
ഭരണിക്കാവ് ജംക്ഷൻ ഗതാഗതക്കുരുക്കഴിക്കൽ; നിർദേശങ്ങൾ അട്ടിമറിച്ചതായി ആക്ഷേപം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ശാസ്താംകോട്ട ∙തിരക്കേറിയ ഭരണിക്കാവ് ജംക്ഷനിലെ ഗതാഗതക്കുരുക്കഴിക്കാൻ ലക്ഷ്യമിട്ടുള്ള ഉന്നതതല യോഗത്തിലെ നിർദേശങ്ങൾ അട്ടിമറിച്ചതായി ആക്ഷേപം. കെഎസ്ആർടിസി, സ്വകാര്യ ബസുകളുടെ സ്റ്റോപ്പുകൾ ബസ് സ്റ്റാൻഡിലേക്ക് മാറ്റുന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങൾ രാഷ്ട്രീയ–ഭരണതലത്തിലെ ഇടപെടലിനെ തുടർന്നു ഒഴിവാക്കിയെന്നാണ് പരാതി. കുന്നത്തൂർ താലൂക്ക് വികസനസമിതിയുടെ നിർദേശപ്രകാരമാണ് ഭരണിക്കാവിലെ ഗതാഗത പരിഷ്കരണത്തിനും ട്രാഫിക് സിഗ്നലിലെ അപാകതകൾ പരിഹരിക്കാനും ലക്ഷ്യമിട്ട് കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ അധ്യക്ഷതയിൽ സർക്കാർ വകുപ്പുകളും ജനപ്രതിനിധികളും ചേർന്നു ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ യോഗം ചേർന്നത്.
കൊല്ലം–തേനി, ഭരണിക്കാവ്– വണ്ടിപ്പെരിയാർ ദേശീയപാതകൾ ഉൾപ്പെടെ നാലു പ്രധാന പാതകൾ സംഗമിക്കുന്ന ജംക്ഷനിലെ ഗതാഗത നിയന്ത്രണം സംബന്ധിച്ചുള്ള പരാതികളിലാണു സമിതിയുടെ ഇടപെടൽ ഉണ്ടായത്. നവീകരണം പൂർത്തിയാക്കിയ ബസ് സ്റ്റാൻഡിലേക്ക് 15 മുതൽ കെഎസ്ആർടിസി– സ്വകാര്യ ബസുകളുടെ സ്റ്റോപ്പുകൾ മാറ്റുക, ഗതാഗത വകുപ്പും പൊലീസും ചേർന്നുള്ള പരിശോധനയ്ക്ക് ശേഷം ജംക്ഷനിൽ പാർക്കിങ്– നോ പാർക്കിങ് ബോർഡുകൾ സ്ഥാപിക്കുക, ഓരോ റോഡിൽ നിന്നും ഇടതു വശത്തേക്ക് വാഹനങ്ങൾ കടന്നുപോകുന്നതിനു തടസ്സമായ പാർക്കിങ് ഒഴിവാക്കുക, റോഡിലേക്കുള്ള കടകളുടെ അനധികൃതമായ ഇറക്കുകൾ അടിയന്തരമായി നീക്കം ചെയ്യുക എന്നിവയായിരുന്നു തീരുമാനങ്ങൾ.
എന്നാൽ ഇതിലൊന്നു പോലും നടപ്പാക്കാൻ കഴിഞ്ഞില്ല. ബസുകളുടെ സ്റ്റോപ് പരിഷ്കരണം സംബന്ധമായ ഒരു അറിയിപ്പും ബസ് ഉടമകൾക്കും നൽകിയിട്ടില്ല. ശാസ്ത്രീയമായ തരത്തിൽ ബസ് ബേ ഉറപ്പാക്കാത്തതിനാൽ റോഡുകളിലാണ് ബസുകൾ നിർത്തുന്നത്. കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ മഴയും വെയിലുമേറ്റാണ് യാത്രക്കാർ നിൽക്കുന്നത്. സ്റ്റോപ്പുകൾ ജംക്ഷനിൽ നിന്നും നീട്ടിയതോടെ ബസുകൾ മാറിക്കയറാൻ ഇപ്പോൾ അര കിലോമീറ്റർ ദൂരം നടക്കണം. അനധികൃത പാർക്കിങ് ഒഴിവാക്കാനും നടപടിയില്ല.