
സാമ്പ്രാണിക്കോടിയിൽ ബോട്ട് സർവീസിനെ ചൊല്ലി ചേരിപ്പോര്; സന്ദർശകരെ മടുപ്പിച്ച് പ്രതിഷേധക്കാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അഞ്ചാലുംമൂട് ∙ സാമ്പ്രാണിക്കോടിയിൽ ബോട്ട് സർവീസിനെ ചൊല്ലി ചേരിപ്പോര് രൂക്ഷം. മണലിൽ കടവിലെ ഡിടിപിസിയുടെ കൗണ്ടറിലേക്ക് കൂടുതൽ ബോട്ടുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ആൾക്കാർ റോഡ് ഉപരോധവും പ്രതിഷേധവും നടത്തി. പൊലീസിന്റെ ഇടപെടലിൽ സംഘർഷ സാധ്യത ഒഴിവായി. ഡിടിപിസിയുടെ സാമ്പ്രാണിക്കോടി ടൂറിസം പദ്ധതിയുടെ ഭാഗമായ ബോട്ട് സർവീസുകൾക്കായി സാമ്പ്രാണിക്കോടി, കുരീപ്പുഴ, മണലിൽ എന്നിവിടങ്ങളിലായി 3 കൗണ്ടറുകളാണ് ഉള്ളത്. ഇന്നലെ തിരക്ക് അധികമായതോടെ മണലിൽ കടവിലെ കൗണ്ടറിന്റെ പ്രവർത്തനം താളം തെറ്റി.
മണലിൽ കൗണ്ടറിൽ നിന്ന് തുരുത്തിലേക്ക് പോകുന്ന ബോട്ടുകൾ യാത്രക്കാരുമായി തിരികെ എത്താൻ വൈകുന്നത് തുരുത്തിലേക്ക് പോകാനായി എത്തുന്ന സന്ദർശകർക്ക് സമയ നഷ്ടം ഉണ്ടാക്കുന്നുണ്ട്. ഇതിന് പരിഹാരമായി മണലിൽ കൗണ്ടറിലേക്ക് കൂടുതൽ ബോട്ടുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഡിടിപിസി അനുകൂല നിലപാട് എടുത്തില്ല. ഒരു കൗണ്ടറിൽ 20 ബോട്ട് വീതമാണ് സർവീസ് നടത്തുന്നത്. പ്രതിദിനം ബോട്ടുകൾ കൗണ്ടറുകൾ മാറിയാണ് സർവീസ് നടത്തുന്നതും.
മണലിൽ കൗണ്ടറിൽ യാത്രക്കാരുടെ എണ്ണം കൂടുമ്പോൾ അവരെ സാമ്പ്രാണിക്കോടി കൗണ്ടറിലേക്ക് പറഞ്ഞു വിടുന്നു എന്നാരോപിച്ചാണ് ഇന്നലെ ഒരു വിഭാഗം ആൾക്കാർ പ്രതിഷേധിച്ചത്. റോഡ് ഉപരോധിക്കാനും സാമ്പ്രാണിക്കോടിയിലെ കൗണ്ടർ അടപ്പിക്കാനും ഇക്കൂട്ടർ ശ്രമം നടത്തി. സ്ഥലത്ത് അഞ്ചാലുംമൂട് പൊലീസ് എത്തിയിരുന്നതിനാൽ സംഘർഷ സാധ്യത ഒഴിവായി. പൊലീസിന്റെ നിർദേശത്തെ തുടർന്ന് വൈകിട്ട് 4.30 ഓടെ എല്ലാ കൗണ്ടറുകളുടെയും പ്രവർത്തനം നിർത്തി വച്ചു.
സന്ദർശകരെ മടുപ്പിച്ച് പ്രതിഷേധക്കാർ
സാമ്പ്രാണിക്കോടി തുരുത്തിലേക്ക് അവധി ആഘോഷത്തിനെത്തിയ സന്ദർശകരെ മടുപ്പിച്ച് പ്രതിഷേധക്കാർ. സന്ദർശകർക്ക് ഇഷ്ടമുള്ള കൗണ്ടറുകൾ ഓൺലൈനായി തിരഞ്ഞെടുക്കാൻ സംവിധാനമുണ്ടെന്നിരിക്കെ അവരെ ചിലർ തെറ്റി ധരിപ്പിക്കുകയാണെന്നും ആക്ഷേപം ഉണ്ട്. ഇന്നലെ തുരുത്ത് കാണാനെത്തിയ നൂറുകണക്കിന് സന്ദർശകരാണ് ഇത്തരത്തിൽ കുടുങ്ങിയത്.