
കൊല്ലം ∙ ഒരു ജംക്ഷൻ കടക്കാൻ 15 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ. ഏറെ തിരക്കുള്ള സമയമാണെങ്കിൽ അതിലും കൂടുതൽ.
പൊട്ടിപ്പൊളിഞ്ഞ റോഡും കുഴികളും ദേശീയപാത നിർമാണവും മറ്റു പ്രവൃത്തിയുമെല്ലാം ചേർന്നു താറുമാറാക്കിയിരിക്കുകയാണ് കഴിഞ്ഞ കുറച്ചു നാളുകളായി കല്ലുംതാഴം ജംക്ഷനെ. ഓണം അടുക്കുന്നതോടെ തിരക്ക് ഇനിയും വർധിക്കും. അതോടെ പ്രതിസന്ധി രൂക്ഷമാകും.
മനസ്സു വച്ചാൽ അധികൃതർക്ക് ഇവിടുത്തെ തിരക്ക് കുറയ്ക്കാൻ കഴിയും. അടിയന്തര നടപടി സ്വീകരിച്ചു ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നാണ് ആവശ്യം.
പൊട്ടിപ്പൊളിഞ്ഞ റോഡ്
ദേശീയപാതയുടെ നിർമാണം നടക്കുന്ന ഭാഗത്തു മാത്രമല്ല, കൊല്ലം– തേനി ദേശീയപാതയുടെ ഭാഗമായ റോഡുമെല്ലാം പൊളിഞ്ഞു കിടക്കുകയാണ്.
ജംക്ഷനിൽ നിന്ന് കൊല്ലത്തേക്ക് തിരിയുന്ന ഇടതുഭാഗത്ത് വലിയൊരു കുഴി രൂപപ്പെട്ടിട്ടുണ്ട്. രാത്രിയിലും മറ്റും പരിചയമില്ലാത്തവർ ഈ റോഡിലൂടെ പോകുമ്പോൾ അപകടം പതിവാണ്. മഴ പെയ്താൽ കാര്യങ്ങൾ കൂടുതൽ വഷളാകും.
ദിവസവും മൂന്നും നാലും അപകടങ്ങൾ ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീണ് ഉണ്ടാകാറുണ്ടെന്ന് സമീപത്തെ ഓട്ടോ തൊഴിലാളികൾ പറയുന്നു. കൊട്ടാരക്കര ഭാഗത്തു നിന്നുള്ളവർ കൊല്ലത്തേക്കു വരാനായി ജംക്ഷനിൽ യു ടേൺ എടുക്കുന്ന ഭാഗത്തെ സ്ഥിതിയും വളരെ മോശമാണ്.
പൊട്ടിപ്പൊളിഞ്ഞു, ചരൽ നിറഞ്ഞു ചരിഞ്ഞു കിടക്കുന്ന ഭാഗവും അപകടങ്ങൾ വിളിച്ചു വരുത്തുന്നതാണ്. ചരലുകൾ നിറഞ്ഞ കുഴികളുള്ള കല്ലുംതാഴത്തെ എല്ലാ ഭാഗത്തും വാഹനങ്ങളെല്ലാം പതിയെ മാത്രമാണ് പോകുന്നത്. സ്പീഡ് കുറച്ചു വർധിപ്പിച്ചാൽ കുഴിയിൽ വീണ് നിയന്ത്രണം നഷ്ടപ്പെടും.
അറ്റകുറ്റപ്പണി ചെയ്തു കുഴികളടച്ചാൽ ഗതാഗതക്കുരുക്ക് പകുതി കുറയും.
ഓട നിർമാണം
ദേശീയപാത നിർമാണ പ്രവൃത്തികളുടെ ഭാഗമായി കഴിഞ്ഞ 3 ദിവസങ്ങളായി കല്ലുംതാഴം ജംക്ഷനിൽ ഓട
നിർമാണം നടന്നിരുന്നു. ഈ ദിവസങ്ങളിൽ ഗുരുതരമായ ഗതാഗത സ്തംഭനമാണ് അനുഭവപ്പെട്ടിരുന്നത്. ഓട
നിർമാണത്തിന്റെ ഭാഗമായി വാഹനങ്ങൾക്കു കടന്നുപോകാനുള്ള സ്ഥലം കുറഞ്ഞതോടെയാണ് കുരുക്ക് രൂക്ഷമായത്. എന്നാൽ മണിക്കൂറുകൾ കൊണ്ടു പൂർത്തീകരിക്കാൻ സാധിക്കുന്ന പ്രവൃത്തി 3 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയതെന്നാണ് പരാതി.
വെളിച്ചമില്ല
നഗരത്തിലേക്കുള്ള പ്രധാന ജംക്ഷനുകളിലൊന്നാണെങ്കിലും രാത്രി വെളിച്ചമില്ലാത്തതിനാൽ കല്ലുംതാഴത്ത് കുഴികൾ വ്യക്തമായി കാണാനും സാധിക്കാത്തത് അപകടം സൃഷ്ടിക്കുന്നുണ്ട്.
തെരുവുവിളക്ക് സ്ഥാപിക്കണമെന്ന ആവശ്യത്തോട് അധികൃതർ മുഖം തിരിച്ചു നിൽപ്പാണ്. രാത്രി 8 കഴിയുന്നതോടെ സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യവും കുറയും.
വേണം അടിയന്തര നടപടികൾ
പാതയിലെ തകരാർ കാരണം ഇതുവഴിയുള്ള യാത്ര വാഹനങ്ങൾക്കു വലിയ തകരാറാണ് വരുത്തുന്നത്. റോഡിലെ കുഴികളടയ്ക്കുകയും അറ്റകുറ്റപ്പണി നടത്തി പൊളിഞ്ഞ ഭാഗങ്ങൾ ശരിയാക്കുകയും നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കുകയും തെരുവുവിളക്കുകൾ സ്ഥാപിക്കുകയും ചെയ്താൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]