കൊല്ലം ∙ അയത്തിൽ ആറിന്റെ പാർശ്വഭിത്തികൾ കെട്ടി ബലപ്പെടുത്തുന്ന ജോലികൾ വൈകുന്നു. ആറിനോടു ചേർന്ന വീടിനു മണ്ണിടിച്ചിൽ മൂലം ബലക്ഷയം ഉണ്ടാകുമെന്ന ആശങ്കയിൽ വീട്ടുകാർ. അയത്തിൽ എംജി നഗർ 17 ചെറുവയലിൽക്കുന്നത്ത് ആർ.വിഷ്ണുവിന്റെ വീടാണ് അപകടാവസ്ഥയിലായത്.
പെരുംകുളം ഭാഗത്തു നിന്ന് ആരംഭിക്കുന്ന ആറിന്റെ ആഴം കൂട്ടി പാർശ്വഭിത്തികൾ കെട്ടുന്ന ജോലികളാണ് ഒരു വർഷമായി ഇറിഗേഷൻ വകുപ്പ് നടത്തുന്നത്. വിഷ്ണുവിന്റെ വീടിനും തോടിനും മധ്യേ മണ്ണുമാന്തി യന്ത്രത്തിനു കടന്നു പോകാൻ തടസ്സമായി നിന്ന മരം മുറിച്ചു നീക്കിയിരുന്നു.
മരം മാറ്റിയതോടെ വീടിനോടു ചേർന്നുള്ള മണ്ണ് ആറിലേക്ക് ഇടിഞ്ഞിറങ്ങി. വീടിന്റെ ചുവരുകളും ഇടിഞ്ഞു വീഴുമോ എന്ന ആശങ്കയിലാണ്. കഴിഞ്ഞ മഴക്കാലത്ത് ആറ് കവിഞ്ഞൊഴുകി വീടിന് അകത്തേക്കു വെള്ളം കയറി.
ആഴം കൂട്ടുന്നതിന്റെ ഭാഗമായി എടുത്ത മണ്ണും ചെളിയും വീടിനോടു ചേർന്നു കൂട്ടിയിടുകയും ചെയ്തു. ആഴം കൂട്ടൽ പൂർത്തിയായിട്ടും ഈ ഭാഗത്തെ പാർശ്വഭിത്തികൾ കെട്ടുന്ന ജോലികൾ ആരംഭിച്ചില്ല.
വീട്ടിൽ വിഷ്ണുവും ഭാര്യയും 3 വയസ്സുള്ള കുഞ്ഞും മാത്രമാണ് ഉള്ളത്.
വീടിനോടു ചേർന്ന് ആറിന്റെ വശങ്ങൾ തകർന്നു കിടക്കുന്നതു വൻഭീഷണിയായിട്ടുണ്ട്. അടിയന്തരമായി പാർശ്വ ഭിത്തികൾ നിർമിക്കണമെന്ന് ആവശ്യപ്പെട്ടു ജില്ലാ കലക്ടർക്കും ഇറിഗേഷൻ വകുപ്പ് അധികൃതർക്കും ഈ മാസം ഒന്നിനു വീട്ടുകാർ നിവേദനം നൽകിയിരുന്നു. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല.
ഈഴവ പാലം ഭാഗത്ത് ആറ് കയ്യേറിയെന്ന പരാതിയെത്തുടർന്നു കിളികൊല്ലൂർ വില്ലേജ് പരിധിയിലുള്ള ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾക്കു നിലവിൽ സ്റ്റേയുണ്ട്.
കിളികൊല്ലൂർ വില്ലേജിലാണു വിഷ്ണുവിന്റെ വീട് സ്ഥിതി ചെയ്യുന്നത്. ആറ് കടന്നു പോകുന്ന ചില സ്ഥലങ്ങളിൽ ആറിൽ നിന്നെടുത്ത മണ്ണും ചെളിയും ഇപ്പോഴും കൂട്ടിയിട്ടിട്ടുണ്ട്. മണ്ണിനു മുകളിൽ കുട്ടികൾ കയറിയിരുന്നു കളിക്കുമ്പോൾ കാൽ വഴുതി തോട്ടിലേക്കു വീഴാനും സാധ്യതയുണ്ട്. കോയിക്കൽ ഭാഗത്ത് ഒരു വർഷം മുൻപ് ആറിന് അരികിൽ കൂട്ടിയിട്ടിരുന്ന മണ്ണിനു മുകളിൽ കളിച്ചു കൊണ്ടിരുന്ന കുട്ടി വെള്ളത്തിൽ വീണ് മരിച്ചിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

