സംസ്ഥാനത്ത് പെയ്ത ശക്തമായ മഴയിൽ ചാത്തന്നൂർ മേഖലയിൽ ദേശീയപാത പൂർണ്ണമായും വെള്ളത്തിനടിയിലായി. ചൊവ്വ രാത്രി ഒൻപതരയോടെ ആരംഭിച്ച മഴയിലാണ് ഗതാഗതം സ്തംഭിക്കുകയും വൻ തോതിൽ വെള്ളം കുത്തിയൊഴുകുകയും ചെയ്തത്.
എസ്ബിഐ മുതൽ കാഞ്ഞിരംവിള റോഡ് ആരംഭിക്കുന്ന ഭാഗം വരെയുള്ള സർവീസ് റോഡും എൽഎം മാളിന് സമീപമുള്ള പ്രധാനപാതയുമാണ് വെള്ളത്തിൽ മുങ്ങിയത്. വെള്ളക്കെട്ട് ഒഴിവാക്കാൻ ലക്ഷ്യമിട്ട് നടത്തിയ പ്രഖ്യാപനങ്ങളെല്ലാം പാഴായെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കനറാ ബാങ്കിന് എതിർവശത്തുള്ള ഇടറോഡ് കുത്തൊഴുക്കിൽ പൂർണ്ണമായി തകർന്നു. ഏതാനും മാസം മുൻപ് ദേശീയപാത അതോറിറ്റി നിർമിച്ച റോഡാണ് ഇത്തരത്തിൽ തകർന്നത്.
റോഡിലുണ്ടായിരുന്ന മണ്ണും കല്ലുകളും സമീപത്തെ കടകൾക്ക് മുന്നിലേക്ക് ഒഴുകിയെത്തി. വെള്ളക്കെട്ടിനെ തുടർന്ന് ദേശീയപാതയിൽ കാറുകളും ഓട്ടോറിക്ഷകളും ബൈക്കുകളും കുടുങ്ങിക്കിടന്നു.
ചാത്തന്നൂർ ജംക്ഷനു പടിഞ്ഞാറ് കനറാ ബാങ്കിനു സമീപം സർവീസ് റോഡിൽ മൂന്നടിയോളം വെള്ളം ഉയർന്നു. സർവീസ് റോഡിൽ കുടുങ്ങിയ കാറിലുണ്ടായിരുന്ന യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
പരവൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയാണ് വാഹനം കരയ്ക്ക് കയറ്റിയത്. എൽഎം മാളിന് സമീപം എക്സ്പ്രസ് ഹൈവേയുടെ അര കിലോമീറ്ററോളം വരുന്ന ഭാഗം പൂർണ്ണമായും വെള്ളത്തിനടിയിലായി.
കൊല്ലം ഭാഗത്തേക്ക് പോകുന്ന വരിയിലാണ് വെള്ളക്കെട്ട് അതിരൂക്ഷമായത്. ഇതിനിടയിൽ വെള്ളത്തിൽ അകപ്പെട്ട
ഓട്ടോറിക്ഷയിലുണ്ടായിരുന്ന അമ്മയെയും കുട്ടിയെയും ചാത്തന്നൂർ പബ്ലിക് ലൈബ്രറി പ്രവർത്തകർ ചേർന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തി. കുത്തൊഴുക്കിൽ നിരവധി ഇടറോഡുകളും മതിലുകളും തകർന്നു വീണു.
അമ്പനാട് പുത്തൻവീട്ടിൽ മാത്യു ജോൺ, മിന റസിഡൻസി, വിളപ്പുറം സ്വദേശി എന്നിവരുടെ പുരയിടങ്ങളുടെ മതിലുകളാണ് തകർന്നത്. ഇതിൽ മിന റസിഡൻസിയുടെ മതിൽ നാല് മാസം മുൻപും സമാനമായ രീതിയിൽ തകർന്നിരുന്നു.
ഇതിനുപുറമേ, കൊല്ലം നീരാവിലെ ഉയരപ്പാതയും വെള്ളത്തിൽ മുങ്ങി. ഇന്നലെ രാത്രി 7 മണിയോടെയാണ് മേവറം ഭാഗത്തേക്ക് പോകുന്ന ഉയരപ്പാതയിൽ സ്വിമ്മിങ് പൂളിന് സമാനമായ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്.
മഴവെള്ളം ഒഴുകിപ്പോകാനുള്ള പൈപ്പുകൾ അടഞ്ഞുകിടന്നതാണ് ഇവിടെ പ്രതിസന്ധിയായത്. ഇരുചക്ര വാഹനങ്ങൾ തള്ളിക്കൊണ്ടുപോകേണ്ടി വന്നതായും ഓട്ടോറിക്ഷകൾക്കും കാറുകൾക്കും ഉള്ളിൽ വെള്ളം കയറിയതായും യാത്രികർ വ്യക്തമാക്കി.
മേഖലയിലെ ഇരുപത്തിയഞ്ചിലേറെ കടകളിലും അപ്പാർട്മെന്റുകളിലും വീടുകളിലും വെള്ളം കയറി വൻ നഷ്ടമുണ്ടായി. ആവണി ജ്വല്ലറി, ഐക്കര മൊബൈൽ ഷോപ്പ്, പ്രിൻസ് ഡ്രൈവിങ് സ്കൂൾ, ഐസിഎൽ ഫിൻകോർപ്, നന്ദനം ഫൈനാൻസിയേഴ്സ്, ബി.ബി.
ബുക്ക് സ്റ്റാൾ തുടങ്ങിയ സ്ഥാപനങ്ങളിലാണ് വെള്ളം കയറി നാശനഷ്ടം സംഭവിച്ചത്. കടകൾ അടച്ച ശേഷമുണ്ടായ വെള്ളപ്പൊക്കത്തിൽ ആവണി ജ്വല്ലറിയിൽ മാത്രം ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.
സിസിടിവി ക്യാമറകൾ, ഇൻവെർട്ടറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പൂർണ്ണമായി നശിച്ചു. മിന റസിഡൻസിയുടെ ഗ്രൗണ്ട് ഫ്ലോറിലെ മൂന്ന് ഫ്ലാറ്റുകളിലും സമീപത്തെ ഏഴ് വീടുകളിലും വെള്ളം കയറിയതിനെ തുടർന്ന് താമസക്കാരെ മുകളിലത്തെ നിലകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

