
കടയ്ക്കൽ∙ സിപിഎം കോൺഗ്രസ് സംഘർഷത്തിൽ യുദ്ധക്കളമായി കടയ്ക്കൽ. 2 ദിവസം മുൻപ് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കെഎസ്യു എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു.
പിന്നീട് ആറ്റുപുറത്ത് സിനിമാ തിയറ്ററിൽ എത്തിയ കെഎസ്യു വിദ്യാർഥികളെ സിപിഎം ഡിവൈഎഫ്ഐ സംഘം ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ യോഗത്തിലേക്ക് സിപിഎം ആക്രമണം അഴിച്ചുവിട്ടത് കൂടുതൽ പ്രശ്നങ്ങൾക്ക് വഴിവച്ചു. തുടർന്ന് ഇരുവിഭാഗവും ഏറ്റുമുട്ടി.
ഇതിനിടയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റതോടെ സംഘർഷം രൂക്ഷമായി. പൊലീസിന് ഒന്നും ചെയ്യാനായില്ല.
പ്രവർത്തകരെ പിരിച്ചു വിടാൻ പൊലീസ് പിന്നീട് ലാത്തി ചാർജ് നടത്തി.
കോൺഗ്രസ് യോഗം തുടങ്ങിയത് മുതൽ മറുവശത്ത് കൂടി നിന്ന സിപിഎം പ്രവർത്തകർ കൂകി വിളിച്ചു. പൊലീസ് കോൺഗ്രസ് പ്രവർത്തകർക്ക് വലയമായി മുന്നിൽ നിന്നെങ്കിലും യോഗത്തിലേക്ക് സിപിഎം പ്രവർത്തകർ തള്ളിക്കയറുകയായിരുന്നു.
ഡിസിസി ജനറൽ സെക്രട്ടറി ജി.മോഹനൻ പ്രസംഗിക്കവേ മൈക്ക് തട്ടിയെടുത്ത് കയ്യേറ്റം ചെയ്തു. പ്രവർത്തകർ ബസ് സ്റ്റാൻഡിൽ ചിതറി ഓടി.
ബസുകളിൽ ഓടിക്കയറിയ കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചു. തുടക്കത്തിൽ തടിച്ചു കൂടിയ സിപിഎം പ്രവർത്തകരെ അവിടെ നിന്നു മാറ്റാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.
യോഗം കോൺഗ്രസ് നേതാവ് ബി.ആർ.എം.ഷഫീർ ആണ് ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചിരുന്നത്.
എന്നാൽ സംഘർഷാവസ്ഥ കണക്കിലെടുത്ത് ഷഫീർ എത്തിയില്ല. സംഘർഷാവസ്ഥ ഉണ്ടാകുമെന്നു മുൻകൂട്ടി അറിഞ്ഞിട്ടും പൊലീസ് കാര്യമായി പ്രവർത്തിച്ചില്ലെന്നു ആരോപണമുണ്ട്.
ജംക്ഷനിൽ ബേക്കറി നടത്തുന്ന അൻസർ അഹമ്മദിന് നേരത്തെ സിപിഎം ഭീഷണി ഉണ്ടായിരുന്നു. സംഘർഷത്തിനിടയിൽ സിപിഎം പ്രവർത്തകർ ബേക്കറിക്ക് നേരെ ആക്രമണം നടത്തി.
ബേക്കറിയിൽ കയറി ഷട്ടർ ഇട്ട് അൻസർ അഹമ്മദ് രക്ഷപ്പെട്ടു. ബേക്കറിക്ക് മുന്നിലെ ഗ്ലാസ് അടിച്ചു തകർത്തു.
പിന്നീടാണ് കോൺഗ്രസ് ഓഫിസിൽ സിപിഎം സംഘം എത്തിയത്. ഓഫിസിനകത്ത് കസേരയും ജനൽ ഗ്ലാസും അടിച്ചു തകർത്തു.
പൊലീസ് കാഴ്ചക്കാരായി
സംഘർഷം നടക്കുമ്പോഴും പൊലീസിന് കാര്യമായി ഒന്നും ചെയ്യാനായില്ല.
ചടയമംഗലം, ചിതറ, കടയ്ക്കൽ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പൊലീസ് ഉണ്ടായിരുന്നു. പക്ഷേ സംഘർഷാവസ്ഥ ഒഴിവാക്കാനായില്ല.
കഴിഞ്ഞ ദിവസം തന്നെ പൊലീസ് ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. കൂടുതൽ പൊലീസിനെ വിന്യസിച്ചില്ല.
