കൊല്ലം ∙ ശ്രീനിവാസന് കൊല്ലം എന്നുമൊരു സൗഹൃദ നഗരമായിരുന്നു. പതിറ്റാണ്ടുകളോളം നീണ്ട
ബന്ധങ്ങളുള്ള ഒട്ടേറെ സുഹൃത്തുക്കളാണ് ജില്ലയിൽ നിന്ന് ശ്രീനിവാസനു ലഭിച്ചത്, അതുകൊണ്ടു കൂടിയാണ് സിനിമ ചർച്ചകൾക്കും ഷൂട്ടിങ്ങുകൾക്കുമപ്പുറം സുഹൃത്തുക്കളെ കാണാനും സൗഹൃദം പുതുക്കാനുമായി ശ്രീനിവാസൻ കൊല്ലത്തേക്കു വന്നിരുന്നത്.
ശ്രീനിവാസന്റെ അടുത്ത സുഹൃത്തും കൊല്ലം കോട്ടമുക്ക് സ്വദേശിയുമായ വ്യവസായി എ.സിയാദിന്റെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു ശ്രീനിവാസൻ. സിനിമയിലെത്തുന്നതിന് മുൻപ് മകൻ വിനീത് ശ്രീനിവാസനും സിയാദിന്റെ വീട്ടിൽ വന്നു ദിവസങ്ങളോളം താമസിച്ചിട്ടുണ്ട്.
ചെന്നൈയിൽ നിന്ന് എറണാകുളത്തേക്കു ശ്രീനിവാസൻ സ്ഥിരതാമസമാക്കുന്നതിന് പിന്നിലും എ.സിയാദിന്റെ സ്വാധീനമുണ്ട്.
മക്കളെ പഠിത്തം കഴിഞ്ഞ ശേഷവും ചെന്നൈയിൽ തുടർന്ന ശ്രീനിവാസനെ കേരളത്തിലേക്ക് വരാൻ നിർബന്ധിക്കുകയും സ്ഥലം വാങ്ങിപ്പിക്കുകയും ചെയ്തിരുന്നുവെന്നും അടുത്ത സൗഹൃദമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നതെന്നും സിയാദ് പറഞ്ഞു.
നടനും എംഎൽഎയുമായ എം.മുകേഷിന്റെ കൂടെ ഒരുമിച്ചു പഠിച്ചതാണ് സിയാദ്. ആ ബന്ധം വഴിയാണ് 35 വർഷങ്ങൾക്കു മുൻപ് ശ്രീനിവാസനെ പരിചയപ്പെടുന്നത്.
പിന്നീട് സിയാദിന്റെ വിദേശത്തെ വ്യവസായവുമായി ബന്ധപ്പെട്ട പരസ്യത്തിൽ ശ്രീനിവാസൻ അഭിനയിച്ചതോടെ ആ സൗഹൃദം കൂടുതൽ വളർന്നു.
പിന്നീട് പലപ്പോഴായി കൊല്ലത്തു വരികയും കുടുംബവുമായി സൗഹൃദത്തിലാവുകയും ചെയ്തു.
ഒന്നര വർഷം മുൻപാണ് ശ്രീനിവാസൻ അവസാനമായി കൊല്ലത്തു സിയാദിന്റെ വീട്ടിലെത്തിയത്. 2 മാസം മുൻപാണ് എ.സിയാദ് അവസാനമായി എറണാകുളത്തെ വീട്ടിൽ പോയി ശ്രീനിവാസനെ കണ്ടിരുന്നു. ഒരു ശതമാനം പോലും താരത്തിന്റെ തലക്കനം ഇല്ലാത്ത സാധാരണക്കാരനെ പോലെ ചിന്തിക്കുന്ന വ്യക്തിയായിരുന്നു ശ്രീനിവാസനെന്ന് അദ്ദേഹം ഓർക്കുന്നു.
∙ സമാനമായി ശ്രീനിവാസനുമായ ആഴത്തിലുള്ള സൗഹൃദം നിലനിർത്തിയിരുന്ന വ്യക്തിയാണ് ചവറ തെക്കുംഭാഗം സ്വദേശിയും വ്യവസായിയുമായ അഷ്ടമുടി വേണുനാഥ്.
1990 കാലഘട്ടത്തിൽ ചെന്നൈയിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ആ സൗഹൃദം പെട്ടെന്നു വളർന്നു.
