
പൊതുജനത്തിനുനേരെ എസ്ഐയുടെ അതിക്രമ പരമ്പര: പ്രതിഷേധം ശക്തമായതോടെ സസ്പെൻഷൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം ∙ തട്ടുകടയിൽ ചായ കുടിക്കാനെത്തിയവർക്കും ബസ് കാത്തു നിൽക്കുകയായിരുന്ന അച്ഛനും മകനും കച്ചവടക്കാരനും ട്രാൻസ്ജെൻഡർമാർക്കും നേരെ എസ്ഐയുടെ അതിക്രമ പരമ്പര. പ്രതിഷേധം ശക്തമായതോടെ എസ്ഐയെ സസ്പെൻഡ് ചെയ്തു. കൊല്ലം ഈസ്റ്റ് എസ്ഐ ടി.സുമേഷിനെയാണു സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കൃത്യനിർവഹണത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്നും ജനങ്ങളോടു മോശമായി പെരുമാറിയെന്നുമുള്ള സ്പെഷൽ ബ്രാഞ്ച് അസി. കമ്മിഷണർ എ.പ്രദീപ്കുമാറിന്റെ റിപ്പോർട്ടിനെത്തുടർന്നാണു നടപടി.
സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കൊല്ലം എസിപി എസ്. ഷെറീഫിനെ കമ്മിഷണർ ചുമതലപ്പെടുത്തി. ഇന്നലെ പുലർച്ചെയാണു സംഭവ പരമ്പരയുടെ തുടക്കം. ലിങ്ക് റോഡിലുള്ള കടയിലെത്തിയ എസ്ഐ സുമേഷ് ഇവിടുത്തെ കച്ചവടക്കാരനെ ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്തു. ഇവിടെ വച്ചു ട്രാൻസ്ജെൻഡർമാരെയും ലാത്തി കൊണ്ട് അടിച്ചോടിച്ചു. പുലർച്ചെ നാലരയോടെ റെയിൽവേ സ്റ്റേഷന്റെ രണ്ടാം ടെർമിനലിനു മുന്നിൽ ചിന്നക്കടയിലെ തട്ടുകടയിൽ ചായ കുടിക്കുകയായിരുന്ന തട്ടാമല മേവറം സ്വദേശി ജിഷ്ണു എന്ന യുവാവിനെയും മർദിച്ചു.
സുഹൃത്തുക്കളും മറ്റും അടങ്ങുന്ന നാലംഗ സംഘത്തോടൊപ്പം വന്നതായിരുന്നു ജിഷ്ണു. തൊട്ടടുത്ത ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുകയായിരുന്ന അച്ഛനും മകനും നേർക്കായി തുടർന്നു പരാക്രമം. കരിക്കോട് സ്വദേശിയും കെഎസ്യു ജില്ലാ ജനറൽ സെക്രട്ടറിയുമായ സെയ്ദ് മുഹമ്മദും കരിക്കോട് ഡിവിഷൻ കോൺഗ്രസ് പ്രസിഡന്റായ പിതാവ് നാസറുമാണ് മർദനത്തിന് ഇരയായത്. ഇരുവരും തെങ്കാശി പൊട്ടൽപുത്തൂർ ദർഗയിൽ സന്ദർശനം നടത്തി ഇന്നലെ പുലർച്ചെയുള്ള പാലരുവി എക്സ്പ്രസിൽ പുലർച്ചെ 4.30ന് കൊല്ലത്തു വന്നിറങ്ങിയ ശേഷം റോഡിലെത്തി ബസ് കാത്തിരിക്കുമ്പോഴാണു സംഭവം.
