പത്തനാപുരം ∙ ക്ഷേത്രോത്സവ ഒരുക്കത്തിനിടെ പൊലീസിനു നേരെ ആക്രമണം; 3 ഉദ്യോഗസ്ഥർക്കു പരുക്ക്; ജീപ്പ് തകർന്നു. എസ്ഐ ഷാനവാസ്, സിപിഒമാരായ അനീഷ്, നിഖിൽ എന്നിവർക്കാണു പരുക്കേറ്റത്.
അനീഷിന്റെ കാലിനാണു പരുക്ക്. മറ്റുള്ളവർക്കു ജീപ്പിനു നേരെ നടന്ന ആക്രമണത്തിനിടെയാണു പരുക്കേറ്റത്.
തിങ്കൾ രാത്രി 11നായിരുന്നു സംഭവം. തുടർന്നു പിടവൂർ സ്വദേശി സജീവിനെതിരെ (ദേവൻ) കേസെടുത്തു.
ഇയാൾ ഒളിവിലാണ്.
പിതൃസഹോദര പുത്രനായ ക്ഷേത്രം പ്രസിഡന്റ് ഉണ്ണിയുമായി (കിള്ളു) കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതൽ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തിങ്കൾ രാത്രി 10നു സജീവൻ തന്റെ ജീപ്പിൽ നായയുമായി ക്ഷേത്രത്തിൽ എത്തിയതാണു സംഭവത്തിന്റെ തുടക്കം.
ഉണ്ണിയുമായി തർക്കമുണ്ടായതോടെ അവിടെ ഉണ്ടായിരുന്നവരും പൊലീസും ഇടപെട്ട് സജീവനെ മടക്കി. എന്നാൽ, കുറച്ചു കഴിഞ്ഞ് മാരകായുധങ്ങളുമായി ഇയാൾ വീണ്ടുമെത്തി.
സമീപത്തെ പുരയിടത്തിൽ നിർത്തിയിട്ടിരുന്ന ഉണ്ണിയുടെ 2 വാഹനങ്ങൾ തകർത്ത സജീവൻ, തന്റെ ജീപ്പ് എടുത്തു പോകാൻ തുടങ്ങുമ്പോഴാണ് പൊലീസ് എത്തിയത്.
ജീപ്പുമായി പോകാൻ മറ്റു വഴി ഇല്ലാതിരുന്ന സജീവൻ, തന്റെ ജീപ്പ് ഓടിച്ചു പൊലീസ് ജീപ്പിൽ ഇടിക്കുകയും പിന്നിലേക്കു തള്ളി മാറ്റുകയുമായിരുന്നു. പൊലീസ് ജീപ്പിന്റെ ഒരു വശം പൂർണമായി തകരുകയും ഓടിച്ചു പോകാൻ കഴിയാത്ത അവസ്ഥയിൽ എത്തുകയും ചെയ്തു.
വാഹനവുമായി കടന്ന സജീവനെ ഇതുവരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇയാൾക്കെതിരെ ഒട്ടേറെ കേസുകൾ നേരത്തേ ഉണ്ടെന്നു പൊലീസ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