വേണുവിന്റെ തെക്കുംഭാഗത്തെ വീട്ടിലും റിസോർട്ടിലുമെല്ലാം ശ്രീനിവാസൻ ഒട്ടേറെത്തവണ വന്നിട്ടുണ്ട്.
ടെലിവിഷൻ ഷോയും സ്വയംവരപ്പന്തൽ എന്ന സിനിമയുമെല്ലാം തെക്കുംഭാഗത്തെ റിസോർട്ടിലാണ് ചിത്രീകരിച്ചത്. കുടുംബവുമായും വലിയ അടുപ്പമുണ്ടായിരുന്ന ശ്രീനിവാസനെ സുഹൃത്തിന്റെ മകന്റെ വിവാഹച്ചടങ്ങിൽ വച്ചു, 2 വർഷം മുൻപാണ് വേണു അവസാനമായി കണ്ടത്.
ആൾക്കൂട്ടത്തെ ഇഷ്ടപ്പെടാത്ത, എന്നാൽ ഇഷ്ടമുള്ളവരുമായി എത്ര നേരവും സംസാരിച്ചിരിക്കാൻ താൽപര്യപ്പെടുന്ന വ്യക്തിയായിരുന്നു ശ്രീനിവാസനെന്ന് വേണു ഓർമിക്കുന്നു.
എനിക്ക് നഷ്ടപ്പെട്ടത് ആത്മ സുഹൃത്തിനെയും വഴികാട്ടിയെയും എല്ലാത്തിലുമുപരി കൂടപ്പിറപ്പിനെയുമാണ്. നാലര പതിറ്റാണ്ടിന്റെ ആത്മബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്.
ജീവിതത്തിന്റെ ഉയർച്ച താഴ്ചകളിലെല്ലാം നെഞ്ചോട് ചേർത്ത് പിടിച്ച നിഷ്കളങ്ക സ്നേഹത്തിന്റെ പേര് കൂടിയാണ് ശ്രീനിവാസൻ. എല്ലാം വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് ശ്രീനിവാസൻ.
അതിൽ സൗഹൃദമെന്നോ മറ്റോ നോക്കില്ല. നല്ല കഥയ്ക്കും തിരക്കഥയ്ക്കും വേണ്ടി ഒരു വിട്ടുവീഴ്ചയും അദ്ദേഹം ചെയ്യില്ല.
ഒരു തിരക്കഥ അദ്ദേഹത്തിന്റെ അടുത്തു കൊണ്ടുവന്നാൽ അത് വായിച്ചു കഴിഞ്ഞ് പുതിയ ഒരാളാണെങ്കിൽ പോലും മിനിമം 10 ചോദ്യങ്ങൾ അങ്ങോട്ടു ചോദിക്കും. ആ ചോദ്യങ്ങൾക്കു മറുപടി നൽകിയാൽ മാത്രമേ അദ്ദേഹം തിരക്കഥയുമായി മുന്നോട്ടു പോകൂ.
അതുകൊണ്ട് തന്നെ ശ്രീനിവാസന്റെ അടുത്തു പോകാൻ ഒട്ടേറെ പേർക്കു ഭയമാണ്. കാരണം അദ്ദേഹം ചോദിക്കുന്ന ചോദ്യങ്ങൾ അത്രയും കൃത്യമാണ്.
43 കൊല്ലത്തിനിടയിൽ ഒരിക്കൽ പോലും ഒരു ചെറിയ നീരസം പോലും കാണിച്ചിട്ടില്ല. സിനിമയിൽ ആദ്യകാലത്തു എനിക്ക് വേണ്ടി അദ്ദേഹം പോരാടിയിട്ടുണ്ട്.
ഒരുപാട് കാര്യങ്ങളാണ് ഓർക്കാനുള്ളത്. ഒരുമിച്ച് സിനിമയിൽ അഭിനയിച്ചു, ഒരുമിച്ച് സിനിമ നിർമിച്ചു, ഒരുമിച്ച് ലോകം കണ്ടു.