നാസറും സെയ്ദും ബസ് കയറാനായി എത്തിയപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ സമീപത്തെ തട്ടുകടയിൽ നിന്ന് ബഹളം വച്ചു ഇറങ്ങുന്നതാണ് കാണുന്നത്. പെട്ടെന്നു എസ്ഐ സുമേഷ് സെയ്ദിന്റെ അടുത്ത് വന്നു ‘നീ മദ്യപിക്കുമോടാ’ എന്നു ചോദിച്ചു. മദ്യപിക്കില്ലെന്നും മകനോടൊപ്പം ട്രെയിനിൽ വന്നിറങ്ങിയതാണെന്നും ടിക്കറ്റ് കാണിക്കാമെന്നും സെയ്ദ് മറുപടി പറഞ്ഞു. എന്നാൽ ഊതാൻ ആവശ്യപ്പെട്ടതോടെ താൻ പൊതുപ്രവർത്തകനാണെന്നും കരിക്കോട് കോൺഗ്രസ് ഡിവിഷൻ പ്രസിഡന്റാണെന്നും വ്യക്തമാക്കിയെങ്കിലും മർദിച്ചതായി നാസർ പറഞ്ഞു
. തടയാനെത്തിയ സെയ്ദിനെയും മർദിച്ചു. വസ്ത്രം വലിച്ചു കീറുകയും മൊബൈൽ ഫോണും കണ്ണടയും പൊട്ടിക്കുകയും ചെയ്തു. തുടർന്ന് സെയ്ദിനെ പൊലീസ് വാഹനത്തിൽ കയറ്റി ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിലെത്തിയ ശേഷവും മർദിച്ചതായും പൊലീസ് ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നതായും സെയ്ദ് ആരോപിച്ചു. രാവിലെ 9 മണിയോടെയാണ് സെയ്ദിനെ വിട്ടയച്ചത്.ജോലി തടസ്സപ്പെടുത്തിയെന്നും തങ്ങൾക്കും മർദനമേറ്റെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
എന്നാൽ മദ്യപിച്ചതു വ്യക്തമാകുമെന്നതിനാൽ പൊലീസുകാരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിട്ടില്ലെന്ന് കെഎസ്യു ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ചു കെഎസ്യു പ്രവർത്തകർ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിലേക്ക് മാർച്ച് നടത്തി. എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ടു ട്രാൻസ്ജെൻഡർമാരും റോഡ് ഉപരോധിക്കുകയും സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലേക്കു മാർച്ച് നടത്തുകയും ചെയ്തു.
എസ്ഐക്കെതിരെ പ്രതിഷേധവുമായി ട്രാൻസ്ജെൻഡേഴ്സ്
കൊല്ലം∙ ട്രാൻസ്ജെൻഡർമാരെ മർദിച്ച കേസിലും ഈസ്റ്റ് എസ്ഐക്കെതിരെ നിയമ നടപടി വേണമെന്നും ആവശ്യപ്പെട്ട് ട്രാൻസ്ജെൻഡർമാർ ഇന്നലെ വൈകിട്ട് കൊല്ലം എആർ ക്യാംപിന് മുന്നിലെ റോഡ് മുക്കാൽ മണിക്കൂറോളം ഉപരോധിച്ചു. ഞായർ രാത്രിയിൽ ആശ്രാമം ലിങ്ക് റോഡിൽ വച്ചാണ് ട്രാൻസ്ജെൻഡർമാരെ ഈസ്റ്റ് എസ്ഐ സുമേഷ് മർദിച്ചത്. ഇന്നലെ വൈകിട്ട് 4.30ന് ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രകടനമായി എത്തിയ ട്രാൻസ്ജെൻഡർമാരെ പൊലീസ് ഇരുമ്പ് ബാരിക്കേഡ് വച്ചു തടഞ്ഞു.
ഇതോടെ ഇവർ കമ്മിഷണർ ഒാഫിസിന് മുന്നിലേക്ക് മാർച്ച് നടത്തി. പൊലീസ് എആർ ക്യാംപിന് സമീപം പ്രതിഷേധക്കാരെ തടഞ്ഞു. തുടർന്നാണ് ഇവർ റോഡ് മുക്കാൽ മണിക്കൂറോളം ഉപരോധിച്ചത്. എസിപി എസ്.ഷെരീഫ് സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും എസ്ഐയ്ക്ക് എതിരെ നടപടി എടുക്കാതെ സമരത്തിൽ നിന്നും ട്രാൻസ്ജെൻഡർമാർ പിന്മാറാൻ തയാറായില്ല.ഒടുവിൽ എസ്ഐയ്ക്കെതിരെ നടപടി എടുത്തുവെന്ന് കമ്മിഷണർ അറിയിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.
പൊലീസ് ഗുണ്ടകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം: കെഎസ്യു
കൊല്ലം ∙ ബസ് കാത്തുനിന്ന കെഎസ്യു ജില്ലാ ജനറൽ സെക്രട്ടറിയായ സെയ്ദും കോൺഗ്രസ് കരിക്കോട് ഡിവിഷൻ പ്രസിഡന്റായ പിതാവ് നാസറിനെയും കൊല്ലം ഈസ്റ്റ് എസ്ഐ സുമേഷ് അടക്കമുള്ള പൊലീസുകാർ മർദിച്ച സംഭവത്തിൽ കെഎസ്യു ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
പിണറായി വിജയൻ ഭരണത്തിൽ പൊലീസ് ഗുണ്ടകളെ പോലെയാണ് പെരുമാറുന്നത്.മദ്യലഹരിയിൽ ആയ എസ്ഐ സുമേഷിനെ സർവീസിൽ നിന്ന് മാറ്റി നിർത്തി നിഷ്പക്ഷ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണം.അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തുമെന്നും കെഎസ്യു ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കർ വ്യക്തമാക്കി.