മാധ്യമ പ്രവർത്തകന് നേരെ കയ്യേറ്റ ശ്രമം
ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രാദേശിക ലേഖകൻ ചിതറ ഷാനവാസിനെ കയ്യേറ്റം ചെയ്യാൻ ശ്രമം ഉണ്ടായി.
സംഘർഷാവസ്ഥ മൊബൈൽ ഫോണിൽ പകർത്തുമ്പോഴായിരുന്നു ആക്രമണം. സംഘർഷ സ്ഥലത്ത് ഷാനവാസിന്റെ മൊബൈൽ തട്ടിയെടുക്കാനും ശ്രമം നടന്നു.
‘ഒരു പ്രകോപനവും ഇല്ലാതെ ആണ് സിപിഎം ആക്രമിച്ചത്’: എം.എം.നസീർ
കടയ്ക്കൽ∙ ഒരു പ്രകോപനവും ഇല്ലാതെ ആണ് സിപിഎം ആക്രമിച്ചതെന്നു കെപിസിസി ജനറൽ സെക്രട്ടറി എം.എം.നസീർ.
പ്രകടനവും യോഗവും സമാധാനപരമായി നടക്കവേ സിപിഎം ആക്രമിക്കുകയായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ ഒട്ടേറെ പ്രവർത്തകർക്കാണ് മർദനമേറ്റത്.
‘സിപിഎമ്മിന്റെ ജനാധിപത്യ വിരുദ്ധ നിലപാട് പ്രതിഷേധാർഹം’
കൊല്ലം ∙ കടയ്ക്കലിനെ കണ്ണൂരാക്കാൻ അക്രമ രാഷ്ട്രീയം അഴിച്ചു വിടുന്ന സിപിഎമ്മിന്റെ ജനാധിപത്യ വിരുദ്ധ നിലപാട് പ്രതിഷേധാർഹമാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി.
ജനാധിപത്യപരമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിനെ പ്രതിരോധിക്കുന്ന ഫാഷിസ്റ്റ് നയമാണു സിപിഎം കടയ്ക്കൽ നടത്തുന്നത്. പൊലീസിന്റെ സാന്നിധ്യത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച പൊതുയോഗത്തിൽ നേതാക്കൾ പ്രസംഗിക്കുന്നതിനു തുടക്കം മുതൽ തടസ്സം നിന്ന സിപിഎം പ്രവർത്തകർ സ്റ്റേജിൽ അതിക്രമിച്ചു കയറി പ്രസംഗിക്കുന്ന നേതാക്കൾക്കു നേരെ പ്രകോപനം കൂടാതെ ആക്രമണം അഴിച്ചു വിടുകയായിരുന്നു.
മടത്തറ എസ്എൻ ഹൈസ്കൂളിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കെഎസ്യു വിജയിച്ചതിനെ തുടർന്നാണു സിപിഎം ആക്രമണം ആരംഭിച്ചത്. വിജയാഹ്ലാദം നടത്തിയ കെഎസ്യു പ്രവർത്തകരുടെ പ്രകടനത്തെ സിപിഎം സംഘം ചേർന്നു തടഞ്ഞു.
ആക്രമണത്തിനായി തയാറെടുത്തു വന്ന സിപിഎമ്മിന്റെ ലക്ഷ്യം മനസ്സിലാക്കിയ കെഎസ്യു പ്രവർത്തകർ സംഘർഷം ഒഴിവാക്കി പിൻവാങ്ങുകയായിരുന്നു.
ചില കെഎസ്യു നേതാക്കളും പ്രവർത്തകരും ഫസ്റ്റ് ഷോ സിനിമ കഴിഞ്ഞ കടയ്ക്കൽ തിയറ്ററിൽ നിന്നു പുറത്തിറങ്ങിയ സമയം സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾ കെഎസ്യു പ്രവർത്തകരെ തട്ടിക്കൊണ്ടുപോയി ഗുരുതരമായി പരുക്കേൽപ്പിച്ചു. കെഎസ്യു പ്രവർത്തകർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
അക്രമികളായ സിപിഎം, ഡിവൈഎഫ്ഐ നേതാക്കളുടെയും പ്രവർത്തകരുടെയും പേരിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു പരാതി നൽകിയെങ്കിലും പൊലീസ് കേസെടുക്കുകയോ അക്രമികളെ അറസ്റ്റ് ചെയ്യുകയോ ചെയ്തില്ല. പൊലീസ് അക്രമികൾക്കു സഹായകരമായ നിലപാടാണു സ്വീകരിച്ചതെന്നും എംപി പറഞ്ഞു.
കുറ്റവാളികളായ സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ നിയമനടപടി സ്വീകരിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]