പകരം വെക്കാനില്ലാത്ത പ്രതിസന്ധികളിലെ തണൽ മരത്തിന് വിട…
എം.മുകേഷ് എംഎൽഎ, നടൻ
ഏകദേശം 37 വർഷങ്ങൾക്ക് മുൻപാണ് ഞാൻ ശ്രീനിവാസനെ ആദ്യമായി പരിചയപ്പെടുന്നത്; മോഹൻലാലിന്റെ ഒരു പ്രിയദർശൻ പടത്തിന്റെ ലൊക്കേഷനിൽ വച്ച്. അക്കാലത്തെ എല്ലാ മോഹൻലാൽ പടങ്ങളുടെ ലൊക്കേഷനുകളിലും ഒരു ദിവസത്തേക്ക് ഞാനും ഉണ്ടാകുമായിരുന്നു.
അതൊരു വ്യത്യസ്ത അനുഭവം തന്നെയായിരുന്നു. പ്രത്യേകിച്ച് പ്രിയന്റെ ലൊക്കേഷനുകളിൽ അതൊരു ഉത്സവമായിരുന്നു.
ആ ഉത്സവപ്പറമ്പിൽ വച്ചാണ് ഞാനും ശ്രീനിയും സൗഹൃദത്തിലാവുന്നത്.
ഏറ്റവും ഒടുവിൽ, അത്തരത്തിൽ ഞാൻ പങ്കാളിയായ ഒരു ലൊക്കേഷൻ ചന്ദ്രലേഖയുടേതാണ്. 5 ദിവസത്തോളം ഞാൻ ആ ലൊക്കേഷനിൽ ഉണ്ടായിരുന്നു.
ലാലും ശ്രീനിയും നെടുമുടി വേണു ചേട്ടനും എംജി സോമൻ ചേട്ടനും ഒക്കെ അടങ്ങുന്ന ആ കൂട്ടായ്മയുടെ അക്കാലത്തെ ഓർമകൾ ഒരിക്കലും ജീവിതത്തിൽ നിന്നും മാഞ്ഞു പോകില്ല. സിനിമയെക്കുറിച്ചും സാമൂഹിക- രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചും അഗാധമായ ജ്ഞാനവും, എന്നാൽ അതിന്റെ ഭാവങ്ങൾ ഏതുമില്ലാതെ ആ അറിവിനെ പൊതിഞ്ഞു നിൽക്കുന്ന നർമബോധവും ശ്രീനിയുടെ പ്രത്യേകതയായിരുന്നു.
രാഷ്ട്രീയ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ഉണ്ടെങ്കിലും അത് തുറന്നു പറയാൻ പലർക്കും മടിയാണ്. എന്നാൽ അത്തരം മടികൾ ഒന്നുമില്ലാതെ കുറിക്കു കൊള്ളുന്ന നിലയിൽ തന്റെ വിമർശനങ്ങൾ തൊടുത്തുവിടാൻ പ്രത്യേക പാടവം ശ്രീനിക്കുണ്ടായിരുന്നു.
മലയാള സിനിമയ്ക്കും കേരള സമൂഹത്തിനും ഒരു തീരാനഷ്ടമാണ് ശ്രീനിയുടെ വിയോഗം.
ഷിബു ബേബിജോൺ ആർഎസ്പി സംസ്ഥാന സെക്രട്ടറി, നിർമാതാവ്
സാമൂഹിക രാഷ്ട്രീയ സാംസ്കാരിക കലാരംഗങ്ങളിലെ വിവിധ വിഷയങ്ങളെ വിശകലനം ചെയ്ത് സാധാരണക്കാരുടെ ജീവിതവുമായി താരതമ്യപ്പെടുത്തി എഴുത്തിലൂടെ കാലത്തെ അതിജീവിക്കുന്ന സിനിമകൾ മലയാളത്തിന് നൽകിയ അതുല്യ പ്രതിഭയായിരുന്നു ശ്രീനിവാസൻ. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം, നിർമാണം എന്നീ വിവിധ തലങ്ങളിൽ തിളങ്ങിയ ശ്രീനിവാസന്റെ സിനിമകൾ സമൂഹത്തെ ചിരിപ്പിക്കുന്നതിനും അതിലുപരി ചിന്തിപ്പിക്കുന്നതിനും നന്മയുടെയും നേർവഴിയുടെയും സന്ദേശങ്ങൾ പകരുന്നതുമായിരുന്നു.
അദ്ദേഹത്തിന്റെ വേർപാട് മലയാളിക്കെന്നതു പോലെ മാനവികതയെ മാനിക്കുന്ന മനുഷ്യർക്കെല്ലാം വേദനയുണ്ടാക്കുന്നതാണ്.
എൻ.കെ.പ്രേമചന്ദ്രൻ എംപി
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

