
ലഹരി വേട്ട; 3 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവതി കൊല്ലത്ത് അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം ∙ 3 ലക്ഷം രൂപ വില വരുന്ന എംഡിഎംഎയുമായി യുവതി പിടിയിൽ. അഞ്ചാലുംമൂട് ഇടവട്ടം സായിപം വീട്ടിൽ നിന്ന് അഞ്ചാലുംമൂട് പനയം രേവതിയിൽ വാടകയ്ക്കു താമസിക്കുന്ന അനില രവീന്ദ്രൻ (34) ആണു കൊല്ലം സിറ്റി ഡാൻസാഫ് ടീമും ശക്തികുളങ്ങര പൊലീസും ചേർന്നു നടത്തിയ പരിശോധനയിൽ പിടിയിലായത്. 2021ൽ ഇവരെ എംഡിഎംഎയുമായി തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കർണാടകയിൽ നിന്നു കാറിൽ കടത്തി കൊണ്ടു വന്ന 50 ഗ്രാം എംഡിഎംഎ കൊല്ലം നഗരത്തിലെ സ്കൂൾ, കോളജ് വിദ്യാർഥികൾക്കു വിതരണം ചെയ്യാനാണെന്നു പൊലീസ് പറഞ്ഞു.
കർണാടകയിൽ നിന്ന് എംഡിഎംഎ വാങ്ങിയ ശേഷം അനിലയുടെ ഉടമസ്ഥതയിലുള്ള കർണാടക റജിസ്ട്രേഷനുള്ള കാറിൽ കൊല്ലത്തേക്കു വരുന്നതിനിടെയാണ് പിടിയിലാകുന്നത്. സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ മുതൽ സിറ്റി പൊലീസ് പരിധിയിൽ വ്യാപക പരിശോധന ആരംഭിച്ചിരുന്നു. കൊല്ലം എസിപി എസ്.ഷെരീഫിന്റെ നേതൃത്വത്തിൽ 3 സംഘങ്ങളാണു പരിശോധന നടത്തിയത്. തുടർന്ന്, ഇന്നലെ വൈകിട്ട് 5നു നീണ്ടകര പാലത്തിനു സമീപം വച്ചു കാർ കണ്ടെത്തിയ പൊലീസ് സംഘം വാഹനം കൈ കാണിച്ചിട്ടും നിർത്തിയില്ല.
തുടർന്ന് ശക്തികുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിലെ ആൽത്തറമൂട്ടിൽ വച്ചു പൊലീസ് വാഹനം റോഡിൽ കുറുകെയിട്ടാണു കാർ തടഞ്ഞ് ഇവരെ പിടികൂടിയത്. പരിശോധനയിൽ എംഡിഎംഎ കണ്ടെത്തി. കൊല്ലം സിറ്റി പൊലീസ് ഈ മാസം പിടികൂടുന്ന നാലാമത്തെ വലിയ എംഡിഎംഎ വേട്ടയാണിത്. ശക്തികുളങ്ങര ഇൻസ്പെക്ടർ ആർ.രതീഷ്, എസ്ഐ സുരേഷ് കുമാർ, ഡാൻസാഫ് എസ്ഐമാരായ സായിസേനൻ, ആർ.രാജേഷ് കുമാർ, അംഗങ്ങളായ ബൈജു ജെറോം, സീനു, മനു, സജു, ഷെഫീഖ്, അനു, അനൂപ്, സുനിൽ, ദിലീപ്, വനിതാ പൊലീസ് ഉദ്യോഗസ്ഥരായ ശാരിക, ആൻസി എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.