
ട്രെയിൻ യാത്രക്കാരിക്ക് പാമ്പുകടിയേറ്റ സംഭവം: സുരക്ഷ ഒരുക്കണമെന്നാവശ്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുനലൂർ ∙ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ വിദ്യാർഥിനിയായ ട്രെയിൻ യാത്രക്കാരിക്ക് പാമ്പുകടിയേറ്റത്തോടെ റെയിൽവേ പ്ലാറ്റ്ഫോമുകളിലും പരിസരത്തും സുരക്ഷ ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തമായി. അഞ്ചൽ കോട്ടുക്കൽ തോട്ടംമുക്ക് ശ്രീശൈലത്തിൽ സുരേഷ്കുമാരിന്റെ മകൾ ശ്രീലക്ഷ്മി (13)യ്ക്കാണ് ഇന്നലെ രാവിലെ 5.40ന് ചെന്നൈ –എഗ്മൂർ –കൊല്ലം എക്സ്പ്രസിൽ ഇറങ്ങിയപ്പോൾ പാമ്പുകടിയേറ്റത്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഫുട് ഓവർ ബ്രിജിന് സമീപം വച്ചാണ് പാമ്പുകടിയേറ്റത്.
ഈ ഭാഗത്ത് ലിഫ്റ്റിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായെങ്കിലും സമീപത്ത് വിവിധ നിർമാണ സാമഗ്രികൾ കൂട്ടിയിട്ടിരിക്കുകയാണ്. സമീപത്ത് വെയ്റ്റിങ് ഹാളിന്റെ നിർമാണവും നടക്കുകയാണ്. ഇവിടെയും മൺപണികളും ഇതര ജോലികളും നടക്കുകയാണ്. പുതിയ ആർപിഎഫ് ആസ്ഥാന മന്ദിരം നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തും നിരവധി നിർമാണ സാമഗ്രികൾ കൂട്ടിയിട്ടിരിക്കുകയാണ്. ഇവിടവും വൃത്തിഹീനമായി കിടക്കുകയാണെന്ന് ആരോപണമുണ്ട്.
നേരത്തെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ വശത്ത് ചൂരൽക്കാടുകളും വനത്തിന് സമാനമായ കാടുമാണ് ഉണ്ടായിരുന്നത്. അമൃത്ഭാരത് പദ്ധതി പ്രകാരം പാർക്കിങ് ഗ്രൗണ്ടിനായി ഇവ നീക്കം ചെയ്തുവെങ്കിലും ഇപ്പോൾ നിർമാണങ്ങൾ നടക്കുന്നതിനാൽ നിർമാണ സാമഗ്രികൾ കൂട്ടിയിട്ടിരിക്കുന്നത് കാരണമാണ് പാമ്പിന്റെ സാന്നിധ്യം ഉണ്ടായതെന്നാണ് വിലയിരുത്തൽ. പദ്ധതി പ്രകാരം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ യാത്രക്കാർക്കായി കൂടുതൽ ഫാനുകളും വെളിച്ച സംവിധാനവും ഏർപ്പെടുത്തിയെങ്കിലും പൂർണമായി അവയ്ക്ക് കണക്ഷൻ നൽകിയിട്ടില്ല. ഇന്നലെ രാവിലെ ട്രെയിനിൽ കൂടുതൽ യാത്രക്കാർ ഉണ്ടായിരുന്നു. പ്ലാറ്റ്ഫോമിൽ മതിയായ വെളിച്ചമില്ലായിരുന്നു എന്നാണ് സഹയാത്രികർ പറയുന്നത്.
സ്റ്റേഷൻ മന്ദിരം മോടിപ്പിടിപ്പിക്കൽ അടക്കം ഒന്നാം പ്ലാറ്റ്ഫോമിന്റെ നല്ലൊരു ശതമാനം വശത്തും നിർമാണങ്ങൾ നടക്കുന്നതിനാലും വേനൽമഴ ശക്തമായതിനാലും ഈ ഭാഗത്ത് ഇഴജന്തുക്കളുടെ ശല്യം ഉണ്ടാകാതിരിക്കുവാൻ കൂടുതൽ സുരക്ഷ ഒരുക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. നിർമാണ സാമഗ്രികൾ പ്ലാറ്റ്ഫോമിന് പുറത്തേക്ക് കൊണ്ടു പോകണമെന്നും യാത്രക്കാർ പറയുന്നു. ഒന്നാം പ്ലാറ്റ്ഫോമിന്റെ പടിഞ്ഞാറ് ഭാഗത്ത് മെറ്റൽ ശേഖരിക്കുന്ന ഗ്രൗണ്ട് ആണ് ഉള്ളത്. ഇവിടെ പ്ലാറ്റ്ഫോമിനോട് ചേർന്ന് ഒരു ട്രാക്കും ഉണ്ട്.
ഈ ഭാഗത്തും ശുചീകരണ പ്രവർത്തനങ്ങൾ നടത്താറില്ല. രണ്ടാം പ്ലാറ്റ്ഫോമിന്റെ പടിഞ്ഞാറേഭാഗത്ത് മൺതിട്ടയാണ്. ഇവിടം കാടുപിടിച്ച് കിടക്കുകയാണ്. ഇവിടെയും ഇഴജന്തുക്കളുടെ സാന്നിധ്യം ഉണ്ടാകാൻ സാധ്യതയുണ്ട്. രണ്ട് ട്രെയിനുകൾ യാത്ര അവസാനിപ്പിക്കുകയും നിരവധി ദീർഘദൂര ട്രെയിനുകൾ കടന്നു പോവുകയും ചെയ്യുന്ന പുനലൂർ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും പ്ലാറ്റ്ഫോമുകളിലും പൂർണമായി സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.