
ദേശീയപാതയ്ക്കായി അഷ്ടമുടിക്കായലിൽ ഡ്രജിങ്; മണ്ണിനൊപ്പം ദശലക്ഷക്കണക്കിനു രൂപയുടെ കക്കയും കോരിമാറ്റി
കൊല്ലം ∙ ദേശീയപാത വികസനത്തിനുള്ള മണ്ണിനു വേണ്ടി അഷ്ടമുടിക്കായലിൽ നടത്തുന്ന ഖനനം കക്ക സമ്പത്തിനെ ഗുരുതരമായി ബാധിക്കുന്നതായി പരാതി. കക്കയുടെ പ്രജനന മേഖലകളിൽ നിന്നാണ് ആഴത്തിൽ മണ്ണു ഖനനം ചെയ്യുന്നത്.
ഖനനത്തോടൊപ്പം വൻതോതിൽ കക്കയും കോരിമാറ്റുന്നതായും പരാതിയുണ്ട്. കായലിൽ അടിഞ്ഞുകൂടിയ മണൽ ഖനനം ചെയ്യുന്നതിനു പകരം മിക്ക മേഖലകളിലും ആഴമുള്ള സ്ഥലങ്ങളിൽ നിന്നാണ് ഡ്രജർ ഉപയോഗിച്ച് മണ്ണു കോരിയെടുത്തതെന്നു കക്ക വാരൽ തൊഴിലാളികൾ പറഞ്ഞു.
മണ്ണിനോടൊപ്പം ദശലക്ഷക്കണക്കിനു രൂപയുടെ കക്കയും കോരിമാറ്റി. ഇതുമൂലം കക്കയുടെ ലഭ്യത കുറഞ്ഞത് തൊഴിലാളികളെ പ്രതിസന്ധിയിലാക്കി.
അഞ്ഞൂറോളം തൊഴിലാളികൾ അരവിള, നീണ്ടകര, മുക്കാട്, ദളവാപുരം, തെക്കുംഭാഗം തുടങ്ങി അഷ്ടമുടിക്കായലിന്റെ വിവിധ മേഖലകളിലായി കക്കവാരി ഉപജീവനം നടത്തുന്നുണ്ട്.ക ക്കകളിൽ ഏറ്റവും രുചികരവും ഗുണമേന്മയുള്ളതും കൂടുതൽ വില ലഭിക്കുന്നതുമായ മഞ്ഞക്കക്ക (കല്ലുകക്ക)യാണ് ഇവിടെ ലഭിക്കുന്നത്. 35 കിലോയ്ക്ക് 1700 രൂപ വില ലഭിച്ചിരുന്നു.
ഗോവ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഇവ കൊണ്ടുപോകുന്നത്. അഷ്ടമുടിക്കായൽ (ഫയല് ചിത്രം: മനോരമ)
അടിത്തട്ടിൽ നിന്നു കല്ലുകൾ ഉൾപ്പെടെ ഖനനം ചെയ്യുന്നതാണ് കക്കകളുടെ പ്രജനന ആവാസ വ്യവസ്ഥ തകരാർ കാരണം.
കക്കയുടെ വെള്ളഓട്ടികൾ വിവിധ ജീവൻ രക്ഷാ മരുന്നുകൾ, ടൂത്ത് പേസ്റ്റ് അടക്കം നിർമിക്കുന്നതിനു അസംസ്കൃത വസ്തുവായും ഉപയോഗിക്കുന്നുണ്ട്. അടിത്തട്ട് ഇളകിയതുമൂലം സൂനാമിക്കു ശേഷം കക്കസമ്പത്ത് ഗണ്യമായി കുറഞ്ഞിരുന്നു.
ഡിസംബർ മുതൽ ഫെബ്രുവരി വരെ കക്കവാരലിനു നിരോധനവുമുണ്ട്. കക്ക കൂടുതൽ ലഭിക്കേണ്ട
സമയമാണ് ഇതെങ്കിലും ഇപ്പോൾ ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. പാരുകൾ നിറഞ്ഞ കക്കയുടെ പ്രജനനമേഖലയിലെ ഖനത്തിന് എതിരെ നേരത്തെ കക്കവാരൽ തൊഴിലാളികൾ പ്രതിഷേധം ഉയർത്തിയിരുന്നു.
കക്ക സമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള ഖനനം അവസാനിപ്പിക്കണമെന്നാണ് കക്കവാരൽ തൊഴിലാളികളുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]