കൊല്ലം ∙അടുത്ത ബെല്ലിനു നാടകം ആരംഭിക്കുമെന്ന് അനൗൺസ്മെന്റ് മുഴങ്ങിയാൽ ഉത്സവപ്പറമ്പിൽ ലൈറ്റ് അണയും. അവതരണ ഗാനം മുഴങ്ങും.
കണ്ണും കാതും കൂർപ്പിച്ചു കാണികൾ ഇരിക്കും. നാടകത്തെ പോലെ മനസ്സിനെ സ്വാധീനിച്ച മറ്റൊരു ലൈവ് പെർഫോമൻസ് വേറെയുണ്ടോ? നാടകത്തിന്റെ ശക്തിയാണത്.
‘നിൽക്കാനൊരു തറയും പിന്നിലൊരു മറയുമുണ്ടെങ്കിൽ നാടകം കളിക്കും’ എന്നു പറഞ്ഞ എൻ.എൻ.പിള്ളയുടെ ആത്മവിശ്വാസം. മാറ്റങ്ങൾ ഏറെയുണ്ടെങ്കിലും ആ കരുത്ത് ഇന്നും നാടകവേദിക്കുണ്ട്.
ഒരു മാസത്തോളം നീളുന്ന റിഹേഴ്സൽ ക്യാംപിൽ നിന്നാണ് നാടകം പൂർണ രൂപത്തിലെത്തുന്നത്.
സാരഥിയും കർട്ടൻ കെട്ടുന്നവരും ടെക്നിഷ്യൻമാരും ഉൾപ്പെടെ പത്തോ പന്ത്രണ്ടോ പേർ ഉൾപ്പെടുന്ന സംഘത്തിന്റെ ഒരുമയാണത്. ഒരു വർഷം ഒരുമിച്ചാണ് അവരുടെ യാത്ര.
വിവിധ സ്ഥലങ്ങളിൽ, അനേകം ഉത്സവപ്പറമ്പുകൾ. കയ്യടികൾ, തിരശീല വീഴുമ്പോൾ സ്റ്റേജിന് പിന്നിലെത്തി അഭിനന്ദിക്കുന്നവർ… എത്രയോ അനുഭവങ്ങൾ.
ഒട്ടേറെ പരിമിതികളിൽ നിന്നാണ് ഓരോ വേദിയും അവർ ജീവസ്സുറ്റതാക്കുന്നത്.
വലിച്ചുകെട്ടിയ തുണിമറയാണ് പലയിടത്തും ഗ്രീൻ റൂം. അവിടെയിരുന്നു കഥാപാത്രത്തിനായി വേഷമിടും.
അതിനു മുൻപുതന്നെ അവരുടെ മനസ്സിൽ കഥാപാത്രം ഇരിപ്പുറപ്പിച്ചിരിക്കും. കഥാപാത്രത്തിന്റെ വേദനയും സങ്കടവും സന്തോഷവും അവരുടേതായി മാറും.
മനസ്സു വിങ്ങുന്ന വികാരമാണ് വേദിയിൽ കഥാപാത്രമായി നിറയുന്നത്.
സീസണിന്റെ തുടക്കത്തിൽ, നാടകമേളകളിലും മറ്റും പ്രതിഫലം എന്നു പറയാൻ പോലും കഴിയാത്ത വിധം തുച്ഛമായ വേതനത്തിനാകും അവതരണം. ‘ബാറ്റാക്കളി’ എന്നാണ് ഇതിന് പേര്.
ഉത്സവ സീസൺ ആകുമ്പോഴാണു യഥാർഥ പ്രതിഫലം കിട്ടിത്തുടങ്ങുക. അതു വേണ്ടത്ര മേനി പറയാനില്ല.
ചലച്ചിത്ര– സീരിയൽ താരങ്ങൾക്ക് ലഭിക്കുന്ന പേരും പെരുമയും ലഭിക്കുന്നുമില്ല. പലയിടത്തും കൃത്യമായി ഭക്ഷണമോ വെള്ളമോ കിട്ടാറില്ല. കിട്ടിയാൽ ഭാഗ്യം, അത്രമാത്രം.
ഉറക്കം മിക്കപ്പോഴും നാടകവണ്ടിയിൽ. അല്ലെങ്കിൽ ലോഡ്ജിന്റെ പരിമിതമായ സൗകര്യങ്ങളിൽ.
കൊല്ലം നാടകങ്ങളുടെ ഈറ്റില്ലമായിരുന്നു.
താലൂക്ക് ഓഫിസ് ജംക്ഷനിലെ അൻസാർ ലോഡ്ജ് അതിന്റെ കേന്ദ്രവും. കേരളത്തിലെ എല്ലാ സമിതികളും അവിടെയുണ്ടാകുമായിരുന്നു.
അൻസർ ലോഡ്ജ് ഇല്ലാതായി. കാലക്രമേണ സമിതികൾ കുറഞ്ഞു.ഇഷ്ടം കൊണ്ടു നാടകത്തിൽ നിൽക്കുന്നവർ ഇപ്പോഴും ഏറെയുണ്ട്.
പരിമിതികളിൽ പരാതിയില്ല. മൈക്കും സ്റ്റേജും ഉണ്ടെങ്കിൽ അവർ നാടകം കളിക്കും.
കാരണം അത്രമേൽ നാടകം അവരുടെ ജീവിതമാണ്.
അതു കണ്ടു രസിക്കാൻ കഴിയുന്നതല്ല. പല സമിതികളും തിരിച്ചു വരവിന്റെ പാതയിലാണ്.
ഗംഭീരമായ നാടകങ്ങൾ വരുന്നു, പ്രതിഭാധനരായ എഴുത്തുകാരും സംവിധായകരും അഭിനേതാക്കളും വരുന്നു. നിലത്തിരുന്നു നാടകം കണ്ടിരുന്ന കാണികൾക്ക് ഇപ്പോൾ സംഘാടകർ കസേരയിട്ടു കൊടുക്കുന്നിടത്തേക്ക് ഉത്സവപ്പറമ്പുകൾ മാറി.
ചെറുപ്പക്കാർ അടക്കം നാടകം കാണാൻ തടിച്ചു കൂടുന്നു. അങ്ങനെ വീണ്ടും നാടകം കരുത്തോടെ വേദിയിൽ നിറയുന്നു.
“ഓരോ കഥാപാത്രത്തിന്റെയും വേദനയും വിഷമവും എല്ലാം അനുഭവിച്ചുകൊണ്ടാണ് അഭിനയിക്കുന്നത്.
നാടകം അവസാനിച്ചാലും ആ കഥാപാത്രം മനസ്സിൽ നിൽക്കും. മൈക്കും സ്റ്റേജും ഉണ്ടെങ്കിൽ നാടകം കളിക്കും.
ഉത്തര കേരളത്തിൽ നാടക പ്രവർത്തകർക്ക് വലിയ വരവേൽപാണ് ലഭിക്കുന്നത്.”
മഞ്ജു റെജി (മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം 3 തവണ ലഭിച്ച നടി)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

