാവന ചെയ്യുന്നത് യന്ത്രവൽകൃത മേഖലയാണ്. മത്സ്യബന്ധന മേഖലയിൽ പാർശ്വവൽക്കരിക്കപ്പെട്ട
വിഭാഗമായി മാറിയിരിക്കുകയാണ് യന്ത്രവൽകൃത മത്സ്യബന്ധന മേഖല.
പീറ്റർ മത്യാസ് ഓൾ കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

